അർഹതപ്പെട്ടവർക്ക് മാത്രമേ ഇത് കിട്ടൂ; മാസം വെറും 67 രൂപ മാത്രം ചെലവുള്ള BSNL പ്ലാൻ
ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ സർക്കാർ ഉടമസ്ഥതയിൽ നിന്നുള്ള ഏക ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ (ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്) വ്യത്യസ്തങ്ങളായ നിരവധി പ്രീപെയ്ഡ് പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്. മറ്റ് കമ്പനികളെപ്പോലെ ബിഎസ്എൻഎല്ലും ഇടയ്ക്കിടയ്ക്ക് പുതിയ പ്ലാനുകൾ അവതരിപ്പിക്കുകയും ചില പ്ലാനുകൾ പരിഷ്കരിക്കുകയും ചിലത് ഒഴിവാക്കുകയും ചെയ്യും.
ഒരിക്കൽ അവതരിപ്പിക്കപ്പെട്ട ശേഷം കൊല്ലങ്ങളെത്ര കഴിഞ്ഞാലും അതേപടി തുടരുന്ന ചില പ്ലാനുകളും ഉണ്ട്. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് പരിശോധിച്ചാൽ ബിഎസ്എൻഎൽ ലഭ്യമാക്കിയിട്ടുള്ള റീച്ചാർജ് ഓപ്ഷനുകളുടെ വിശദമായ ലിസ്റ്റിങ് കാണാൻ സാധിക്കും. അതിൽ ഉപയോക്താക്കളെ അമ്പരപ്പിക്കുന്ന പല പ്ലാനുകളുമുണ്ട്. അതിൽ ശ്രദ്ധേയമായൊരു പ്ലാൻ 201 രൂപയുടേതാണ്.

ബിഎസ്എൻഎൽ റീച്ചാർജ് പ്ലാനുകളുടെ പട്ടിക പരിശോധിക്കുന്നവർ 201 രൂപയുടെ പ്ലാൻ കാണുമ്പോൾ ഒന്ന് അമ്പരക്കും. കാരണം വെറും 201 രൂപയുടെ ഈ പ്ലാൻ 90 ദിവസ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നുണ്ട്. ബിഎസ്എൻഎൽ പ്ലാനുകൾ കുറഞ്ഞ നിരക്കിൽ വാലിഡിറ്റിയും മറ്റ് ആനുകൂല്യങ്ങളും നൽകുന്നത് ഒരു പുതിയ സംഭവമല്ല.
എങ്കിലും വെറും 201 രൂപയ്ക്ക് മൂന്ന് മാസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ ലഭ്യമാകും എന്ന് കണ്ടാൽ ആരായാലും നോക്കുകയും അതിശയപ്പെടുകയും ചെയ്യും. കാരണം മറ്റ് കമ്പനികളുടെ പ്ലാനുകളിൽ, 30 ദിവസം തികച്ചും വാലിഡിറ്റിയുള്ള പ്ലാൻ ലഭിക്കണമെങ്കിൽ ഇതിനെക്കാൾ ഉയർന്ന തുക നൽകേണ്ടതുണ്ട്. ആ നിലയ്ക്ക്, എങ്ങനെയാണ് ബിഎസ്എൻഎൽ 201 രൂപയ്ക്ക് മൂന്ന് മാസ വാലിഡിറ്റി നൽകുന്നത്?.

ഈ ഒരു സംശയമാണ് ഈ പ്ലാൻ കാണുന്നവർക്ക് ആദ്യം തോന്നുക. അത് മനസിലാക്കാൻ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങളെക്കുറിച്ച് ആദ്യം അറിയേണ്ടതുണ്ട്. 201 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: 300 മിനിറ്റ് സൗജന്യ വോയിസ് കോളുകൾ, 6ജിബി ഡാറ്റ, 99 എസ്എംഎസ് എന്നിവ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.
90 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്ന ഈ പ്ലാനിന്റെ ചെലവ് പരിഗണിച്ചാൽ ഒരു മാസം ആകെ 67 രൂപ മാത്രമാണ് ചെലവ് വരുന്നത് എന്ന് കാണാനാകും. ഈ തുകയ്ക്ക് ഒരാഴ്ചത്തേക്കുള്ള ഡാറ്റ പോലും കിട്ടില്ല, അപ്പോഴാണ് ഇത്രയും ആനുകൂല്യങ്ങൾ ഈ ഒരു ചെറിയ നിരക്കിന്റെ പ്ലാനിൽ ലഭ്യമായിരിക്കുന്നത് എന്ന് ചിന്തിക്കണം.
ഇത്രയും മികച്ച ഒരു പ്ലാൻ ഉണ്ടായിട്ടും എന്തുകൊണ്ട് തങ്ങൾ ഇത് അറിഞ്ഞില്ല എന്ന് ചില ബിഎസ്എൻഎൽ വരിക്കാർ ചിന്തിച്ചേക്കാം. എന്നാൽ അതിൽ അദ്ഭുതപ്പെടാനൊന്നുമില്ല. കാരണം ഈ ബിഎസ്എൻഎൽ പ്ലാൻ എല്ലാവർക്കും ലഭ്യമാകുന്ന ഒരു സാധാരണ റീച്ചാർജ് പ്ലാൻ അല്ല, അൽപ്പം സ്പെഷൽ പ്ലാനാണ്.

അതായത്, കാലാവധി അവസാനിച്ച് ഗ്രേസ് പിരീഡ് 2 (ജിപി 2) പിന്നിട്ടവർക്കുള്ള പ്ലാനാണിത്. ബിഎസ്എൻഎൽ ഉപേക്ഷിക്കാൻ തയാറായി നിൽക്കുന്നവരെ പിടിച്ചു നിർത്താനും പ്രലോഭിപ്പിക്കാനും ശേഷിയുള്ള ഒരു പ്രത്യേക പ്ലാൻ ആണ് 201 രൂപയുടെ പ്ലാൻ എന്ന് പറയാം. സാധാരണ റീച്ചാർജ് പ്ലാൻ ചെയ്തുവരുന്ന ഒരാൾക്ക് പ്ലാൻ തീരുമ്പോൾ റീച്ചാർജ് ചെയ്യുന്നതുപോലെ ഈ പ്ലാൻ ഉപയോഗിക്കാനാകില്ല.
ബിഎസ്എൻഎൽ ഉപേക്ഷിക്കാനും മറ്റും തയാറെടുത്തും അല്ലാതെയും റീച്ചാർജ് ചെയ്യാതെ വാലിഡിറ്റി കാലയളവ് പിന്നിട്ട് അന്തിമ ഘട്ടത്തിൽ എത്തി നിൽക്കുന്ന ഉപയോക്താക്കൾക്ക് അവസാനം ഒരു മനംമാറ്റം ഉണ്ടായാൽ ഈ പ്ലാൻ ഉപയോഗിക്കാൻ സാധിക്കും. വാലിഡിറ്റികളിലുള്ള മറ്റ് പ്ലാനുകൾ ഉപയോഗിക്കുന്നവർക്ക് ഈപ്ലാൻ ഉപയോഗിക്കാനാകുകയില്ല. ബിഎസ്എൻഎൽ ആപ്പ് പരിശോധിച്ചാൽ നിങ്ങൾക്ക് ഈ പ്ലാൻ ലഭ്യമാകുമോ എന്ന് അറിയാനാകും.


Click it and Unblock the Notifications








