ഇന്നെടുത്താൽ നാളെ അടിക്കുന്ന 'ലോട്ടറി'! 365 ദിവസ വാലിഡിറ്റിയുള്ള രണ്ട് ബിഎസ്എൻഎൽ പ്ലാനുകൾ
ഇന്ത്യൻ ടെലിക്കോം മേഖലയിൽ സ്വകാര്യ കമ്പനികൾക്കും പിന്നിലാണ് ബിഎസ്എൻഎൽ. അതിന് ഒരു പ്രധാന കാരണം 4ജി സേവനങ്ങളുടെ അപര്യാപ്തതയാണ്. ഏതൊരു ഉപയോക്താവിന്റെയും ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ മികച്ച പ്ലാനുകൾ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ 4ജിയുടെ കുറവ് ബിഎസ്എൻഎല്ലിന് വൻ തിരിച്ചടിയാകുന്നു.
എന്നാൽ എല്ലാ പ്രതിസന്ധികളെയും മറികടന്ന ഈ വർഷം തന്നെ 4ജിയും തുടർന്ന് 5ജിയും അവതരിപ്പിക്കാനുള്ള തീവ്രമായ പോരാട്ടത്തിലാണ് ബിഎസ്എൻഎൽ. ഈ ശ്രമങ്ങൾ അടുത്തുതന്നെ ലക്ഷ്യത്തിലെത്തുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം, 4ജി അവതരിപ്പിക്കുന്നതോടുകൂടി ബിഎസ്എൻഎൽ പ്ലാനുകളുടെ നിരക്കുകളിലും കാര്യമായ വ്യത്യാസങ്ങൾ ഉണ്ടാകും എന്ന് ഉറപ്പാണ്.

മികച്ച ആനുകൂല്യങ്ങളോടെ ബിഎസ്എൻഎൽ 4ജി സേവനങ്ങൾ ആസ്വദിക്കാൻ ഇപ്പോഴേ തയാറെടുക്കാൻ ഉപയോക്താക്കൾക്ക് അവസരമുണ്ട്. ബിഎസ്എൻഎല്ലിന്റെ വാർഷിക പ്ലാനുകളാണ് അതിനുള്ള മാർഗം. മറ്റ് കമ്പനികളുടെ വാർഷിക പ്ലാനുകളെ അപേക്ഷിച്ച് നോക്കിയാൽ ഇപ്പോൾത്തന്നെ ബിഎസ്എൻഎൽ പ്ലാനുകളാണ് കൂടുതൽ ലാഭം നൽകുന്നത്. 4ജി എത്തുന്നതോടെ ഈ ബിഎസ്എൻഎൽ വാർഷികപ്ലാനുകളുടെ മൂല്യം ഇരട്ടിയായി ഉയരും.
2399 രൂപയുടെയും 2999 രൂപയുടെയും ബിഎസ്എൻഎൽ പ്ലാനുകൾ ആകർഷകമായ അധിക ആനുകൂല്യങ്ങൾക്കൊപ്പം ഒരു വർഷം നീണ്ടുനിൽക്കുന്ന വാലിഡിറ്റിയും നൽകുന്നുണ്ട്. ഇപ്പോൾ തന്നെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്താവുന്നതും ഭാവിയിൽ ഇരട്ടി ലാഭം നേടി നൽകുകയും ചെയ്യുന്നവയാണ് ഈ ബിഎസ്എൻഎൽ പ്ലാനുകൾ. ഈ രണ്ട് പ്രീപെയ്ഡ് പ്ലാനുകളിലെയും ആനുകൂല്യങ്ങൾ വിശദമായി പരിചയപ്പെടാം.

2399 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: ഏറെ നാളായി നിലവിലുള്ള ബിഎസ്എൻഎൽ പ്ലാൻ ആണിത്. പ്രതിദിനം 2ജിബി ഡാറ്റയുമായാണ് ഈ പ്ലാൻ എത്തുന്നത്. വർഷം മുഴുവൻ കുറഞ്ഞ നിരക്കിൽ ഡാറ്റ ആനുകൂല്യം ലഭ്യമാക്കാൻ ഈ പ്ലാൻ സഹായിക്കുന്നു. 365 ദിവസ വാലിഡിറ്റിയിലാണ് 2399 രൂപയുടെ പ്ലാൻ എത്തുന്നത്.
പ്രതിദിനം 2ജിബി ഡാറ്റയ്ക്ക് പുറമേ, അൺലിമിറ്റഡ് വോയിസ് കോളിങ് സൗകര്യവും പ്രതിദിനം 100 എസ്എംഎസും ഈ പ്ലാനിൽ ലഭ്യമാകും. മുൻപ് 395 ദിവസ വാലിഡിറ്റി ഈ പ്ലാനിൽ ലഭ്യമായിരുന്നു. എന്നാൽ പിന്നീട് പ്ലാൻ പരിഷ്കരിച്ചപ്പോൾ വാലിഡിറ്റി കുറയുകയായിരുന്നു. ഇനിയുള്ള നാളുകളിലും ഈ പ്ലാൻ പരിഷ്കരിക്കപ്പെടാനും നിരക്കുകൾ കൂടാനും സാധ്യതയുണ്ട്.
ധാരാളം അധിക ആനുകൂല്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ബിഎസ്എൻഎൽ ഈ പ്ലാൻ കൂടുതൽ ആകർഷകമാക്കി മാറ്റിയിരിക്കുന്നു. ഈ പ്ലാനിൽ 30 ദിവസത്തേക്ക് ഇറോസ് നൗ എന്റർടെയ്ൻമെന്റ് സൗജന്യ ആക്സസ് ആസ്വദിക്കാനാകും. കൂടാതെ 30 ദിവസത്തേക്ക് റിംഗ് ബാക്ക് ടോൺ (PRBT), ലോക്ധൂൺ സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയും വാഗ്ദാനം ചെയ്യുന്നു.

2999 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: പ്രതിദിനം കൂടുതൽ ഡാറ്റ വേണ്ട ബിഎസ്എൻഎൽ വരിക്കാർക്ക് അനുയോജ്യമായ വാർഷിക പ്ലാൻ ആണ് 2,999 രൂപയുടേത്. പ്രതിദിനം 3ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുക. ഇതോടൊപ്പം അൺലിമിറ്റഡ് വോയിസ് കോളിങ് സൗകര്യം, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും ലഭ്യമാകും.
365 ദിവസ വാലിഡിറ്റിയാണ് ഈ പ്ലാനും നൽകുന്നത്. ഒരു ദിവസത്തേക്ക് നൽകാവുന്ന പരമാവധി ആനുകൂല്യങ്ങൾ എല്ലാം ഈ പ്ലാനിൽ ബിഎസ്എൻഎൽ ഉൾപ്പെടുത്തിയിരിക്കുന്നു. രാജ്യവ്യാപകമായി ബിഎസ്എൻഎൽ 4ജി ആരംഭിക്കുന്നതോടുകൂടി ഈ രണ്ട് പ്ലാനുകളുടെയും മൂല്യം ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതിനാൽത്തന്നെ ഇപ്പോൾ ഈ പ്ലാനുകൾ തെരഞ്ഞെടുത്താൽ ഭാവിയിൽ അതിന്റെ ഗുണം ലഭിക്കും എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.


Click it and Unblock the Notifications








