ദാ കിടക്കണ് ചട്ടീം കലോം തവിടുപൊടി; വിജയപാതയിൽ കുതിച്ച ബിഎസ്എൻഎല്ലിന് പുതിയ വെല്ലുവിളി
ഒരുകാലത്ത് ഇന്ത്യൻ ടെലിക്കോം മേഖലയിലെ രാജാവായിരുന്നു ബിഎസ്എൻഎൽ, എന്നാൽ എയർടെലും ഐഡിയയും വൊഡാഫോണും പിന്നീട് ജിയോയുമൊക്കെ അടിച്ചുകയറി വന്നതോടെ ബിഎസ്എൻഎൽ ഏറ്റവും പിന്നിലേക്ക് പോയി. ഇന്ന് ഇന്ത്യൻ ടെലിക്കോം കമ്പനികളിൽ ഏറ്റവുമധികം വരിക്കാരുമായി ഒന്നാമതുള്ളത് റിലയൻസ് ജിയോയാണ്. എയർടെൽ രണ്ടാമതും വൊഡാഫോൺ ഐഡിയ മൂന്നാമതും നിലകൊള്ളുന്നു, അതിനും പിന്നിലായി നാലാം സ്ഥാനമാണ് ബിഎസ്എൻഎല്ലിനുള്ളത്. എന്നാൽ, ഏറെക്കാലത്തിന് ശേഷം പ്രതാപകാലത്തേക്ക് ഒരു തിരിച്ചുപോക്കിന് ബിഎസ്എൻഎൽ സജ്ജമാകുന്നു എന്ന് തോന്നിപ്പിക്കുന്ന ചില സംഭവവികാസങ്ങൾ അടുത്തിടെ ഉണ്ടായി. ഈ മുന്നേറ്റത്തെ പിന്നോട്ടുവലിക്കുന്ന ഒരു പുതിയ പ്രശ്നം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ പ്രശ്നം.
സ്വകാര്യ ടെലിക്കേം കമ്പനികൾ അടുത്തിടെ റീച്ചാർജ് നിരക്കുകൾ വർധിപ്പിക്കുകയുണ്ടായി. എന്നാൽ ബിഎസ്എൻഎൽ പഴയപോലെ തന്നെ കുറഞ്ഞ നിരക്കിൽ ടെലിക്കോം ആനുകൂല്യങ്ങൾ നൽകുന്നത് തുടർന്നു. നിരക്ക് വർധനയിൽ അസംതൃപ്തരായ വലിയൊരു വിഭാഗം ആളുകൾ നിലവിലെ കണക്ഷൻ ഉപേക്ഷിച്ച് പുതിയതായി ബിഎസ്എൻഎൽ വരിക്കാരായി. മാത്രമല്ല, ടിസിഎസ് നേതൃത്വത്തിൽ ബിഎസ്എൻഎൽ ഇപ്പോൾ അതിവേഗം 4ജി വ്യാപനം നടത്തിവരികയാണ്.

ഇതിനകം 25000 -ൽ അധികം ടവറുകളിൽ ബിഎസ്എൻഎൽ 4ജി എത്തിച്ചു. അധികം വൈകാതെ 50000 ടവറുകളിൽ 4ജി എന്ന ലക്ഷ്യത്തിലേക്ക് ബിഎസ്എൻഎൽ എത്തുമെന്ന് കേന്ദ്ര ടെലിക്കോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇങ്ങനെ കാര്യങ്ങൾ ഒരു വിധത്തിൽ കരയ്ക്ക് അടുക്കുന്നതിനിടെയാണ് ബിഎസ്എൻഎൽ വരിക്കാരെ ആശങ്കയിലാഴ്ത്തുന്ന പുതിയ ഒരു റിപ്പോർട്ട് വന്നിരിക്കുന്നത്.
ബിഎസ്എൻഎല്ലിന്റെ യുവ ജീവനക്കാർ വളരെ വേഗത്തിൽ കമ്പനി വിടുന്ന എന്നതാണ് പുതിയ പ്രശ്നം. അടുത്തിടെയായി നിരവധി യുവ ജീവനക്കാർ ബിഎസ്എൻഎല്ലിലെ ജോലി ഉപേക്ഷിക്കുകയുണ്ടായി. ബിഎസ്എൻഎല്ലിന്റെ നെടും തൂണുകളായി പ്രവർത്തിച്ചിരുന്ന ആളുകളിൽ പലരും ജോലി ഉപേക്ഷിച്ചവരുടെ കൂട്ടത്തിലുണ്ട്. ചില പ്രധാന ജീവനക്കാർ ജോലി ഉപേക്ഷിക്കാനുള്ള തയാറെടുപ്പിലാണ് എന്നും റിപ്പോർട്ട് പറയുന്നു.

നിർണായക ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് സ്ഥിരീകരിച്ചുകൊണ്ട്, ഓൾ ഇന്ത്യ ഗ്രാജുവേറ്റ് എൻജിനീയേഴ്‌സ് ആൻഡ് ടെലികോം ഓഫീസേഴ്‌സ് അസോസിയേഷൻ (എഐജിഇടിഒഎ) ബിഎസ്എൻഎൽ സിഎംഡി: ജെ രവിക്ക് കത്തയച്ചതായി ടെലിക്കോം ടോക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നു. കമ്പനിയുടെ ഭാവി സുരക്ഷിതമാക്കാൻ യുവ എക്സിക്യൂട്ടീവുകളെ ബിഎസ്എൻഎല്ലിന് ആവശ്യമുണ്ടെന്നും നിലവിലെ സ്ഥിതി തുടർന്നാൽ ബിഎസ്എൻഎല്ലിൻ്റെ സ്ഥിരതയ്ക്കും വളർച്ചയ്ക്കും അത് ഭീഷണിയാകുമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ബിഎസ്എൻഎൽ എച്ച്ആർ പോളിസികളിലെ പ്രശ്‌നങ്ങളാണ് യുവ ജീവനക്കാർ ജോലി ഉപേക്ഷിക്കാനും അതുവഴി ബിഎസ്എൻഎൽ പ്രതിസന്ധിയിലാകാനും കാരണമെന്ന് ബിഎസ്എൻഎൽ സിഎംഡിക്ക് അയച്ച കത്തിൽ എഐജിഇടിഒഎ ജനറൽ സെക്രട്ടറി രവി ഷിൽ വർമ ചൂണ്ടിക്കാട്ടി. പോയവർ പലരും ബിഎസ്എൻഎല്ലിന്റെ പ്രവർത്തനങ്ങളുടെ തന്ത്രപ്രധാന ചുമതലകളുണ്ടായിരുന്ന നെടും തൂണുകളായിരുന്നു എന്നും കത്തിൽ പറയുന്നു.
ബിഎസ്എൻഎൽ ജോലി ഉപേക്ഷിച്ച യുവ ജീവനക്കാരിൽ വലിയൊരു വിഭാഗം ചേക്കേറിയത് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ (എഎഐ) ആണ് എന്ന കൗതുകകരമായ വിവരവും ഇതോടൊപ്പം പുറത്തുവന്നിട്ടുണ്ട്. ജീവനക്കാർ ജോലി ഉപേക്ഷിക്കുന്നതിന് പ്രധാനമായും അഞ്ച് കാര്യങ്ങളുണ്ടെന്ന് AIGETOA പറയുന്നു. തൊഴിൽ സാഹചര്യങ്ങൾ നല്ലതല്ല എന്നതാണ് അതിൽ ആദ്യത്തേത്.

വ്യക്തമല്ലാത്ത/അന്യായമായ എച്ച്ആർ പോളിസികൾ ഉള്ളതിനാൽ കരിയർ പുരോഗതി മുരടിക്കുന്നു, JTO/JAO-കൾക്കുള്ള E2-ൻ്റെ സ്റ്റാൻഡേർഡ് പേ സ്കെയിലുകൾ പരിഹരിക്കപ്പെട്ടിട്ടില്ല, 30% അധിക വാർഷിക ആനുകൂല്യങ്ങൾ പൂർത്തീകരിക്കപ്പെട്ടിട്ടില്ല, പുതുക്കിയ ടിഎ/ഡിഎയുടെ അഭാവം, മതിയായ മെഡിക്കൽ സുരക്ഷ ലഭ്യമല്ലാത്തത്, ആനുകൂല്യങ്ങളും അലവൻസുകളും നീട്ടാത്തത് എന്നിവയൊക്കെയാണ് ജീവനക്കാർ ബിഎസ്എൻഎൽ ജോലി ഉപേക്ഷിക്കാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വരുമാനം വർധിപ്പിക്കാനും പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്ന ബിഎസ്എൻഎല്ലിന് യുവ ജീവനക്കാരുടെ സേവനം അനിവാര്യമാണ്. അവരെ ജോലിയിൽ ഉറപ്പിച്ചു നിർത്താൻ "ന്യായമായതും സമയബന്ധിതവുമായ പ്രമോഷൻ നയം നടപ്പിലാക്കുക, ശമ്പളവും അലവൻസുകളും പരിഷ്കരിക്കുക, വാഗ്ദാനം ചെയ്ത എല്ലാ ആനുകൂല്യങ്ങളും നിറവേറ്റുക, ജീവനക്കാരുടെ പ്രൊഫഷണൽ വളർച്ചയെ പിന്തുണയ്ക്കുന്ന അനുകൂലമായ തൊഴിൽ അന്തരീക്ഷം വളർത്തുക" എന്നീ നടപടികൾ സ്വീകരിക്കണമെന്ന് കത്തിൽ പറയുന്നു.
യുവ ജീവനക്കാർ ബിഎസ്എൻഎൽ വിടുന്നത് കമ്പനിയുടെ പ്രവർത്തനങ്ങളെ ബാധിക്കുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. കാരണം നിർണായക ചുമതലകൾ വഹിക്കുന്ന ചിലരും ജോലി ഉപേക്ഷിച്ചവരിൽ ഉൾപ്പെടുന്നുണ്ട്. പുതു തലമുറയിലെ ആളുകൾ ബിഎസ്എൻഎല്ലിനോട് അകൽച്ച പ്രകടിപ്പിച്ചാൽ ഭാവിയിൽ എങ്ങനെ ഈ പ്രസ്ഥാനം മുന്നോട്ട് പോകും എന്ന ആശങ്കയും ഉയരുന്നുണ്ട്. ഇത്തരം ആശങ്കകൾ ഒഴിവാക്കാൻ ജീവനക്കാരോയുള്ള ബിഎസ്എൻഎൽ നയത്തിൽ മാറ്റം വരണമെന്നാണ് അസോസിയേഷന്റെ നിർദേശം.


Click it and Unblock the Notifications








