നടുക്കഷണം തന്നെ പിടിക്കാം! ബിഎസ്എൻഎൽ വരിക്കാർക്ക് ഉപകാരപ്പെടുന്ന മൂന്ന് റീച്ചാർജ് ഓപ്ഷനുകൾ
ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷണം തന്നെ തിന്നണം എന്നാണ് കാരണവന്മാർ മലയാളികളോട് പറഞ്ഞിട്ടുള്ളത്. ലോകത്തിന്റെ ഏത് കോണിൽ ചെന്നാലും അവിടെ ഒരു മലയാളിയെ കാണാൻ സാധിക്കും. കാരണവന്മാർ പറഞ്ഞതുപോലെ ചെന്നുകയറുന്ന നാട്ടിലെ ജീവിതസാഹചര്യങ്ങൾക്കൊത്ത് ജീവിക്കാൻ തയാറാകുന്നതുകൊണ്ടാകാം മലയാളി വിശ്വപൗരന്മാരായി വളരുന്നത്. അങ്ങനെയെങ്കിൽ കാരണവന്മാരുടെ ഈ ഉപദേശം ബിഎസ്എൻഎൽ വരിക്കാരും അനുസരിക്കേണ്ടിയിരിക്കുന്നു. പൊതുവെ ബിഎസ്എൻഎൽ കണക്ഷൻ എന്നാൽ പലർക്കും പുച്ഛമാണ്. എന്നാൽ ബിഎസ്എൻഎല്ലിനെ ഇഷ്ടപ്പെടുന്നവരും ഏറെയുണ്ട്. അതിൽ മലയാളികളും ഏറെയുണ്ട് എന്നത് അഭിമാനകരവുമാണ്. നെറ്റ്വർക്കിന്റെ കാര്യത്തിൽ മറ്റ് ടെലിക്കോം കമ്പനികളോട് മത്സരിക്കാൻ നിലവിൽ ബിഎസ്എൻഎല്ലിന് കരുത്തില്ല.
എന്നാൽ റീച്ചാർജ് പ്ലാനുകളുടെ കാര്യത്തിൽ നിലവിൽ ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ ജിയോ പോലും ബിഎസ്എൻഎല്ലിന്റെ പിന്നിലേ വരൂ എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. പക്ഷേ പലയിടങ്ങളിലും 4ജി ലഭ്യമായിട്ടില്ലാത്തതിനാൽ ഈ പ്ലാനുകൾ വേണ്ടവിധം ഉപയോഗിക്കാൻ സാധിക്കുന്നില്ല എന്നതാണ് ദുഖകരം. പലവിധ പ്രതിസന്ധികളൊക്കെ ഉണ്ടെങ്കിലും ബിഎസ്എൻഎൽ സിം കാർഡ് കണക്ഷൻ കൈവിടാതെ പിടിച്ചുനിൽക്കുന്ന നിരവധി പേരുണ്ട്.

നമ്പർ നഷ്ടപ്പെടാതെ മറ്റ് ടെലിക്കോം കമ്പനികളിലേക്ക് പോർട്ട് ചെയ്യാൻ അവസരം ഉണ്ടായിട്ടും അതിന് തയാറാകാതെ ലഭ്യമാകുന്ന സേവനങ്ങളിൽ സംതൃപ്തിപ്പെടുന്ന ഈ യഥാർഥ ആരാധകരാണ് ബിഎസ്എൻഎല്ലിന്റെ ശക്തി. ബിഎസ്എൻഎല്ലിൽ തുടരുന്നവർ വാലിഡിറ്റി നിലനിർത്താനായി റീച്ചാർജ് ചെയ്യേണ്ടുതുണ്ട്, എന്നാൽ ഇതിനായി എത് പ്ലാൻ തെരഞ്ഞെടുക്കുന്നു എന്നത് വളരെ പ്രധാനമാണ്.
നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ബിഎസ്എൻഎല്ലിന്റെ പക്കലുണ്ട്. ഇവ പലവിധ വാലിഡിറ്റികളോടെയാണ് എത്തുക. ഒരു മാസത്തെ പ്ലാൻ തിരഞ്ഞെടുക്കുന്നത് നഷ്ടമാണ്, വാർഷിക റീച്ചാർജ് പ്ലാനുകളാണ് എപ്പോഴും ലാഭം. എന്നാൽ അതിന് കഴിയാത്തവർക്ക് ഒരു മാസത്തിന് മുകളിൽ വാലിഡിറ്റി ലഭ്യമാകുന്ന ചില മികച്ച പ്ലാനുകൾ ലഭ്യമാണ്. അതിൽ ബിഎസ്എൻഎൽ റെക്കമൻഡ് ചെയ്യുന്ന മൂന്ന് പ്ലാനുകൾ പരിചയപ്പെടാം.

54 ദിവസ വാലിഡിറ്റി ലഭിക്കുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: ബിഎസ്എൻഎൽ തങ്ങളുടെ ആപ്പിൽ റീച്ചാർജ് വിഭാഗത്തിൽ റെക്കമെൻഡ് സെക്ഷന് കീഴിൽ ചില പ്ലാനുകൾ നൽകിയിട്ടുണ്ട്. അതിൽ 54 ദിവസ വാലിഡിറ്റി ആഗ്രഹിക്കുന്നവർക്കായി റെക്കമൻഡ് ചെയ്തിരിക്കുന്നത് 347 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ആണ്.
അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, ദിവസം 2ജിബി ഡാറ്റ എന്നിവയാണ് 347 രൂപയുടെ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. ചലഞ്ചസ് അരീന മൊബൈൽ ഗെയിമിംഗ് സേവനവും ഈ പ്ലാനിൽ ഉൾപ്പെടുന്നു. പ്രതിദിനം 2ജിബി ഡാറ്റ ലഭിക്കുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ എന്ന നിലയിലും 54 ദിവസ വാലിഡിറ്റിയുള്ള പ്ലാൻ എന്ന നിലയിലും ഈ പ്ലാൻ പ്രശസ്തമാണ്.
84 ദിവസ വാലിഡിറ്റി ലഭിക്കുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: 54 ദിവസത്തെക്കാൾ കൂടുതൽ വാലിഡിറ്റി വേണ്ടവർക്ക് 84 ദിവസ വാലിഡിറ്റി ലഭിക്കുന്ന ബിഎസ്എൻഎൽ പ്ലാൻ പരിഗണിക്കാവുന്നതാണ്. 599 രൂപ നിരക്കിൽ ഇത് ലഭ്യമാകും. ദിവസം 2ജിബി ഡാറ്റ ഈ പ്ലാനിൽ ലഭ്യമാകും.

2ജിബി പ്രതിദിന ഡാറ്റ കൂടാതെ, അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയും സൗജന്യ ബിഎസ്എൻഎൽ ട്യൂൺസ്, ഇറോസ് നൗ എന്റർടൈൻമെന്റ്, ഹാർഡി മൊബൈൽ ഗെയിമിംഗ്, ലിസ്റ്റ്ൻ മ്യൂസിക് സർവീസസ് തുടങ്ങിയ അധിക ആനുകൂല്യങ്ങളും 599 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ നൽകുന്നുണ്ട്.
160 ദിവസ വാലിഡിറ്റിയുള്ള ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: 997 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ 160 ദിവസ വാലിഡിറ്റിയിൽ ആണ് എത്തുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും പ്രതിദിനം 2ജിബി ഡാറ്റയും 160 ദിവസ വാലിഡിറ്റികാലയളവിലേക്കുള്ള എസ്എംഎസ് ആനുകൂല്യങ്ങളും ലഭ്യമാകുന്ന ഈ പ്ലാൻ ഒരു മികച്ച റീച്ചാർജ് ഓപ്ഷനാണ്.


Click it and Unblock the Notifications