ഇനി ഗൂഗിൾ പേ പോലെ ബിഎസ്എൻഎൽ വഴിയും പണം അയയ്ക്കാം; വരുന്നു BSNL പേ
ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റ് മുന്നേറ്റത്തിന്റെ ഭാഗമാകാൻ പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലും തയാറെടുക്കുന്നു. നിലവിലുള്ള യുപിഐ പേയ്മെന്റ് ആപ്പുകൾ പോലെ ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത ഓൺലൈൻ പേയ്‌മെന്റുകൾ സാധ്യമാക്കുന്നതിനായി ബിഎസ്എൻഎല്ലിന്റെ സെൽഫ്കെയർ ആപ്പ് ഉടൻ തന്നെ യുപിഐയുമായി (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) സംയോജിപ്പിക്കും എന്ന് റിപ്പോർട്ട്. ഈ സേവനം ഉടൻ ആരംഭിക്കും എന്ന് വ്യക്തമാക്കുന്ന ബാനർ ബിഎസ്എൻഎൽ ആപ്പിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ എപ്പോഴാണ് ആരംഭിക്കുക എന്ന കൃത്യമായ തിയതി നിലവിൽ പുറത്തുവന്നിട്ടില്ല. മറ്റ് സ്വകാര്യ ടെലിക്കോം കമ്പനികൾ ഈ സേവനം നേരത്തെ തന്നെ ആരംഭിച്ചിരുന്നു.
ബിഎസ്എൻഎൽ പേ
ബിഎസ്എൻഎല്ലിന്റെ സെൽഫ് കെയർ ആപ്പിൽ ആണ് യുപിഐ പിന്തുണയുള്ള പുതിയ ബിഎസ്എൻഎൽ പേ (BSNL Pay Powered by UPI) അവതരിപ്പിക്കുക. ബിഎസ്എൻഎൽ വരിക്കാർക്കായുള്ള സെൽഫ് കെയർ ആപ്പ് ഇതിനകം തന്നെ ഉപയോക്താക്കൾക്കായി വിവിധ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഫോൺ റീചാർജ് ചെയ്യുക, ബിൽ അടയ്ക്കുക, ലാൻഡ്‌ലിംഗ് സേവനങ്ങൾ, ഫൈബർ സേവനങ്ങൾ ബുക്ക് ചെയ്യുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.

സ്വന്തം ആവശ്യത്തിനായി മാത്രമല്ല, മറ്റുള്ളവർക്കായി റീച്ചാർജ് ചെയ്യാനും ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴി സാധിക്കും. മുൻപ് നിശ്ചിത തുകയ്ക്ക് മുകളിലുള്ള റീച്ചാർജ് പ്ലാനുകൾക്ക് 2 ശതമാനം ഡിസ്കൗണ്ടും സെൽഫ് കെയർ ആപ്പ് നൽകിയിരുന്നു. ഇതുവഴി ഉയർന്ന വിലയുടെ പ്ലാനുകളിൽ ഉപയോക്താക്കൾക്ക് നല്ലൊരു തുക ലാഭിക്കാൻ കഴിയുമായിരുന്നു.
ഇപ്പോൾ പേയ്മെന്റുകൾ ഈസിയാക്കാൻ കഴിയും വിധം യുപിഐ സേവനം കൂടി ലഭ്യമാക്കുന്നതോടെ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഉപയോക്താക്കൾക്ക് കൂടുതൽ ഉപകാരമുള്ള ഒന്നായി മാറാൻ പോകുകയാണ്. പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പുമായി ബിഎസ്എൻഎൽ നേരത്തെ കൈകോർത്തിരുന്നു. ഇതിന് പിന്നാലെ ബിഎസ്എൻഎല്ലിന്റെ പ്രവർത്തനങ്ങൾ ആധുനികവൽക്കരിക്കുന്നതിന് ശക്തവും വ്യക്തവുമായ ആസൂത്രണത്തോടെയുള്ള വിവിധ പദ്ധതികൾ കമ്പനി പ്രഖ്യാപിച്ചിരുന്നു.

ഉപയോക്താക്കളുമായി കൂടുതൽ അടുക്കുന്നു
ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ വിവിധ സേവനങ്ങൾ നൽകുന്നതിലൂടെ അവരുടെ ദൈനംദിന ജീവിതവുമായി കൂടുതൽ അടുത്ത് നിൽക്കാൻ ബിഎസ്എൻഎൽ ഇപ്പോൾ ശ്രമിച്ചുവരുന്നു. അതിന്റെ ഭാഗമായാണ് ബിഎസ്എൻഎൽ പേ അവതരിപ്പിക്കുക എന്നാണ് വിലയിരുത്തപ്പെടുന്നത്. ബിഎസ്എൻഎല്ലിന്റെ യുപിഐ സേവനം ഉപഭോക്താക്കൾക്ക് ലഭിക്കുന്ന നല്ലൊരു സൗകര്യമായിരിക്കും എന്ന് കരുതപ്പെടുന്നു.
നിലവിൽ ബിഎസ്എൻഎൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് 4ജി വ്യാപനത്തിൽ ആണ്. ഒരുലക്ഷത്തിനടുത്ത് 4ജി ടവറുകൾ ബിഎസ്എൻഎൽ സ്ഥാപിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ വന്നിട്ടുള്ളത്. എന്നാൽ ഒരുലക്ഷം 4ജി ടവറുകൾ എന്ന ലക്ഷ്യത്തിലേക്ക് ബിഎസ്എൻഎൽ പൂർണ്ണമായി എത്തിയതായി സ്ഥിരീകരണം വന്നിട്ടില്ല. കൂടുതൽ 4ജി ടവറുകൾക്കായി കരാർ നൽകാനുള്ള നടപടികൾ നടക്കുന്നുണ്ട്.
പുതിയ 4ജി ടവറുകൾ
ആദ്യഘട്ട 4ജി വ്യാപനം പൂർത്തിയാക്കിയ ശേഷം 3-4 ലക്ഷം 4ജി സൈറ്റുകൾക്കായി പുതിയ ടെൻഡർ വിളിക്കാൻ ബിഎസ്എൻഎൽ പദ്ധതിയിടുന്നതായി ടെലിക്കോം ടോക്ക് കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. സ്വകാര്യ ടെലിക്കോം കമ്പനികളുമായി മത്സരിക്കണമെങ്കിൽ കൂടുതൽ 4ജി ടവറുകൾ ആവശ്യമാണ്. അതിനാൽ മൂന്ന് മുതൽ നാല് ലക്ഷം വരെ പുതിയ 4ജി സൈറ്റുകൾ സജ്ജമാക്കാൻ ബിഎസ്എൻഎൽ പ്ലാൻ ചെയ്യുന്നതായാണ് വിവരം.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും ഈ പുതിയ ടവറുകളും പ്രവർത്തിക്കുക. നിലവിൽ ഒരുലക്ഷത്തിനടുത്ത് 4ജി ടവറുകളിൽ തദ്ദേശീയ 4ജി സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് മികച്ച രീതിയിൽ പ്രവർത്തിക്കുന്നു എന്ന് സർക്കാർ അടുത്തിടെ വ്യക്തമാക്കിയിരുന്നു. അടുത്ത മാസത്തോടെ 5ജി വ്യാപനം ആരംഭിക്കാനുള്ള നീക്കങ്ങളും സമാന്തരമായി ബിഎസ്എൻഎൽ നടത്തുന്നുണ്ട്. ഡൽഹിയിലാകും ആദ്യം 5ജി അവതരിപ്പിക്കുക.


Click it and Unblock the Notifications








