2024 എത്തിയിട്ടും 4G കാത്ത് വരിക്കാർ! 2025ൽ 5G അവതരിപ്പിക്കുമെന്ന് ബിഎസ്എൻഎൽ
4ജി, 5ജി വ്യാപനം സംബന്ധിച്ച ബിഎസ്എൻഎല്ലിന്റെ (BSNL) ഏറ്റവും പുതിയ വിശദീകരണം എത്തി. ഈ വർഷം 20 ശതമാനം വിപണി വിഹിതം സ്വന്തമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അതിനായി 4ജി വ്യാപനം വേഗത്തിലാക്കുമെന്നും അടുത്ത വർഷം തന്നെ 5ജി സേവനങ്ങൾ അവതരിപ്പിക്കും എന്നുമാണ് ബിഎസ്എൻഎൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.
ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായി) പ്രതിമാസ റിപ്പോർട്ട് പ്രകാരം സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ഓപ്പറേറ്ററായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന് (BSNL) 2023 ഒക്ടോബറിൽ 636,830 വരിക്കാരെ നഷ്ടപ്പെട്ടു. 92,869,283 (92.86 ദശലക്ഷം) ലക്ഷം വരിക്കാർ ആണ് ഇനി ബാക്കിയുള്ളത്.

എന്നാൽ തിരിച്ചടികൾ ഉണ്ടെങ്കിലും 4ജി വ്യാപനത്തിലൂടെ വരിക്കാരെ തിരികെ എത്തിക്കാമെന്നും വിപണി വിഹിതം ഉയർത്താം എന്നുമാണ് ബിഎസ്എൻഎൽ കണക്കുകൂട്ടുന്നത്. ഈ വർഷം അവസാനത്തോടെ മൊബൈൽ വരിക്കാരുടെ എണ്ണത്തിൽ 20 ശതമാനം വിപണി വിഹിതമാണ് ബിഎസ്എൻഎൽ ലക്ഷ്യമിടുന്നതെന്ന് കമ്പനിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ (സിഎംഡി) പികെ പുർവാർ വെളിപ്പെടുത്തി.
20 ശതമാനം വിപണി വിഹിതം കൈവരിക്കുന്നതിനായി വിവിധ മാർക്കറ്റിംഗ് തന്ത്രങ്ങൾ നടപ്പിലാക്കുന്നതിനൊപ്പം സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും 100 ശതമാനം നെറ്റ്‌വർക്ക് ടൈം നിലനിർത്താനും ബിഎസ്എൻഎൽ ഊന്നൽ നൽകും. കൂടാതെ, വർഷം മുഴുവനും 4G റോൾഔട്ട് ശക്തമാക്കിക്കൊണ്ട് വയർലെസ് വരിക്കാരുടെ എണ്ണം വർദ്ധിപ്പിക്കാൻ ബിഎസ്എൻഎൽ പദ്ധതിയിടുന്നു.
എന്താണ് തങ്ങളുടെ പ്ലാൻ എന്ന് ബിഎസ്എൻഎൽ സിഎംഡി തന്നെ വ്യക്തമാക്കുന്നുണ്ട്. അതേപ്പറ്റി അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: "ഞങ്ങളുടെ സേവനങ്ങളുടെ ഗുണനിലവാരവും 4G, 5G സേവനങ്ങൾ പുറത്തിറക്കുന്ന വേഗതയും അനുസരിച്ചാണ് 20 ശതമാനം വിപണി വിഹിതം കൈവരിക്കുകയെന്ന ലക്ഷ്യം പ്രായോഗികമായി സാധ്യമാകുന്നത്. ഞങ്ങളുടെ ഉപഭോക്താക്കൾ ഞങ്ങളുടെ 4G സേവനങ്ങൾ ആകാംക്ഷയോടെ പ്രതീക്ഷിക്കുന്നു''.
''ഞങ്ങളുടെ സേവനം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജനങ്ങൾ തങ്ങളുടെ വിശ്വാസം ബിഎസ്എൻഎല്ലിൽ അർപ്പിക്കുന്നു."- എന്ന് ബിഎസ്എൻഎൽ സിഎംഡി പറഞ്ഞു. ഈ വർഷം 100,000 ബേസ് ട്രാൻസ്‌സിവർ സ്റ്റേഷനുകൾ (ബിടിഎസ്) വിന്യസിക്കാൻ ആണ് ബിഎസ്എൻഎൽ ലക്ഷ്യമിട്ടിരിക്കുന്നത്. അതിനാൽത്തന്നെ ബിഎസ്എൻഎൽ 4ജി സേവനങ്ങൾ വിപുലീകരിക്കുന്നതിൽ 2024 ഏറെ നിർണായകമാകും.
4ജി വ്യാപനത്തിന് പിന്നാലെ 5ജി ആരംഭിക്കുന്നതിനെപ്പറ്റിയും പുർവാർ വിശദീകരിച്ചിട്ടുണ്ട്. ഇൻസ്റ്റാൾ ചെയ്യുന്ന 4G നെറ്റ്‌വർക്കിന്റെ അപ്‌ഗ്രേഡബിളിറ്റി പ്രയോജനപ്പെടുത്തി 2025 മുതൽ 5G സേവനങ്ങൾ ആരംഭിക്കാനുള്ള പദ്ധതികൾ പുർവാർ വെളിപ്പെടുത്തി. "ഞങ്ങൾ ഇൻസ്റ്റാൾ ചെയ്യുന്ന 4G നെറ്റ്‌വർക്ക് അപ്‌ഗ്രേഡുചെയ്യാനാകുന്നതിനാൽ 2025 മുതൽ ഞങ്ങൾ ഞങ്ങളുടെ 5G സേവനങ്ങളും ആരംഭിക്കും," എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

ഈ വരുന്ന ജൂൺ, ജൂലൈ മാസങ്ങളിൽ 50,000 ടവറുകളിലേക്ക് ബിഎസ്എൻഎൽ 4ജി വ്യാപിപ്പിക്കുമെന്ന് തിങ്കളാഴ്ച ബിഎസ്എൻഎൽ പരിപാടിയിൽ പങ്കെടുത്ത കമ്മ്യൂണിക്കേഷൻസ് ആൻഡ് ഐടി മന്ത്രി അശ്വിനി വൈഷ്ണവിനെ ഉദ്ധരിച്ച്, റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഈ വലിയ 4ജി വ്യാപനത്തോടെ ബിഎസ്എൻഎല്ലിന്റെ പ്രതിച്ഛായ ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ബിഎസ്എൻഎൽ 4ജി വ്യാപനവുമായി മുന്നോട്ട് പോകുന്നത്. ബിഎസ്എൻഎൽ സ്ഥാപിച്ചിട്ടുള്ള തദ്ദേശീയ 4ജി ഉപകരണങ്ങളിൽ ശക്തമായ വിശ്വാസമുണ്ടെന്നും ഈ വർഷം ദീപാവലിയോടെ കമ്പനി അതിന്റെ 4ജി സേവനങ്ങൾ ഭൂഭിഭാഗം ഇടങ്ങളിലും എത്തിക്കുമെന്നും ടെലിക്കോം മന്ത്രി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
ബാൻഡ്‌വിഡ്ത്തും നെറ്റ്‌വർക്ക് ഗുണനിലവാരവും വർദ്ധിപ്പിക്കുന്നതിനായി, കമ്പനി ഡൽഹിയും മുംബൈയും ഉൾപ്പെടെ (എംടിഎൻഎൽ സേവനമേഖല) വിവിധ സർക്കിളുകളിൽ പഴയ ഉപകരണങ്ങൾ സജീവമായി മാറ്റിസ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ബിഎസ്എൻഎൽ- എംടിഎൻഎൽ ലയനത്തെപ്പറ്റിയുള്ള വിവരങ്ങൾ വ്യക്തമാക്കുന്നില്ലെങ്കിലും രണ്ട് കമ്പനികളെയും ഒറ്റ നെറ്റ്വർക്കായി പരിഗണിച്ചുകൊണ്ട് സേവനങ്ങൾ മെച്ചപ്പെടുത്താൻ ആണ് ശ്രമിക്കുന്നത്.

അതേസമയം സാമ്പത്തിക വെല്ലുവിളികൾ ബിഎസ്എൻഎൽ സ്വപ്നങ്ങൾക്ക് ഭീഷണിയായി തുടരുന്നുണ്ട്. സാമ്പത്തിക വർഷത്തിന്റെ ജൂലൈ-സെപ്റ്റംബർ പാദത്തിൽ ബിഎസ്എൻഎല്ലിന് 1,482 കോടി രൂപയുടെ അറ്റ നഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. FY23 ൽ 8,162 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തി. വർഷങ്ങളായി കമ്പനി സാമ്പത്തിക നഷ്ടം നേരിടുന്നുണ്ടെങ്കിലും 2026-27 സാമ്പത്തിക വർഷത്തോടെ അറ്റാദായത്തിലേക്ക് മാറുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.
ട്രായി ഡാറ്റ പ്രകാരം 2023 ഒക്ടോബർ 31 വരെ, ബിഎസ്എൻഎല്ലിന് വയർലെസ് വരിക്കാരിൽ 8.08 ശതമാനം വിപണി വിഹിതമാണ് ഉള്ളത്. MTNL-ന് 0.17 ശതമാനം വിപണി വിഹിതമുണ്ട്. ജിയോ 39.3 ശതമാനവും എയർടെൽ 32.85 ശതമാനവും മാർക്കറ്റ് ഷെയർ കൈയടക്കിയിരിക്കുന്നു. ഇതേ കാലയളവിൽ മൊബൈൽ വരിക്കാരിൽ 19.6 ശതമാനം വിപണി വിഹിതമാണ് വോഡഫോൺ ഐഡിയയ്ക്കുള്ളത്.


Click it and Unblock the Notifications








