BSNL | നെഞ്ച് വിരിക്കാൻ ബിഎസ്എൻഎൽ; 4ജി ലോഞ്ചിന് ഇനി ദിവസങ്ങൾ മാത്രം
മാന്യമഹാജനങ്ങളേ... ഒടുവിലാ കാത്തിരിപ്പിന് അവസാനമാകുകയാണ്. എന്ത് കാത്തിരിപ്പാണെന്നാവും ചിന്തിക്കുന്നത്. വേറൊന്നുമല്ല, ബിഎസ്എൻഎല്ലിന്റെ 4ജി സർവീസിനെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. ഏറെ വൈകിയെങ്കിലും ഈ മാസം അവസാനത്തോടെ ബിഎസ്എൻഎൽ 4ജി ലോഞ്ച് ചെയ്യുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കമ്പനി വൃത്തങ്ങൾ. പുതിയ റിപ്പോർട്ടുകൾ പ്രകാരം പഞ്ചാബിലാണ് ബിഎസ്എൻഎൽ 4ജി ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നത്.
ബിഎസ്എൻഎൽ ആദ്യമായി 4ജി അവതരിപ്പിക്കുക (BSNL 4G) കേരളത്തിലായിരിക്കുമെന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. എന്നാൽ പുതിയ റിപ്പോർട്ടുകൾ കമ്പനിയുടെ ഔദ്യോഗിക 4ജി ലോഞ്ച് പഞ്ചാബിലാകുമെന്നും പറയുന്നു. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ ബിഎസ്എൻഎല്ലിന്റെ 4ജി നെറ്റ്വർക്ക് യാഥാർഥ്യമാകും. പൊതുമേഖല ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ ഇതിനകം രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ 4ജി നൽകി വരുന്നുണ്ട്. ഇവയെല്ലാം ട്രയൽ ബേസിലുള്ള നെറ്റ്വർക്ക് പരീക്ഷണങ്ങളായിട്ടാണ് ലഭ്യമാകുന്നത്.

പൂർണസജ്ജമായ 4ജി സാങ്കേതികവിദ്യ ഉപയോഗിച്ച് ഓദ്യോഗികമായി 4ജി പുറത്തിറക്കുകയാണ് കമ്പനിയ്ക്ക് സർക്കാർ നൽകിയിരിക്കുന്ന അടുത്ത ലക്ഷ്യം. പഞ്ചാബിലെ ഔദ്യോഗിക ലോഞ്ചോടെ ഈ ലക്ഷ്യവും പൂർത്തിയാകും. പൂർണമായും തദ്ദേശീയമായി നിർമിച്ച സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ബിഎസ്എൻഎൽ 4ജി നെറ്റ്വർക്ക് വിന്യസിക്കുന്നത്. ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) നേതൃത്വം നൽകുന്ന കൺസോർഷ്യമാണ് ബിഎസ്എൻഎല്ലിന് കൊമേഴ്സ്യൽ 4ജി ലോഞ്ചിനാവശ്യമായ ടെക്നോളജിയും എക്വിപ്മെന്റ്സും ഓഫർ ചെയ്യുന്നത്. അമൃത്സറിലും ഫിറോസ്പൂരിലുമായിരിക്കും ബിഎസ്എൻഎൽ ആദ്യം 4ജി എത്തിക്കുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നേരത്തെ പറഞ്ഞ രണ്ട് നഗരങ്ങളിലും ബിഎസ്എൻഎൽ ഇപ്പോൾ തന്നെ പരീക്ഷണാടിസ്ഥാനത്തിൽ 4ജി ലഭ്യമാക്കുന്നുണ്ട്. 4ജി നെറ്റ്വർക്ക് ലോഞ്ച് കഴിഞ്ഞാൽ അടുത്ത 7 മുതൽ 10 ദിവസത്തിനുള്ളിൽ 4G സിം സെയിൽ ആരംഭിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. കേരളത്തിന് സമാനമായി ബിഎസ്എൻഎല്ലിന് ഉയർന്ന വരുമാനം നൽകുന്ന ടെലിക്കോം സർക്കിളുകളിൽ ഒന്നാണ് പഞ്ചാബ്. സംസ്ഥാനത്ത് 4ജി എത്തിച്ചതിന് ശേഷം ബിഎസ്എൻഎൽ തങ്ങൾക്ക് സ്വാധീനമുള്ള മറ്റ് സർക്കിളുകളിലേക്കും സർവീസ് വ്യാപിപ്പിക്കും.
പഞ്ചാബിൽ 4ജി എത്തിക്കുന്നതോടെ സംസ്ഥാനത്ത് സേവനം ലഭ്യമാക്കുന്ന നാലാമത്തെ ഓപ്പറേറ്ററായി ബിഎസ്എൻഎൽ മാറും. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും 4ജി ലോഞ്ച് ചെയ്യുന്നതോടെ സ്വകാര്യ ടെലിക്കോം കമ്പനികളുമായി നേരിട്ടേറ്റുമുട്ടാനും ബിഎസ്എൻഎല്ലിന് സാധിക്കും. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഒരു ലക്ഷം 4ജി സൈറ്റുകൾ വിന്യസിക്കുകയെന്നതാണ് ബിഎസ്എൻഎൽ ലക്ഷ്യമിടുന്നത്. ഇതിനായി ടിസിഎസിന് 15,000 കോടിയുടെ പർച്ചേസ് ഓർഡറും ഐടിഐ ലിമിറ്റഡിന് 3,889 കോടി രൂപയുടെ പർച്ചേസ് ഓർഡറും കമ്പനി നൽകിക്കഴിഞ്ഞു.
ബിഎസ്എൻഎൽ 4ജി സർവീസിനായി ഉപയോഗപ്പെടുത്തുന്ന തദ്ദേശീയ 4ജി സ്റ്റാക്ക് ഒരു സോഫ്റ്റ്വെയർ റോൾഔട്ടിലൂടെ 5ജിയിലേക്ക് അപഗ്രേഡ് ചെയ്യാൻ കഴിയും. 5ജി എൻഎസ്എ നെറ്റ്വർക്കിലേക്കായിരിക്കും ബിഎസ്എൻഎൽ സേവനങ്ങൾ അപ്ഗ്രേഡ് ആകുക. എന്നാൽ 5ജിയിലേക്ക് ഒരു എടുത്ത് ചാട്ടത്തിന് കമ്പനി തയ്യാറാകാൻ സാധ്യത കുറവാണ്. 4ജി അവതരിപ്പിച്ച് സ്റ്റേബിളായ നെറ്റ്വർക്കും സേവനങ്ങളും നൽകി യൂസർ ബേസ് വളർത്തുന്നതിലായിരിക്കും ബിഎസ്എൻഎൽ ശ്രദ്ധ നൽകുക.
4ജി സർവീസ് നൽകാത്തതിനാൽ വലിയ അളവിലാണ് ബിഎസ്എൻഎല്ലിന് യൂസേഴ്സിനെ നഷ്ടമായിക്കൊണ്ടിരിക്കുന്നത്. തകർച്ചയിൽ നിന്ന് തകർച്ചയിലേക്ക് കൂപ്പ് കുത്തിക്കൊണ്ടിരിക്കുന്ന കമ്പനിയുടെ അവസാന പിടിവള്ളി കൂടിയാണ് 4ജി ലോഞ്ച്. സർക്കാർ നൽകുന്ന സാമ്പത്തിക സഹായം ഉപയോഗപ്പെടുത്തിയാണ് നിലവിൽ സ്ഥാപനം നിലനിൽക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യങ്ങളിൽ നിന്നും നില മെച്ചപ്പെടുത്താൻ കമ്പനിയ്ക്കായില്ലെങ്കിൽ ഇനിയും പണം ചിലവഴിച്ച് ബിഎസ്എൻഎല്ലിനെ നിലനിർത്തണമോയെന്ന് പോലും സർക്കാർ ആലോചിച്ചേക്കാം.


Click it and Unblock the Notifications








