ഇങ്ങനെയൊക്കെ ചെയ്യാമോ, ബാക്കിയുള്ളവർ കട പൂട്ടേണ്ടിവരുമല്ലോ! എതിരാളികൾ ഭയക്കുന്ന ബിഎസ്എൻഎൽ പ്ലാൻ
ബിഎസ്എൻഎല്ലിനെ (BSNL) എതിരാളികൾ ഭയക്കുന്നു എന്ന് പറഞ്ഞാൽ കുറച്ചു നാൾ മുൻപ് വരെ അതൊരു തമാശയായി മാത്രം കേട്ടാൽ മതിയായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. ബിഎസ്എൻഎല്ലിന്റെ ഓരോ പ്രീപെയ്ഡ് പ്ലാനുകളും എതിരാളികൾക്ക് വൻ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇന്ത്യയിൽ ആകെ നാല് ടെലിക്കോം കമ്പനികളാണ് ഉള്ളത്. അതിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഏക ടെലിക്കോം കമ്പനി ബിഎസ്എൻഎൽ ആണ്. ഏറ്റവുമധികം വരിക്കാരുമായി ഒന്നാം സ്ഥാനത്തുള്ള റിലയൻസ് ജിയോ, രണ്ടാം സ്ഥാനത്തുള്ള എയർടെൽ, മൂന്നാം സ്ഥാനത്തുള്ള വൊഡാഫോൺ ഐഡിയ (വിഐ) എന്നിവയാണ് മറ്റ് മൂന്ന് കമ്പനികൾ.
ഈ സ്വകാര്യ കമ്പനികൾ ജൂലൈയിൽ നിരക്ക് വർധന നടപ്പിലാക്കി. അതോടെ സ്വകാര്യ കമ്പനികളുടെ സാധാരണക്കാരായ വരിക്കാർക്ക് മൊബൈൽ റീച്ചാർജ് ചെലവേറിയ കാര്യമായി മാറി. എന്നാൽ ഈ ഘട്ടത്തിൽ ഇവർക്കൊപ്പം ചേർന്ന് നിരക്കുകൾ വർധിപ്പിക്കാൻ ബിഎസ്എൻഎൽ തയാറായില്ല. ഇപ്പോഴും മുൻപ് നൽകിയിരുന്നതുപോലെ തന്നെ കുറഞ്ഞ നിരക്കിൽ മികച്ച ബിഎസ്എൻഎൽ പ്ലാനുകൾ ബിഎസ്എൻഎൽ നൽകിവരുന്നു.

തങ്ങൾ കൂടിയ വിലയ്ക്ക് നൽകുന്ന സേവനങ്ങൾ വളരെ തുച്ഛമായ വിലയ്ക്ക് നൽകുന്ന ബിഎസ്എൻഎല്ലിന്റെ നടപടി സ്വകാര്യ ടെലിക്കോം കമ്പനികൾക്ക് നാൾക്കുനാൾ ഭീഷണിയായിക്കൊണ്ടിരിക്കുന്നു. നിരക്ക് വർധന നടപ്പായതിന് പിന്നാലെ നിരവധി പേർ തങ്ങളുടെ നിലവിലെ കണക്ഷൻ ഉപേക്ഷിച്ച് ബിഎസ്എൻഎല്ലിലേക്ക് എത്തിയത് ഇതിന്റെ തെളിവാണ്.
ബിഎസ്എൻഎൽ ഏറെക്കാലമായി നൽകിക്കൊണ്ടിരുന്ന പ്ലാനുകൾ തന്നെയാണ് ഇപ്പോഴും അതേ വിലയ്ക്ക് നൽകുന്നത്. എന്നാൽ ഈ പ്ലാനുകളോട് പിടിച്ചു നിൽക്കാൻ സ്വകാര്യ ടെലിക്കോം കമ്പനികൾ വരും ദിവസങ്ങളിൽ കൂടുതൽ പാടുപെടേണ്ടിവരും. കാരണം ഡാറ്റ വേഗതക്കുറവ് ആയിരുന്നു ബിഎസ്എൻഎല്ലിന്റെ പോരായ്മ. അതിവേഗം 4ജി വ്യാപനം നടത്താൻ ബിഎസ്എൻഎൽ നടപടികൾ സ്വീകരിക്കുന്നുണ്ട്.

അതിനാൽ അധികം വൈകാതെ കൂടുതൽ പേർക്ക് മികച്ച വേഗതയോടെ ബിഎസ്എൻഎൽ ഡാറ്റ സേവനങ്ങൾ ലഭ്യമാകും. 4ജി എത്തിയാലും നിരക്ക് വർധിപ്പിക്കില്ല എന്ന് ബിഎസ്എൻഎൽ അധികൃതർ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. അതിനാൽ കുറഞ്ഞ ചെലവിൽ മികച്ച ടെലിക്കോം സേവനങ്ങൾ നൽകാൻ ബിഎസ്എൻഎല്ലിന് കഴിയും. ഇത് മറ്റ് ടെലിക്കോം കമ്പനികൾക്ക് ക്ഷീണമാണ്.
ഇപ്പോൾ തന്നെ ആളുകൾ കൂട്ടത്തോടെ ബിഎസ്എൻഎല്ലിലേക്ക് എത്തുന്നുണ്ട്. ഈ അവസരം മുതലെടുത്ത് ബിഎസ്എൻഎല്ലും തങ്ങളുടെ നിലവിലുള്ള റീച്ചാർജ് പ്ലാനുകളെ പരമാവധി ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമം നടത്തിവരുന്നു. അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ബിഎസ്എൻഎൽ തങ്ങളുടെ ട്വിറ്റർ (ഇപ്പോൾ എക്സ്) അക്കൗണ്ടിലൂടെ പ്രതിദിനം 3ജിബി ഡാറ്റ 84 ദിവസ വാലിഡിറ്റിയിൽ ലഭിക്കുന്ന 599 രൂപ പ്ലാൻ പരിയചപ്പെടുത്തുകയുണ്ടായി.
ബിഎസ്എൻഎൽ ഏറെക്കാലമായി നൽകിവരുന്ന മികച്ച പ്ലാനുകളിലൊന്നാണ് 599 രൂപ പ്രീപെയ്ഡ് പ്ലാൻ. ബിഎസ്എൻഎല്ലിന്റെ ഏറ്റവും മികച്ച 5 പ്ലാനുകളുടെ പട്ടികയെടുത്താൽ അതിൽ ഈ പ്ലാനും ഉണ്ടാകും. മറ്റ് കമ്പനികൾ ഏതാണ്ട് ആയിരം രൂപയ്ക്കടുത്ത് ചെലവിൽ നൽകുന്ന ആനുകൂല്യങ്ങൾ വെറും 599 രൂപയുടെ ഈ പ്ലാനിൽ ബിഎസ്എൻഎൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

599 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 3ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, 84 ദിവസം വാലിഡിറ്റി എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. സിങ് മ്യൂസിക്, പിആർബിടി, അസ്ട്രോ സെൽ തുടങ്ങിയ അധിക ആനുകൂല്യങ്ങളും ഇതിലുണ്ട്.
599 രൂപയുടെ ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ് 7 രൂപ 13 പൈസയാണ്. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഉപയോഗിച്ച് റീച്ചാർജ് ചെയ്യുമ്പോൾ ഈ പ്ലാനിൽ 3ജിബി എക്സ്ട്രാ ഡാറ്റ സൗജന്യമായി ലഭ്യമാകും. കൂടാതെ 2 ശതമാനം ഡിസ്കൗണ്ടും കിട്ടും. അതായത്, 587 രൂപ നൽകിയാൽ മതി.


Click it and Unblock the Notifications