ഇതുണ്ടെങ്കിൽ സ്വർഗ്ഗം മാമാ സ്വർഗ്ഗം! എതിരാളികളുടെ അടിവേരിളക്കിയ ബിഎസ്എൻഎൽ പ്ലാൻ
സ്വകാര്യ കമ്പനികൾ ജൂലൈയിൽ നടത്തിയ നിരക്ക് വർധന അവരുടെ വരിക്കാരെ നഷ്ടമാകുന്നതിന് കാരണമായിട്ടുണ്ട് എന്ന് ഇതിനകം വിവിധ റിപ്പോർട്ടുകളിലൂടെ വ്യക്തമായിട്ടുണ്ട്. വരിക്കാരെ നഷ്ടമായി എങ്കിലും വരുമാനം വർധിച്ചു എന്ന് ജിയോ ആശ്വസിക്കുന്നു എന്നത് വേറെ കാര്യം. എന്നാൽ എല്ലാവരും നിരക്ക് വർധന നടപ്പിലാക്കിയപ്പോൾ ബിഎസ്എൻഎൽ മാത്രം പഴയ പ്ലാനുകളുമായി നില നിന്നതാണ് സ്വകാര്യ കമ്പനികൾക്ക് വലിയ തിരിച്ചടിയായത്. കാരണം ബിഎസ്എൻഎല്ലും നിരക്ക് കൂട്ടിയിരുന്നു എങ്കിൽ എല്ലായിടത്തും നിരക്ക് വർധിച്ചു എന്ന് കരുതി പലരും മറ്റു കമ്പനികളെ തേടി പോകില്ലായിരുന്നു.
പക്ഷേ സ്വകാര്യ കമ്പനികൾ നിരക്ക് കൂട്ടുകയും ബിഎസ്എൻഎൽ നിരക്ക് കൂട്ടാതിരിക്കുകയും ചെയ്തതോടെ ബിഎസ്എൻഎല്ലിലേക്ക് ആളുകളുടെ ശ്രദ്ധ എത്തി. ബിഎസ്എൻഎൽ പ്ലാനുകളെപ്പറ്റി ചർച്ച ചെയ്യപ്പെടാൻ തുടങ്ങി. അവസരം തിരിച്ചറിഞ്ഞ ബിഎസ്എൻഎൽ ആകട്ടെ തങ്ങളുടെ പ്ലാനുകളുടെ ആനുകൂല്യങ്ങളെപ്പറ്റി പ്രചാരണവും ശക്തമാക്കി. അതോടെ ആളുകൾ ബിഎസ്എൻഎൽ പ്ലാനുകളിൽ എന്താണ് ഉള്ളത് എന്ന് അന്വേഷിക്കാൻ തുടങ്ങി.

നിരക്ക് വർധനയെയും മറ്റ് പല കാരണങ്ങളെയും പിന്തുടർന്ന് ബിഎസ്എൻഎൽ പ്ലാനുകൾ പരിശോധിച്ച മറ്റ് ടെലിക്കോം കമ്പനികളുടെ വരിക്കാരെ കാത്തിരുന്നത് കുറഞ്ഞ നിരക്കിൽ ഞെട്ടിക്കുന്ന ആനുകൂല്യങ്ങളുള്ള ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളാണ്. അതിൽ ഏറ്റവും ശ്രദ്ധ നേടിയ ഒരു പ്ലാൻ ആണ് 2399 രൂപയുടേത്. മറ്റ് കമ്പനികളുടെ വരിക്കാർക്ക് ഈ പ്ലാൻ സ്വർഗ്ഗമാണ്.
ബിഎസ്എൻഎല്ലിലേക്ക് മാറിയാൽ കുറഞ്ഞ ചെലവിൽ സുഖമായി ടെലിക്കോം ആനുകൂല്യങ്ങൾ ആസ്വദിച്ച് കഴിഞ്ഞുകൂടാം എന്ന് മറ്റ് ടെലിക്കോം കമ്പനികളുടെ വരിക്കാരിൽ തോന്നൽ സൃഷ്ടിക്കാൻ 2399 രൂപയുടെ പ്ലാനിന് വളരെ നിസാരമായി സാധിച്ചു. കാരണം വളരെ തുച്ഛമായ നിരക്കിൽ 395 ദിവസത്തെ വാലിഡിറ്റിയിലാണ് ഈ ബിഎസ്എൻഎൽ പ്ലാൻ എത്തുന്നത്. ഇത്രയും കുറഞ്ഞ നിരക്കിൽ ഇത്രയും വലിയ വാലിഡിറ്റിയിൽ ആനുകൂല്യം ലഭിക്കുന്ന പ്ലാൻ ഇന്ത്യയിൽ വേറെയില്ല.

365 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങളുമായി എത്തുന്ന സ്വകാര്യ ടെലിക്കോം കമ്പനികളുടെ പ്ലാനുകൾക്ക് ഏറ്റവും ചുരുങ്ങിയത് 3599 രൂപ ചെലവാകും. എന്നാലിവിടെ അതിനെക്കാൾ എത്രയോ കുറഞ്ഞ നിരക്കിലാണ് ബിഎസ്എൻഎൽ മികച്ച ആനുകൂല്യങ്ങളോടെ തന്നെ 395 ദിവസ വാലിഡിറ്റിയിൽ പ്ലാൻ ലഭ്യമാക്കിയിരിക്കുന്നത് എന്ന് ആർക്കും ഒറ്റ നോട്ടത്തിൽ തന്നെ മനസിലാക്കാനാകും. ഈ ഒരു ബിഎസ്എൻഎൽ റീച്ചാർജ് പ്ലാനിൽ മാത്രം കുറഞ്ഞത് ആയിരത്തിലധികം രൂപയുടെ ലാഭം ഉപയോക്താവിന് ലഭിക്കുന്നുണ്ട്.
2399 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിലെ ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 2GB ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. 395 ദിവസം അഥവാ 13 മാസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. അതായത് ഒരു വർഷത്തേക്ക് ഒരു മൊബൈൽ യൂസർക്ക് വേണ്ട എല്ലാ ആനുകൂല്യങ്ങളും ഈ വാർഷക പ്ലാനിൽ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്. അതും ഏറ്റവും കുറഞ്ഞ നിരക്കിൽ.
30 ദിവസത്തേക്കുള്ള ലോക്ധൂൺ ഉള്ളടക്കവും PRBTയും ഒഴിച്ചാൽ അധിക ആനുകൂല്യങ്ങളൊന്നും ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നില്ല. എങ്കിൽപ്പോലും ബിഎസ്എൻഎൽ 4ജി ലഭ്യമായിട്ടുള്ള പ്രദേശങ്ങളിലെ വരിക്കാർക്ക് ഈ പ്ലാൻ മികച്ച റീച്ചാർജ് ഓപ്ഷനാണ്. കേരളത്തിൽ എല്ലായിടത്തും ബിഎസ്എൻഎൽ 4ജി ലഭ്യമായിട്ടില്ല എന്നത് ഒരു ചെറിയ പോരായ്മയാണ്. എങ്കിലും ഇത് അധികം വൈകാതെ പരിഹരിക്കപ്പെടും.

2025 മേയിൽ ബിഎസ്എൻഎൽ 4ജി വ്യാപനം രാജ്യവ്യാപകമായി പൂർത്തിയാക്കും എന്നാണ് ടെലിക്കോം വകുപ്പും ബിഎസ്എൻഎല്ലും അറിയിച്ചിട്ടുള്ളത്. അതിന് ശേഷം ജൂണോടെ 5ജി സേവനങ്ങൾ ആരംഭിക്കും എന്നും അറിയിച്ചിട്ടുണ്ട്. 4ജി വ്യാപനം പൂർത്തിയാകുന്നതോടെ തന്നെ ബിഎസ്എൻഎൽ വരിക്കാരുടെ മുക്കാൽ ശതമാനം പരാതിയും തീരും. 5ജി കൂടി എത്തുന്നതോടെ ജിയോയുടെ അടക്കം അടിവേര് ഇളക്കാൻ ശക്തിയുള്ള കമ്പനിയായി ബിഎസ്എൻഎൽ മാറും.


Click it and Unblock the Notifications








