4G ടവർ നിർമാണത്തിനായി ടിസിഎസിന് വീണ്ടും ഓഡറുകൾ നൽകി ബിഎസ്എൻഎൽ; മൂല്യം 2903 കോടി
സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ 4ജി (BSNL 4G) വ്യാപനത്തിന് ചുക്കാൻ പിടിക്കുന്നത് ടാറ്റ കൺസൾട്ടൻസി സർവീസ് (TCS) ആണ്. ഒരുലക്ഷം സൈറ്റുകളിൽ 4ജി വ്യാപിപ്പിക്കുന്നതിനായി ആണ് ബിഎസ്എൻഎൽ ടിസിഎസിന് നേരത്തെ കരാർ നൽകിയിരുന്നത്. ഇത് പ്രകാരമുള്ള 4ജി വ്യാപനം ഏതാണ്ട് 83 ശതമാനം പിന്നിട്ടുകഴിഞ്ഞു. ഇപ്പോൾ ഏറ്റവും പുതിയ വാർത്ത വന്നിരിക്കുന്നത് 4ജി വ്യാപനത്തിനായി ബിഎസ്എൻഎൽ ടിസിഎസിന് എക്സ്ട്രാ കരാർ നൽകിയിരിക്കുന്നു എന്നാണ്. ടിസിഎസിന്റെ എക്സ്ചേഞ്ച് ഫയലിംഗിൽ ആണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്.
ബിഎസ്എൻഎൽ ഇപ്പോൾ ടാറ്റ കൺസൾട്ടൻസി സർവീസസിന് (ടിസിഎസ്) ആഡ്-ഓൺ അഡ്വാൻസ് പർച്ചേസ് ഓർഡർ (APO) നൽകിയിട്ടുണ്ട് എന്നും ഇതിന്റെ മൂല്യം 2,903 കോടി രൂപയാണ് എന്നുമാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. 18,685 ബിഎസ്എൻഎൽ 4ജി സൈറ്റുകളുടെ പ്ലാനിംഗ്, എഞ്ചിനീയറിംഗ്, സപ്ലെ, ഇൻസ്റ്റാളേഷൻ, ടെസ്റ്റിംഗ്, കമ്മീഷൻ ചെയ്യൽ, വാർഷിക അറ്റകുറ്റപ്പണി എന്നിവയുമായി ബന്ധപ്പെട്ടാണ് APO എന്ന് ടിസിഎസ് ഒരു എക്സ്ചേഞ്ച് ഫയലിംഗിൽ പറഞ്ഞിരിക്കുന്നു.

ബിഎസ്എൻഎല്ലിൽ നിന്ന് ആഡ്-ഓൺ അഡ്വാൻസ് പർച്ചേസ് ഓർഡർ ലഭിച്ചതിനെ തുടർന്ന് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി ടിസിഎസ് തേജസ് നെറ്റ്‌വർക്ക്സിന് ഓർഡർ നൽകിയിട്ടുണ്ട്. ബിഎസ്എൻഎല്ലിന്റെ 4ജി നെറ്റ്‌വർക്കുമായി സംയോജിപ്പിക്കുന്നതിനായി തേജസ് നെറ്റ്‌വർക്ക്സ് ആണ് റേഡിയോ നെറ്റ്‌വർക്ക് ആക്‌സസ് (RAN) ഡിവൈസുകൾ ടിസിഎസിന് നൽകുന്നത്.
റേഡിയോ നെറ്റ്‌വർക്ക് ആക്‌സസ് ഡിവൈസുകൾക്കായി തേജസ് നെറ്റ്‌വർക്കിന് ലഭ്യമായ ഈ ഓർഡർ 1,525.53 കോടി രൂപയുടേതാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു. ബിഎസ്എൻഎല്ലിനായി ഇന്ത്യയിലുടനീളം 4G ടവറുകൾ സ്ഥാപിക്കാനുള്ള കരാറിൽ ടിസിഎസ് നേതൃത്വത്തിലുള്ള കൺസോർഷ്യമാണ് പ്രവർത്തിച്ചുവരുന്നത്. ടിസിഎസ് നയിക്കുന്ന ഈ കൺസോർഷ്യത്തിൽ തേജസ് നെറ്റ്‌വർക്ക്സിന് പുറമേ സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്സും (സി-ഡിഒടി) ഉൾപ്പെടുന്നു.

ബിഎസ്എൻഎൽ ഇപ്പോൾ നൽകിയിരിക്കുന്ന ആഡ് ഓൺ ഓർഡറുകൾ ഈ കമ്പനികൾക്ക് അധിക വരുമാനം ലഭിക്കാൻ ഇടയാക്കും. ഈ പർച്ചേസ് ഓഡർ നൽകിയതിലൂടെ തങ്ങളുടെ 4ജി നെറ്റ്വർക്ക് കൂടുതൽ മികച്ചതാക്കാനും കൂടുതൽ ആളുകൾക്ക് ലഭ്യമാക്കാനും ബിഎസ്എൻഎൽ പ്രവർത്തിക്കുന്നുണ്ട് എന്ന് ബിഎസ്എൻഎൽ തെളിയിക്കുന്നുണ്ട്. മാന്യമായ കവറേജ് തന്നെ വരുംമാസങ്ങളിൽ കൂടുതൽ ബിഎസ്എൻഎൽ വരിക്കാരെ തേടിയെത്തും എന്ന് ഇത് ഉറപ്പിക്കുന്നു.
നിലവിൽ ഒരുലക്ഷം സൈറ്റുകളിൽ 4ജി ടവറുകൾ സ്ഥാപിക്കാനാണ് ടിസിഎസ് നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് ബിഎസ്എൻഎൽ കരാർ നൽകിയത്. ഇതിൽ 84000ൽ അധികം ടവറുകൾ ഇതിനകം പ്രവർത്തനസജ്ജമായിക്കഴിഞ്ഞു എന്നാണ് കഴിഞ്ഞ ആഴ്ച വന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ജൂൺ- ജൂലൈ മാസത്തോടുകൂടി അവശേഷിക്കുന്ന 16000 4ജി ടവറുകളും ബിഎസ്എൻഎല്ലിന് വേണ്ടി സജ്ജമാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
എന്നാൽ ഒരുലക്ഷം സൈറ്റുകൾ കൊണ്ട് ഇന്ത്യയിലെമ്പാടുമുള്ള ബിഎസ്എൻഎൽ വരിക്കാരുടെ ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റാൻ മതിയായ നെറ്റ്വർക്ക് ശേഷി നേടാനാകില്ല. അതിനാൽ കൂടുതൽ 4ജി ടവറുകൾ സ്ഥാപിക്കാനുള്ള കരാർ ടിസിഎസിന് തന്നെ ബിഎസ്എൻഎൽ വീണ്ടും നൽകും എന്നാണ് ടിസിഎസ് അധികൃതരുടെയും ടെലിക്കോം വിദഗ്ധരുടെയും നിഗമനം.

ഇന്ത്യയിൽ ബിഎസ്എൻഎൽ 4ജിയുടെ അടിത്തറ കെട്ടിപ്പടുക്കുന്നതിനായി ഇതിനകം 15,000 കോടി രൂപയുടെ കരാർ ആണ് ടിസിഎസും ബിഎസ്എൻഎല്ലും തമ്മിൽ ഒപ്പുവച്ചിട്ടുള്ളത്. ഇന്ത്യയിലുടനീളം ഡാറ്റാ സെന്ററുകളും 4G സൈറ്റുകളും സ്ഥാപിക്കുന്നതും ഭാവിയിലെ 5G ഇൻഫ്രാസ്ട്രക്ചറിന് അടിത്തറയിടുന്നതും ഈ കരാറിൾ ഉൾപ്പെടുന്നു. ഒരുലക്ഷം 4ജി ടവറുകൾ എന്ന ആദ്യ ലക്ഷ്യം പൂർത്തിയാകുന്നതിന് പിന്നാലെ ബിഎസ്എൻഎൽ 5ജി വ്യാപനത്തിനും തുടക്കമിടും എന്നാണ് അധികൃതർ നേരത്തെ പറഞ്ഞിട്ടുള്ളത്.


Click it and Unblock the Notifications








