നിസാര തുക മതി, ഡാറ്റ കിട്ടും, കോളിങ് നടക്കും, വാലിഡിറ്റിയും കിട്ടും; പറയുന്നത് ബിഎസ്എൻഎൽ ആണ്!
പതിരില്ലാതെ, നെന്മണികളാൽ സമ്പന്നമായ കതിർക്കുല പോലെയാണ് ബിഎസ്എൻഎൽ(BSNL) റീച്ചാർജ് പ്ലാനുകൾ. കുറഞ്ഞ നിരക്കിൽ നൽകാവുന്ന ഏറ്റവും മികച്ച ആനുകൂല്യങ്ങളുമായി അവ അങ്ങനെ നിറഞ്ഞു നിൽക്കുന്നു. എന്നാൽ, വൃത്തിക്ക് നോക്കിനടത്താൻ ആളില്ലെങ്കിൽ ഏതുകൃഷിയും നശിക്കും, കൊയ്യാനാളില്ലെങ്കിൽ എത്ര കനത്ത കതിരും വീണടിയുകയും ചെയ്യും എന്നത് വേറെ കാര്യം.
എത്ര മികച്ച പ്ലാനുകൾ ഉണ്ടെങ്കിലും പലവിധ പോരായ്മകൾ കാരണം ബിഎസ്എൻഎല്ലിന്റെ പല സേവനങ്ങളും ആനുകൂല്യങ്ങളും ജനങ്ങളിലേക്ക് വേണ്ട വിധം ഇപ്പോഴും എത്തുന്നില്ല. പോരായ്മകൾ അങ്ങനെ ഏറെയുണ്ടെങ്കിലും ബിഎസ്എൻഎൽ സേവനങ്ങൾ ആസ്വദിക്കുന്ന ഒരു വിഭാഗം ആളുകൾ ഇപ്പോഴും ഉണ്ട്. അവർക്കായി നിരവധി മികച്ച പ്ലാനുകൾ ബിഎസ്എൻഎൽ അവതരിപ്പിക്കുന്നുമുണ്ട്.

ജിയോ, എയർടെൽ, വിഐ എന്നീ മറ്റ് ടെലിക്കോം കമ്പനികളോട് മത്സരിച്ച് ഇപ്പോഴും പിടിച്ചു നിൽക്കാൻ ബിഎസ്എൻഎല്ലിന് കഴിയുന്നതിന്റെ ഒരു പ്രധാന കാരണം ആകർഷകമായ, താങ്ങാനാകുന്ന നിരക്കിൽ ലഭ്യമായ മികച്ച റീച്ചാർജ് പ്ലാനുകളാണ്. സാധാരണക്കാരന്റെ പോക്കറ്റിനെ വേദനിപ്പിക്കാതെ ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിൽ ബിഎസ്എൻഎൽ കഴിഞ്ഞേ മറ്റാരും വരൂ.
ബിഎസ്എൻഎല്ലിന്റെ സേവനങ്ങളെ വിമർശിക്കുന്നവർ ഏറെയുണ്ട്. നന്നാകാൻ വേണ്ടി വിമർശനങ്ങൾ അനിവാര്യമാണ്. ബിഎസ്എൻഎല്ലിനെ വിമർശിക്കാനുള്ള അവകാശം ഏതൊരു പൗരനുമുണ്ട് താനും. എങ്കിലും ചില കടുത്ത വിമർശകർ ബിഎസ്എൻഎൽ അടച്ചുപൂട്ടണം എന്ന് പോലും രോഷത്തോടെ പ്രതികരിക്കുന്നു. എന്നാൽ, കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല എന്ന പഴമൊഴിയാണ് ഇവിടെ ഓർക്കേണ്ടത്.
ഒരു സാധാരണക്കാരന് ഒരു മാസത്തെ ടെലിക്കോം സേവനങ്ങൾ ബിഎസ്എൻഎൽ നൽകുന്ന അത്രയും കുറഞ്ഞ നിരക്കിൽ നൽകുന്ന മറ്റേതെങ്കിലും ടെലിക്കോം സ്ഥാപനം ഉള്ളതായി ചൂണ്ടിക്കാണിക്കാൻ സാധിക്കുമോ എന്ന ചോദ്യവും ഇതോടൊപ്പം ഉയർന്നുനിൽക്കുന്നു. ഉള്ള പരിമിതികൾക്കിടയിൽ നിന്നുകൊണ്ടുതന്നെ ഒരുവിഭാഗം ആളുകളുടെ ടെലിക്കോം ആവശ്യങ്ങൾ ബിഎസ്എൻഎൽ നിറവേറ്റുന്നുണ്ട്.
തങ്ങളുടെ വരിക്കാർക്കായി ബിഎസ്എൻഎൽ 500 രൂപയിൽ താഴെ വിലയിൽ നിരവധി പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഡാറ്റ, കോളിങ്, എസ്എംഎസ് അടക്കമുള്ള ആനുകൂല്യങ്ങളും നൽകാവുന്ന പരമാവധി വാലിഡിറ്റിയും ഈ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു. ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുള്ള 500 രൂപയിൽ താഴെ നിരക്കുള്ള ചില മികച്ച പ്ലാനുകൾ ഇവിടെ പരിചയപ്പെടാം.
199 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഈ ബിഎസ്എൻഎൽ പ്ലാനിൽ ലഭ്യമാകുന്നു. 30 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. മറ്റ് സ്വകാര്യ കമ്പനികളൊന്നും ഈ നിരക്കിൽ ഇത്രയും ആനുകൂല്യങ്ങളും വാലിഡിറ്റിയും നൽകുന്നില്ല എന്ന് ശ്രദ്ധിക്കുക.
229 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 2GB ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, ചലഞ്ചസ് അരീന ഗെയിമിംഗ് എന്നീ ആനുകൂല്യങ്ങളാണ് ഈ പ്ലാനിൽ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നത്. ഒരു മാസമാണ് 229 രൂപയുടെ ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി.
249 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: 2 ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് കോളിങ, പ്രതിദിനം 100 എസ്എംഎസ് തുടങ്ങിയ അടിസ്ഥാന ടെലിക്കോം ആനുകൂല്യങ്ങളെല്ലാം ഈ പ്ലാൻ നൽകുന്നു. 45 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. നിശ്ചിത 2ജിബി ഡാറ്റ തീർന്നാൽ ഡാറ്റ വേഗത 40 കെബിപിഎസായി കുറയും.
299 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: പ്രതിദിനം 3 ജിബി ഡാറ്റ ഈ പ്ലാനിൽ ലഭ്യമാകും. ഇതോടൊപ്പം അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ പതിവ് ആനുകൂല്യങ്ങളും ഉണ്ട്. 30 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. പ്രതിദിന ഡാറ്റാ പരിധി പിന്നിട്ടാൽ ഇന്റർനെറ്റ് വേഗത 40 Kbps ആയി കുറയും.

347 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: 54 ദിവസത്തെ വാലിഡിറ്റി ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ദിവസം 2ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതോടൊപ്പം അധിക ആനുകൂല്യമായി അരീന മൊബൈൽ ഗെയിമിംഗ് സേവനവും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.
499 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. ഇതോടൊപ്പം അധിക ആനുകൂല്യമായി ഗെയിമിങ് സേവനവും സൗജന്യ ബിഎസ്എൻഎൽ ട്യൂണുകളും ഉൾപ്പെടുത്തിയിരിക്കുന്നു. 75 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.


Click it and Unblock the Notifications








