വാലിഡിറ്റിക്കൊപ്പം വാരിക്കോരി ആനുകൂല്യങ്ങളും; ആർക്കും വെല്ലാനാകാത്ത ബിഎസ്എൻഎൽ പ്ലാനുകൾ | BSNL
രാജ്യത്തെ പൊതുമേഖല ടെലിക്കോം കമ്പനിയായ BSNL നൽകുന്ന ഓഫറുകൾ മറ്റ് കമ്പനികളിൽ നിന്നും ഏറെ വ്യത്യസ്തമാണ്. സ്വകാര്യ കമ്പനികളെ അപേക്ഷിച്ച് കൂടുതൽ വാലിഡിറ്റിയും ആനുകൂല്യങ്ങളും എല്ലാം ബിഎസ്എൻഎൽ പ്ലാനുകളെ ലാഭകരമാക്കുന്നു. പ്ലാൻ വൗച്ചറുകൾ, ഡാറ്റ വൗച്ചറുകൾ എന്നിങ്ങനെ നിരവധി ക്യാറ്റഗറികളിൽ ബിഎസ്എൻഎൽ പ്ലാനുകൾ ലഭ്യമാണ്.
സർക്കിളുകൾ അനുസരിച്ച് ബിഎസ്എൻഎൽ പ്ലാനുകളിൽ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. കേരളത്തിൽ ലഭ്യമാകുന്ന എല്ലാ റീചാർജ് പ്ലാനുകളും മറ്റൊരു ടെലിക്കോം സർക്കിളിലോ സംസ്ഥാനത്തോ ലഭ്യമാകണമെന്നില്ല. കേരളത്തിൽ ലഭിക്കുന്ന ഏതാനും ചില ബിഎസ്എൻഎൽ പ്ലാനുകളാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഈ ഓഫറുകൾക്കെല്ലാം 365 ദിവസമോ അതിൽ കൂടുതലോ വാലിഡിറ്റി ലഭിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ബിഎസ്എൻഎൽ ഓഫർ ചെയ്യുന്ന ഈ പ്രീപെയ്ഡ് പ്ലാനുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

2,999 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ( PV_2999 ) : 365 ദിവസത്തെ വാലിഡിറ്റി നൽകുന്ന ഏറ്റവും വില കൂടിയ ബിഎസ്എൻഎൽ പ്ലാനാണിത് ( കേരള സർക്കിൾ ). രാജ്യത്തെ ഏത് നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ചെയ്യാം. ഡെയിലി 3 ജിബി വരെ ഹൈ സ്പീഡ് ഡാറ്റയും പ്ലാനിന് ഒപ്പമുണ്ട്. ലിമിറ്റ് കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 40 കെബിപിഎസ് ആയി കുറയും. ഡെയിലി 100 എസ്എംഎസുകളും യൂസേഴ്സിന് ലഭിക്കുന്നു.
2,399 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ( PV_2399 ) : 395 ദിവസമാണ് 2,399 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ വാലിഡിറ്റി നൽകുന്നത്. അതായത് ആകെ 13 മാസം. ഡെയിലി 2 ജിബി വരെയാണ് 2,399 രൂപയുടെ പ്ലാനിന് ഒപ്പം ലഭിക്കുന്ന ഹൈ സ്പീഡ് ഡാറ്റ. ഈ ലിമിറ്റ് കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 40 കെബിപിഎസ് ആയി കുറയുകയും ചെയ്യും. അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഡെയിലി 100 എസ്എംഎസുകളും ലഭ്യമാണ്.
1,999 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ( PV_1999 ) : പ്രതിദിന ഡാറ്റ ലിമിറ്റുകൾ ഒന്നുമില്ലാത്ത ബിഎസ്എൻഎൽ വാർഷിക പ്ലാനുകളിൽ ഒന്ന്. 365 ദിവസമാണ് ഈ പ്ലാൻ നൽകുന്ന വാലിഡിറ്റി. 600 ജിബി ഹൈ സ്പീഡ് ഡാറ്റയും 1,999 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ഓഫർ ചെയ്യുന്നു. ഈ ഡാറ്റ തീരുമ്പോൾ സ്പീഡ് 40 കെബിപിഎസ് ആയി കുറയുമെന്ന് മാത്രം.
അൺലിമിറ്റഡ് വോയ്സ് കോൾ അനുകൂല്യം, പ്രതിദിനം 100 എസ്എംഎസ്, 30 ദിവസത്തെ പിആർബിടി സേവനം, 30 ദിവസം വാലിഡിറ്റിയുള്ള ഇറോസ് നൌ എന്റർടെയിൻമെന്റ് ആക്സസ്, 30 ദിവസത്തെ ലോക്ധൂൺ കണ്ടന്റ് ആക്സസ് എന്നിവയാണ് 1,999 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ഓഫർ ചെയ്യുന്ന മറ്റ് ആനുകൂല്യങ്ങൾ. ഡാറ്റ, വോയ്സ് ആനുകൂല്യങ്ങൾ വളരെക്കുറച്ച് മാത്രം ലഭ്യമാക്കുന്ന പ്ലാനുകളിൽ ഒന്നാണ് അടുത്തതായി ലിസ്റ്റ് ചെയ്തിരിക്കുന്നത്.
1,198 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ( PV_1198 ) : 1,198 രൂപയുടെ പ്ലാനും 365 ദിവസത്തെ വാലിഡിറ്റി ഓഫർ ചെയ്യുന്നു. ഒരു മാസം 300 മിനുറ്റ് വോയ്സ് കോളുകളും 3 ജിബി ഡാറ്റയും 30 എസ്എംഎസും യൂസേഴ്സിന് ലഭിക്കും. ഈ പ്രതിമാസ ആനുകൂല്യങ്ങൾ ആകെ 12 മാസത്തേക്കാണ് യൂസേഴ്സിന് ലഭ്യമാകുന്നത്. 365 ദിവത്തേക്ക് പ്രതിദിനം 2 ജിബി ഹൈ സ്പീഡ് ഡാറ്റ നൽകുന്ന 1,515 രൂപയുടെ ഓഫറും ബിഎസ്എൻഎല്ലിനുണ്ട്.


Click it and Unblock the Notifications








