അയോധ്യയിലെ രാമക്ഷേത്രത്തിലും വാൽമീകി എയർപോർട്ടിലും ബിഎസ്എൻഎൽ 4ജി; യുപി കോളടിച്ചു!
രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങുകൾക്കായി ഒരുങ്ങുന്ന അയോധ്യക്ക് കരുത്തായി ബിഎസ്എൻഎൽ 4ജി ( BSNL 4G ) സേവനവും ഉണ്ടാകും. ജനുവരി 22 ന് നടക്കാനിരിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി, അവസാനവട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇക്കൂട്ടത്തിൽ ബിഎസ്എൻഎല്ലും അയോധ്യയിൽ തങ്ങളുടെ സേവനങ്ങൾ ശക്തിപ്പെടുത്തുന്നു.
അയോധ്യയിലെ രാജ്യാന്തര വിമാനത്താവളമായ മഹർഷി വാൽമീകി എയർപോർട്ട്, രാമക്ഷേത്രത്തിന്റെ പരിസരം, ടെന്റ് സിറ്റി എന്നിവയുൾപ്പെടെ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ മൂന്ന് പുതിയ മൊബൈൽ ഫോൺ ടവറുകൾ ബിഎസ്എൻഎൽ സ്ഥാപിച്ചതായി TOI റിപ്പോർട്ട് ചെയ്യുന്നു. രാമ ക്ഷേത്രത്തിന്റെ സമർപ്പണവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെയാകെ ശ്രദ്ധ ഇപ്പോൾ അയോധ്യയിലാണ്.

രാമക്ഷേത്രത്തിന്റെ വരവോടെ വൻ മാറ്റങ്ങൾ ആണ് അയോധ്യയിൽ ഉണ്ടായിരിക്കുന്നത്. ഇപ്പോൾ ക്ഷേത്ര നിർമാണം പൂർത്തിയാകുന്ന അവസരത്തിൽ ബിഎസ്എൻഎൽ 4ജിയും ലഭ്യമാക്കിയിരിക്കുന്നു. അയോധ്യ ധാം റെയിൽവേ സ്റ്റേഷൻ, അയോധ്യ കന്റോൺമെന്റ് റെയിൽവേ സ്റ്റേഷൻ തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ അധികമായി എട്ട് ബിഎസ്എൻഎൽ ടവറുകൾ സ്ഥാപിക്കുന്ന പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്.
4ജി മാത്രമല്ല, ബിഎസ്എൻഎൽ ലാൻഡ് ലൈൻ സേവനങ്ങളും അയോധ്യയിൽ ശക്തിപ്പെടുത്തുന്നുണ്ട്. നിലവിൽ, ഏകദേശം 46,000 ലാൻഡ്‌ലൈൻ കണക്ഷനുകൾ പ്രവർത്തനക്ഷമമാണ്. ഒപ്റ്റിക്കൽ ഫൈബർ ഇൻഫ്രാസ്ട്രക്ചർ നവീകരിച്ച് ലാൻഡ്‌ലൈൻ ശൃംഖല മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. അയോധ്യ രാമക്ഷേത്രം യുപിയുടെ തിലകക്കുറിയായി മാറുന്ന പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അയോധ്യക്ക് പുറമേ യുപി ഈസ്റ്റ് സർക്കിളിലും ബിഎസ്എൻഎൽ 4ജി എത്തും.

ഫെബ്രുവരി മുതൽ യുപി ഈസ്റ്റ് സർക്കിളിൽ 4ജി സേവനങ്ങൾ ആരംഭിക്കാൻ ബിഎസ്എൻഎൽ നടപടി സ്വീകരിച്ച് കഴിഞ്ഞു. 4ജി റോളൗട്ട് പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ ആണെന്ന് യുപി ഈസ്റ്റിലെ ബിഎസ്എൻഎൽ ജനറൽ മാനേജർ രാജേഷ് കുമാർ സോണി അറിയിച്ചതായി TOI റിപ്പോർട്ടിൽ പറയുന്നു.
നിലവിലുള്ള ഉപഭോക്താക്കൾക്ക് അവരുടെ 2G, 3G സിമ്മുകൾ 4G-ലേക്ക് കോംപ്ലിമെന്ററി അപ്‌ഗ്രേഡ് ചെയ്യുന്നതിലൂടെ പ്രയോജനം ലഭിക്കും. ഇവിടങ്ങളിൽ 4G സിമ്മിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് ബിഎസ്എൻഎൽ അധിക ഡാറ്റ വാഗ്ദാനം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. നിലവിൽ ഒരു ടെലികോം ഓപ്പറേറ്ററും കവറേജ് നൽകാത്ത ഗ്രാമീണ മേഖലകളിലേക്ക് 4G സേവനങ്ങൾ വ്യാപിപ്പിക്കാൻ ബിഎസ്എൻഎൽ സജീവമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
ബിഎസ്എൻഎൽ 4ജി വ്യാപനത്തിൽ ഗ്രാമീണ പ്രദേശങ്ങൾക്ക് പരിഗണന നൽകണമെന്ന് നേരത്തെ തന്നെ കേന്ദ്ര നിർദേശവും ഉണ്ടായിരുന്നു. രാജ്യത്തെ ഡിജിറ്റൽ അസമത്വം പരിഹരിക്കാനും ഗ്രാമീണ പ്രദേശങ്ങളിൽ കണക്റ്റിവിറ്റി ഉറപ്പാക്കാനും സർക്കാർ ലക്ഷ്യമിടുന്നു. ഇതിൽ നിർണായക സംഭാവന നൽകാൻ സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎല്ലിന്റെ 4ജി വ്യാപനത്തിന് സാധിക്കും.

കേന്ദ്ര സർക്കാരും യുപി സർക്കാരും അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് ഏറെ പ്രാധാന്യം നൽകുന്നുണ്ട്. അതിനാൽത്തന്നെ ക്ഷേത്രവുമായി ബന്ധപ്പെട്ട് കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ വൻ വികസനമാണ് അയോധ്യയിൽ ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാമക്ഷേത്ര സമർപ്പണത്തിന് മുൻപ് ഇവിടേക്ക് എത്തുന്നവർക്കായുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് അധികൃതർ നടപടികൾ സ്വീകരിച്ചിരുന്നു.
അയോധ്യ വിമാനത്താവളും റെയിൽവേ സ്റ്റേഷനും അതിന്റെ വലിയ ഉദാഹരണങ്ങളാണ്. സന്ദർശകർക്കായുള്ള സൗകര്യമൊരുക്കലിന്റെ ഭാഗമായുള്ള ഒരു ചെറിയ ഉദാഹരണമായി ബിഎസ്എൻഎൽ 4ജി സൗകര്യത്തെയും കണക്കാക്കാം. രാജ്യമെമ്പാടും 4ജി സേവനങ്ങൾ വ്യാപിപ്പിക്കാൻ ബിഎസ്എൻഎൽ നിർമാണ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. പഞ്ചാബിലും ആന്ധ്രയിലും തമിഴ്നാട്ടിലും അടക്കം ബിഎസ്എൻഎൽ 4ജി വ്യാപനം ഏറെ മുന്നേറിക്കഴിഞ്ഞു.
അതേസമയം, 2023 ഒക്ടോബറിലെ TRAI വരിക്കാരുടെ റിപ്പോർട്ട് അനുസരിച്ച്, BSNL സർക്കിളിൽ 31,920 വയർലെസ് വരിക്കാരെ ചേർത്തു, മൊത്തം വരിക്കാരുടെ എണ്ണം 8,128,335 ആയി. എങ്കിലും, മൊത്തത്തിൽ, ബിഎസ്‌എൻഎല്ലിന് മാസം തോറും വയർലെസ് വരിക്കാരെ നഷ്ടപ്പെട്ടുകൊണ്ടിരിക്കകയാണ്. ഏറ്റവും പുതിയ നഷ്ടം -636,830 വയർലെസ് സബ്‌സ്‌ക്രൈബർമാരാണ്.


Click it and Unblock the Notifications








