5Gയിലേക്ക് അപ്ഗ്രേഡ് ചെയ്യാവുന്ന 19000 BSNL 4G ടവറുകൾ കൂടി വരുന്നു; 4G വർക്കായാൽ ആള് കൂടുമെന്ന് വിശ്വാസം
ഇന്ത്യൻ ടെലിക്കോം മേഖല ഇപ്പോൾ വൻ നവീകരണത്തിന്റെ പാതിയിലാണ് എന്നുപറയാം. ഒരുഭാഗത്ത് പൊതുമേഖലാ ഉടമസ്ഥതയിലുള്ള ടെലിക്കോം സ്ഥാപനമായ ബിഎസ്എൻഎൽ തങ്ങളുടെ 4ജി നെറ്റ്വർക്ക് അടിത്തറ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നു. അതോടൊപ്പം സമാന്തരമായി ഉടൻ തന്നെ 5ജി സേവനങ്ങൾ ആരംഭിക്കാനുള്ള നീക്കങ്ങളും നടത്തുന്നു. മറ്റൊരു വശത്ത് വൊഡാഫോൺ ഐഡിയ 5ജി വ്യാപനം അടുത്ത ഘട്ടത്തിലേക്ക് വ്യാപിപ്പിക്കാൻ തയാറെടുക്കുന്നു. ഇതുവരെ വിരലിലെണ്ണാവുന്ന നഗരങ്ങളിൽ മാത്രമാണ് വിഐ 5ജി എത്തിയിട്ടുള്ളത്. എന്നാൽ അടുത്ത ഘട്ടമായി ഇന്ത്യയിലെ 23 നഗരങ്ങളിൽ 5ജി അവതരിപ്പിക്കാൻ വിഐ തയാറെടുത്തിരിക്കുന്നു. ഈ നഗരങ്ങളുടെ പട്ടിക കഴിഞ്ഞയാഴ്ച കമ്പനി പുറത്തുവിട്ടിരുന്നു.
വേറൊരു ഭാഗത്ത് ജിയോയും എയർടെലും 5ജി വ്യാപനം നടത്തിവരുന്നു. ഇരുകമ്പനികളും ഇതിനകം തന്നെ രാജ്യവ്യാപകമായി 5ജി അവതരിപ്പിച്ചുകഴിഞ്ഞു. എങ്കിലും 5ജി ലഭ്യമായിട്ടില്ലാത്ത സ്ഥലങ്ങളുമുണ്ട്. 5ജി വ്യാപനം ഇതിനകം ഏതാണ്ട് എല്ലാ പ്രധാന സർക്കിളുകളിലും നടപ്പാക്കിയതിനാൽ തന്നെ ഇപ്പോൾ അൽപ്പം മന്ദഗതിയിലാണ് ജിയോയുടെയും എയർടെലിന്റെയും 5ജി വ്യാപനം നടക്കുന്നത്.

ഇതാണ് ഇന്ത്യയിലെ ടെലിക്കോം രംഗത്ത് നടക്കുന്ന നവീകരണത്തിന്റെ ഒരു പൊതു ചിത്രം. എന്നാൽ ഇതിൽ ആളുകൾ ഏറ്റവും ആകാംക്ഷയോടെ അറിയാൻ കാത്തിരിക്കുന്നത് ബിഎസ്എൻഎൽ 5ജി വ്യാപനത്തിന്റെ വിവരങ്ങളാണ്, എന്നാൽ 5ജി ചോദിക്കുന്ന ആളുകളോട് ബിഎസ്എൻഎല്ലിന് ആദ്യം പറയാനുള്ളത് 4ജി വ്യാപനത്തെക്കുറിച്ചാണ്. അതായത് ഒരുലക്ഷം 4ജി ടവറുകൾ എന്ന ലക്ഷ്യം പൂർത്തിയാക്കിയ ശേഷം അതിന്റെ നിലവാരം വിലയിരുത്തിയിട്ടാകും 5ജി സേവനങ്ങൾ ആരംഭിക്കുക.
ബിഎസ്എൻഎൽ വരിക്കാർക്ക് നേട്ടമുണ്ടാകുന്ന ഒരു വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുണ്ട്. ബിഎസ്എൻഎൽ വീണ്ടും 19000 4ജി ടവറുകൾക്ക് കൂടി ഓഡർ നൽകിയിരിക്കുന്നു എന്ന സ്ഥിരീകരണമാണ് അത്. ബിഎസ്എൻഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എ റോബർട്ട് രവി ഇടി ടെലിക്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ടെലിക്കോം വിപണിയിൽ നിലവിലെ അവസ്ഥയിൽ നിന്ന് മെച്ചപ്പെടാൻ മൾട്ടി-ഫോൾഡ് തന്ത്രം ആണ് ബിഎസ്എൻഎൽ സ്വീകരിക്കുക. അതായത് 4ജി ശേഷി വർധിപ്പിക്കുന്നതോടൊപ്പം തന്നെ 5ജി അടിസ്ഥാനമായിട്ടുള്ള സേവനങ്ങളും ആരംഭിക്കുക. 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ സാധിക്കുന്ന 19000 4ജി ടവറുകൾ കൂടി സ്ഥാപിക്കാൻ ടിസിഎസിന് ഓഡർ നൽകിയിട്ടുണ്ടെന്ന് ബിഎസ്എൻഎൽ സിഎംഡി പറഞ്ഞതായാണ് ഇടി ടെലിക്കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രാജ്യവ്യാപകമായി 90,000 4G സൈറ്റുകൾ വിജയകരമായി കമ്മീഷൻ ചെയ്തതായി കഴിഞ്ഞ ആഴ്ച ബിഎസ്എൻഎൽ ഔദ്യോഗികമായി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 19000 ടവറുകൾ കൂടി ഓഡർ ചെയ്ത കാര്യം ബിഎസ്എൻഎൽ അധികൃതർ തന്നെ സ്ഥിരീകരിച്ചിരിക്കുന്നത്. ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യമാണ് ബിഎസ്എൻഎൽ 4ജി വ്യാപനത്തിന്റെ ചുമതലക്കാർ.
"ഞങ്ങളുടെ 5G നെറ്റ്‌വർക്ക്- ആസ്- എ- സർവീസ് (NaaS) മോഡൽ ഡൽഹിയിൽ ഇതിനകം തന്നെ അംഗീകാരം നേടിയിട്ടുണ്ട്, മുംബൈയിലും മറ്റ് പ്രധാന മെട്രോകളിലും സമാനമായ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്,"- എന്നും ബിഎസ്എൻഎൽ ചെയർമാൻ പറഞ്ഞതായി ഇടി റിപ്പോർട്ട് ചെയ്യുന്നുണ്ട്. "ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ, സിം-ലെസ് 5G ഫിക്സഡ് വയർലെസ് ആക്‌സസ് (FWA) സേവനവും ഞങ്ങൾ അവതരിപ്പിക്കുന്നു''.

സ്വകാര്യ സംരംഭങ്ങൾക്കും ഇന്റർനെറ്റ് ലഭ്യമായിട്ടില്ലാത്ത പ്രദേശങ്ങളിലും അതിവേഗ ബ്രോഡ്‌ബാൻഡ് എത്തിക്കാൻ Q- 5ജി FWA സേവനങ്ങളിലൂടെ ബിഎസ്എൻഎൽ ലക്ഷ്യമിടുന്നു. ബംഗളൂരു, പൂനെ, ഗ്വാളിയോർ, ചണ്ഡീഗഡ്, പുതുച്ചേരി, വിശാഖപട്ടണം എന്നിവയുൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ നിലവിൽ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. എന്റർപ്രൈസ് വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വരുമാനം ഉയർത്താനും ബിഎസ്എൻഎല്ലിന് പദ്ധതിയുണ്ട്.
ബിഎസ്എൻഎൽ വരുമാനത്തിന്റെ 20 ശതമാനം സംഭാവന ചെയ്യുന്നത് എന്റർപ്രൈസ് ബിസിനസിൽ നിന്നുള്ള വരുമാനമാണ്. അടുത്ത വർഷം സ്വകാര്യ 5G നെറ്റ്‌വർക്ക് സ്ലൈസിംഗ്, സർക്കാർ നെറ്റ്‌വർക്ക് പ്രോജക്ടുകൾ എന്നിവയിലൂടെ എന്റർപ്രൈസ് ബിസിനസിൽ നിന്നുള്ള വരുമാനം 15 ശതമാനം വർദ്ധിപ്പിക്കാൻ ബിഎസ്എൻഎൽ പദ്ധതിയിടുന്നു. കൂടാതെ പുതിയ 4ജി ടവറുകളും വരുമാനം കൂട്ടാൻ സഹായിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ഒരുലക്ഷം 4ജി ടവറുകൾ എന്ന ലക്ഷ്യം അടുത്തുതന്നെ ബിഎസ്എൻഎൽ കൈവരിക്കും. ഈ 4ജി ടവറുകൾ മികച്ച നിലവാരം കാഴ്ചവയ്ക്കുകയും ആളുകൾക്കിടയിൽ വിശ്വാസ്യത നേടിയെടുക്കുകയും ചെയ്താൽ കൂടുതൽ ആളുകൾ ബിഎസ്എൻഎല്ലിലേക്ക് എത്തും. അതുവഴി വരുമാനം കൂടും എന്നാണ് വിലയിരുത്തൽ. ഏകദേശം 10 ശതമാനം വരെ വരുമാനം ഇത്തരത്തിൽ വർധിക്കുമെന്നാണ് അധികൃതർ പറയുന്നത്.


Click it and Unblock the Notifications








