ട്രായിക്ക് അത് പറയാം! ഈ BSNL പ്ലാൻ പോലെ ഒരു പ്ലാൻ നൽകിയാൽ സ്വകാര്യ കമ്പനികളുടെ നെഞ്ച് പറിയും
ഇന്ത്യയിലെ ടെലിക്കോം കമ്പനികൾ തങ്ങളുടെ വരിക്കാർക്കായി വോയ്‌സ്- എസ്എംഎസ് എസ്ടിവികൾ (സ്പെഷൽ താരിഫ് വൗച്ചറുകൾ) നിർബന്ധമായും നൽകിയിരിക്കണമെന്ന് ട്രായി 23-12 2024-ൽ പുറത്തിറക്കിയ ഏറ്റവും പുതിയ ഉത്തരവിൽ പറഞ്ഞിരുന്നു. നിലവിൽ സ്വകാര്യ കമ്പനികളുടെ, പ്രത്യേകിച്ച് ജിയോയുടെയും എയർടെലിന്റെയും റീച്ചാർജ് പ്ലാനുകളെല്ലാം ഡാറ്റ സഹിതമാണ് എത്തുന്നത്. എന്നാൽ ഡാറ്റ ഉപയോഗിക്കാത്ത ടെലിക്കോം വരിക്കാരും ധാരാളമുണ്ട്. അവർ റീച്ചാർജിനായി ഡാറ്റ സഹിതം എത്തുന്ന പ്ലാനുകളെ ആശ്രയിക്കേണ്ടിവരികയും ഉപയോഗിക്കാത്ത ഡാറ്റയ്ക്കും ചേർത്ത് ഉയർന്ന തുക നൽകുകയും ചെയ്യേണ്ടിവരുന്നു. ഈ സാഹചര്യത്തിലാണ് ആളുകൾക്കായി വോയ്സ് ഒൺലി പ്ലാനുകൾ അവതരിപ്പിക്കാൻ കമ്പനികൾക്ക് ട്രായി നിർദേശം നൽകിയത്.
സാധാരണക്കാരായ കൂടുതൽ ആളുകൾക്കും വേണ്ടത് അൺലിമിറ്റഡ് കോളിങ് സൗകര്യവും വാലിഡിറ്റിയുമാണ്. റീച്ചാർജ് പ്ലാനുകളുടെ നിരക്ക് ഉയർത്തുന്ന പ്രധാന ഘടകങ്ങളിലൊന്ന ഡാറ്റയാണ്. ഇവിടെ ഡാറ്റ വേണ്ടാത്തവർക്ക് തെരഞ്ഞെടുക്കാൻ ഒരു പ്ലാൻ ഇല്ല എന്ന സാഹചര്യത്തിലാണ് സ്വകാര്യ കമ്പനികൾക്ക് താൽപര്യമില്ലാതിരുന്നിട്ടും ട്രായി വോയ്സ്, എസ്എംഎസ് ആനുകൂല്യങ്ങൾ കേന്ദ്രീകരിച്ചുള്ള പ്ലാനുകൾ അവതരിപ്പിക്കാൻ ഉത്തരവിട്ടത്.

കുറഞ്ഞ നിരക്കിൽ ആളുകൾക്ക് റീച്ചാർജ് പ്ലാനുകൾ ലഭ്യമാക്കുക എന്ന ഉദ്ദേശവും ട്രായിയുടെ ഈ ഉത്തരവിന് പിന്നിലുണ്ടായിരുന്നു. എന്നാൽ ട്രായിയുടെ ഈ ഉത്തരവിന് ശേഷം ഇത് അനുസരിച്ചുള്ള റീച്ചാർജ് പ്ലാനുകൾ ഇതുവരെ അവതരിപ്പിക്കപ്പെട്ടിട്ടില്ല. അവ അധികം വൈകാതെ അവതരിപ്പിക്കപ്പെടും എന്ന പ്രതീക്ഷിക്കാം. എങ്കിലും ട്രായിയുടെ ഈ ഉത്തരവ് ചങ്ക് പറിയുന്ന വേദനയോടെയാകും സ്വകാര്യ കമ്പനികൾ നടപ്പാക്കുക.
കാരണം, സ്വകാര്യ കമ്പനികൾ ആളുകളിൽ നിന്ന് പരമാവധി വരുമാനം നേടാൻ ശ്രമിക്കുന്നു. അതിന്റെ ഭാഗമായിക്കൂടിയാണ് ടെലിക്കോം നിരക്കുകൾ ഏതാനും നാൾ മുൻപ് വർധിപ്പിച്ചത്. ഇതിനിടയിൽ വോയ്സ് ഒൺലി റീച്ചാർജ് പ്ലാനുകൾ നൽകുന്നത് അവരുടെ വരുമാന വർധനവിനെ ബാധിക്കും. അതിനാലാണ് ഇത്തരമൊരു നിർദേശം ആദ്യം ട്രായി മുന്നോട്ട് വച്ചപ്പോൾ തന്നെ സ്വകാര്യ കമ്പനികൾ അതിനോട് താൽപര്യം പ്രകടിപ്പിക്കാതിരുന്നത്.

എന്നാൽ ട്രായി ഇത്തരമൊരു പ്ലാനിനെക്കുറിച്ച് ആലോചിച്ച് തുടങ്ങുന്നതിനും മുൻപേ തന്നെ വോയ്സ് ഒൺലി പ്ലാൻ വർഷങ്ങളായി നൽകിവരുന്ന ഒരു ടെലിക്കോം കമ്പനിയുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) ആണ് ആ കമ്പനി. ബിഎസ്എൻഎൽ 439 രൂപ നിരക്കിൽ ദീർഘനാളായി ഒരു പ്ലാൻ നൽകിവരുന്നുണ്ട്. ഈ പ്ലാൻ ഇപ്പോഴും ആളുകൾക്ക് ചീപ് റേറ്റിൽ അൺലിമിറ്റഡ് കോളിങ്ങും വാലിഡിറ്റിയും നൽകുന്നു.
അൺലിമിറ്റഡ് കോളിങ് സൗകര്യവും ദീർഘകാല വാലിഡിറ്റിയും ആഗ്രഹിക്കുന്ന ടെലിക്കോം വരിക്കാർക്ക് ഏറ്റവും അനുയോജ്യമായ റീച്ചാർജ് പ്ലാനാണ് 439 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ. 439 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിലെ ആനുകൂല്യങ്ങൾ: 90 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് വോയിസ് കോളുകൾ ലഭ്യമാകും എന്നതാണ് ഈ പ്ലാനിന്റെ പ്രധാന നേട്ടം. ഇതോടൊപ്പം ആകെ 300 എസ്എംഎസും ലഭിക്കും. ഡാറ്റ ആനുകൂല്യങ്ങൾ ഇതിൽ ലഭ്യമാകില്ല.
ഇന്ത്യയിലെ ടെലിക്കോം വരിക്കാർക്ക് എല്ലാവർക്കും ലഭ്യമാകണമെന്ന് ട്രായി ആഗ്രഹിക്കുന്ന തരത്തിലുള്ള ഈ പ്ലാൻ വർഷങ്ങളായി ബിഎസ്എൻഎൽ നൽകിവരുന്നു എന്നതാണ് സത്യം. 2022 ഒക്ടോബറിൽ ദീപാവലി സമയത്ത് ബിഎസ്എൻഎൽ അവതരിപ്പിച്ച പ്ലാനാണ് 439 രൂപയുടേത്. വർഷങ്ങൾ കഴിഞ്ഞിട്ടും ഈ പ്ലാനിൽ ബിഎസ്എൻഎൽ കാര്യമായ ഒരു മാറ്റവും വരുത്തിയിട്ടില്ല.

ട്രായി ഉത്തരവ് പ്രകാരം സ്വകാര്യ ടെലിക്കോം കമ്പനികൾ വോയ്സ്- എസ്എംഎസ് ഒൺലി പ്ലാനുകൾ അവതരിപ്പിച്ചാലും ഈ ബിഎസ്എൻഎൽ പ്ലാനിന്റെ അത്ര വിലക്കുറവിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. മാത്രമല്ല, സ്വകാര്യ ടെലിക്കോം കമ്പനികൾ കഴിഞ്ഞ വർഷം ജൂലൈയിൽ നിരക്ക് വർധിപ്പിച്ചിരുന്നു. ആ നിരക്ക് വർധനയ്ക്ക് കോട്ടം വരാത്ത വിധത്തിൽ മാത്രമേ അവരുടെ വോയ്സ്, എസ്എംഎസ് ഒൺലി പ്ലാനുകൾ തയാറാക്കാൻ സാധ്യതയുള്ളൂ.


Click it and Unblock the Notifications







