നടക്കുന്ന കാര്യമാണോ? ബിഎസ്എൻഎൽ 2027ൽ 558 കോടി രൂപ ലാഭം നേടുമെന്ന് സർക്കാർ പ്രവചനം
പൊതുമേഖലാ ഉടമസ്ഥതയിലുള്ള ടെലിക്കോം സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) ഫിനാൻഷ്യൽ ഇയർ 27-ൽ 558 കോടി രൂപ ലാഭം നേടുമെന്നും 2027ൽ കമ്പനി ലാഭത്തിലാകുമെന്നും കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ (DoT) പ്രവചനം. കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ സ്റ്റാൻഡിങ് കമ്മറ്റിക്ക് നൽകിയ റിപ്പോർട്ടിൽ ആണ് ടെലിക്കോം വകുപ്പ് ഇക്കാര്യം പ്രവചിച്ചിരിക്കുന്നത്. ബിഎസ്എൻഎല്ലിന്റെ 2024 ലെ വരുമാനം 19,344 കോടി രൂപയാണ്. 4G, 5G സേവനങ്ങൾ ആരംഭിക്കുന്നതോടെ വരും വർഷങ്ങളിൽ വരുമാനം വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വരുമാനത്തിൽ ഉണ്ടായേക്കാവുന്ന ഈ വർധനയെ അടിസ്ഥാനമാക്കിയാണ് പ്രവചനം നടത്തിയിരിക്കുന്നത്.
2024ലെ വരുമാനത്തിൽ നിന്ന് 73.5% വർധിച്ച് FY27 ൽ, ബിഎസ്എൻഎൽ വരുമാനം 33,553 കോടി രൂപയാകുമെന്ന് ടെലിക്കോം വകുപ്പ് കണക്കാക്കുന്നു. വരുമാനം വർദ്ധിപ്പിക്കുന്നതിനായി ബിഎസ്എൻഎല്ലിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണവും വികസനവും സർക്കാർ ശ്രദ്ധിക്കുന്നുണ്ട്. ഫിനാൻഷ്യൽ എക്സ്പ്രസ് ആണ് ബിഎസ്എൻഎൽ വരുമാനം സംബന്ധിച്ച ഈ വിവരങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പാർലമെൻ്റ് പാനലിന് ടെലിക്കോം വകുപ്പ് നൽകിയ കണക്കുകൾ പ്രകാരം, FY25, FY26 എന്നിവയിൽ, ബിഎസ്എൻഎല്ലിന്റെ നഷ്ടം യഥാക്രമം 5,064 കോടി രൂപയും 3,154 കോടി രൂപയുമായിരിക്കും. ഈ കാലയളവിൽ യഥാക്രമം 24,428 കോടി രൂപയും 28,476 കോടി രൂപയും വരുമാനം നേടാനും ബിഎസ്എൻഎൽ ലക്ഷ്യമിട്ടിട്ടുണ്ട്.
ചെലവുകൾ കുറഞ്ഞും പ്രവർത്തനേതര വരുമാനം വർധിപ്പിച്ചും നഷ്ടം ചുരുക്കാൻ ബിഎസ്എൻഎൽ ലക്ഷ്യമിടുന്നു. ഇത്തരത്തിൽ 2023 സാമ്പത്തിക വർഷത്തിൽ 8,161 കോടി രൂപ ഉണ്ടായിരുന്ന അറ്റ നഷ്ടം 24 സാമ്പത്തിക വർഷത്തിൽ ബിഎസ്എൻഎൽ 5,367 കോടി രൂപയായി ചുരുക്കി. ചെലവുകൾ കുറച്ചതും വരുമാനം നേരിയതോതിൽ ഉയർന്നതും നഷ്ടം കുറയ്ക്കാൻ ഏറെ സഹായിച്ചു എന്നാണ് വിലയിരുത്തപ്പെടുന്നത്.

2024 സാമ്പത്തിക വർഷത്തിൽ (FY24) 20,008 കോടി രൂപ വരുമാനം കൈവരിക്കണം എന്നാണ് കേന്ദ്ര സർക്കാർ നേരത്തെ ബിഎസ്എൻഎല്ലിനോട് നിർദേശിച്ചിരുന്നത്. എന്നാൽ അത്രയും എത്താനായില്ലെങ്കിലും പ്രതിസന്ധികൾക്കിടയിൽ 1 ശതമാനം വളർച്ച കൈവരിക്കാൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞത് നേട്ടമായി. ബിഎസ്എൻഎല്ലിന്റെ ചെലവ് കുറഞ്ഞത് കമ്പനിയുടെ നഷ്ടം കുറയ്ക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്.
24 സാമ്പത്തിക വർഷത്തിൽ ബിഎസ്എൻഎല്ലിന്റെ ആകെ ചിലവ് 26,683 കോടി രൂപയാണ്. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 2.5 ശതമാനം കുറവാണ്. അതേസമയം ജീവനക്കാർക്കായുള്ള ചെലവുകൾ ഉയരുന്നുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 24 സാമ്പത്തിക വർഷം ജീവനക്കാരുടെ ചെലവ് ഇനത്തിൽ 4.4 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ബിഎസ്എൻഎല്ലിന്റെ വരുമാനത്തിന്റെ 43% ശതമാനവും ജീവനക്കാരുടെ ചെലവിനാണ് വിനിയോഗിക്കപ്പെടുന്നത്. ഇത് ആകെ ചെലവിൻ്റെ 31.1ശതമാനം വരും.
നിലവിൽ നടക്കുന്ന 4ജി വ്യാപനവും അതിന് ശേഷം നിശ്ചയിച്ചിരിക്കുന്ന 5ജി വ്യാപനവും ബിഎസ്എൻഎല്ലിന്റെ തലവര മാറ്റും എന്ന് വിശ്വസിക്കപ്പെടുന്നു. 2025 ജൂൺ- ജൂലൈ കാലയളവോടെ 5ജി സേവനങ്ങൾ ആരംഭിക്കാൻ സാധിക്കും എന്നാണ് ബിഎസ്എൻഎൽ കണക്കുകൂട്ടുന്നത്. 5ജിയിലേക്ക് അതിവേഗം അപ്ഗ്രേഡ് ചെയ്യാൻ കഴിയും വിധമാണ് ബിഎസ്എൻഎൽ 4ജി വ്യാപനം നടന്നുവരുന്നത്.

ബിഎസ്എൻഎൽ ലക്ഷ്യമിട്ട വരുമാനം നേടുന്നതിൽ 4ജി, 5ജി വ്യാപനം വലിയ പങ്കുവഹിക്കും. എന്നാൽ 4ജി, 5ജി വ്യാപനം പൂർത്തിയാക്കുന്ന വേഗത ഇതിൽ ഒരു പ്രധാന ഘടകമാണ്. 4ജി സ്ഥാപിക്കാൻ ഫണ്ടിംഗ് മാത്രമല്ല, റെഗുലേറ്ററി, ലോജിസ്റ്റിക്കൽ തടസ്സങ്ങൾ പരിഹരിക്കാനുള്ള യോജിച്ച ശ്രമവും ആവശ്യമാണ്. ഭൂമി കണ്ടെത്തുന്നതിനും മറ്റും ഏറെ വെല്ലുവിളികൾ ബിഎസ്എൻഎൽ നേരിടുന്നുണ്ട്.
വരുമാനം വർധിപ്പിക്കാനുള്ള കാര്യങ്ങളോടൊപ്പം ചെലവ് കുറയ്ക്കാനുള്ള മാർഗങ്ങളും നോക്കണമെന്ന് പാർലമെൻ്ററി കമ്മിറ്റി ടെലിക്കോം വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തൊഴിലാളികളെ കൂടുതൽ കാര്യക്ഷമമായി വിന്യസിക്കുകയും ആവശ്യമായ ഇടങ്ങളിൽ ടെക്നോളജിയുടെ സഹായം ഉപയോഗപ്പെടുത്തുകയും ചെയ്യണം. കൂടാതെ ഇൻഫ്രാസ്ട്രക്ചർ പങ്കിടാനും ചെലവ് കുറയ്ക്കാനും സേവനങ്ങൾ വേഗത്തിലാക്കാനും മറ്റ് ടെലിക്കോം കമ്പനികളുമായി സംയുക്ത സംരംഭങ്ങളിലോ തന്ത്രപരമായ സഖ്യങ്ങളിലോ ഏർപ്പെടണമെന്നും കമ്മറ്റി ശുപാർശ ചെയ്തു.


Click it and Unblock the Notifications








