ജിയോ, എയർടെൽ, വിഐ വരിക്കാർ കൊതിക്കുന്നു, ഈ പ്ലാൻ കിട്ടിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന്!
ഇന്ത്യയിലെ സാധാരണക്കാരായ ടെലിക്കോം വരിക്കാരുടെ ബജറ്റ് താളം തെറ്റിക്കുന്നൊരു വൻ നീക്കം ടെലിക്കോം കമ്പനികളുടെ വകയായി രണ്ട് മാസത്തിനകം വന്നുചേരുമെന്ന് റിപ്പോർട്ടുകൾ വന്നിട്ട് ദിവസങ്ങളായി. മൊബൈൽ താരിഫ് നിരക്ക് വർധനയാണ് ആ നീക്കം. ഇതിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്ന ആലോചനയിലാണ് മൊബൈൽ ഉപയോക്താക്കൾ.
ജിയോ, എയർടെൽ, വിഐ എന്നീ സ്വകാര്യ കമ്പനികൾ നിരക്ക് വർധിപ്പിക്കും എന്നകാര്യം ഏതാണ്ട് ഉറപ്പായിട്ടുണ്ട്. 20-25 ശതമാനം വരെയാണ് നിരക്ക് വർധന പ്രതീക്ഷിക്കുന്നത്. പ്രതിമാസ പ്ലാനുകൾ ചെയ്യുന്നവരെയാണ് ഈ നിരക്ക് വർധന പ്രധാനമായും ബാധിക്കുക എന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തിൽ വാർഷിക പ്ലാനുകൾ തെരഞ്ഞെടുക്കുന്നതാണ് ബുദ്ധി.

ഇപ്പോഴും എപ്പോഴും വാർഷിക പ്ലാനുകൾ തന്നെയാണ് ലാഭം. റീച്ചാർജ് തുകയിൽ പണം ലാഭിക്കാം എന്നതിനൊപ്പം ഇടയ്ക്ക് ഉണ്ടാകുന്ന നിരക്ക് വർധന ബാധിക്കുകയില്ല എന്ന നേട്ടവും ഉണ്ട്. എന്നാൽ ഈ സ്വകാര്യ ടെലിക്കോം കമ്പനികളുടെ മികച്ച ആനുകൂല്യങ്ങൾ അടങ്ങുന്ന വാർഷിക പ്ലാനുകൾ പലതും 2999 രൂപയ്ക്ക് മുകളിലാണ് എത്തുന്നത്.
അവിടെയാണ് ജിയോ, വിഐ, എയർടെൽ വരിക്കാർ ബിഎസ്എൻഎൽ വരിക്കാരെ അസൂയയോടെ നോക്കുകയും ബിഎസ്എൻഎല്ലിന്റെ 2399 രൂപയുടെ പ്ലാൻ പോലൊരു പ്ലാൻ തങ്ങൾക്കും ഉണ്ടായിരുന്നു എങ്കിൽ എത്ര നന്നായിരുന്നു എന്ന് ആഗ്രഹിക്കുകയും ചെയ്തുപോകുന്നത്. ഏറ്റവും കുറഞ്ഞ തുകയ്ക്കുള്ളിൽ നിന്നുകൊണ്ട് നൽകാവുന്ന മികച്ച വാലിഡിറ്റിയും ആനുകൂല്യങ്ങളും 2399 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ നൽകുന്നു.

മറ്റ് കമ്പനികളുടെ വാർഷിക പ്ലാനുകളെ അപേക്ഷിച്ച് നോക്കിയാൽ സാധാരണ ഗതിയിൽ തന്നെ ബിഎസ്എൻഎൽ പ്ലാനുകളാണ് കൂടുതൽ ലാഭം നൽകുന്നത്. 2399 രൂപയുടെ പ്ലാനിന്റെ കാര്യത്തിൽ അത് കൂടുതൽ പ്രസക്തമാണ്. ഏറെനാൾ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന ഒരു പ്ലാൻ ആണ് വേണ്ടത് എങ്കിൽ നിലവിലുള്ള ഏറ്റവും മികച്ച ഓപ്ഷനുകളിലൊന്ന് 2399 രൂപയുടെ പ്ലാൻ ആണ്.
2399 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിലെ ആനുകൂല്യങ്ങൾ: ഈ പ്ലാനിൽ 2GB പ്രതിദിന ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ദിവസം 100 എസ്എംഎസും ലഭിക്കും. 395 ദിവസം അഥവാ 13 മാസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. 30 ദിവസത്തേക്കുള്ള ലോക്ധൂൺ ഉള്ളടക്കവും 30 ദിവസത്തേക്കുള്ള PRBTയുമാണ് ഈ പ്രീപെയ്ഡ് പ്ലാനിനൊപ്പം ചേർത്തിട്ടുള്ള അധിക ആനുകൂല്യങ്ങൾ.
സാധാരണ വാർഷിക പ്ലാനുകൾ 365 ദിവസ വാലിഡിറ്റി നൽകുമ്പോൾ ഇവിടെ ഒരു മാസം കൂടി അധിക വാലിഡിറ്റി നൽകുന്നു. അവിടെത്തന്നെ ബിഎസ്എൻഎൽ സ്കോർ ചെയ്യുന്നു. അതോടൊപ്പം ദിവസം 2ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും കൂടി 2399 രൂപയ്ക്ക് ലഭിക്കുമ്പോൾ ഉപയോക്താവിന് അത് ലോട്ടറിയടിച്ചപോലെയാണ്.

പ്രധാന ടെലിക്കോം ആനുകൂല്യങ്ങൾക്ക് പുറമേ അധിക ആനുകൂല്യങ്ങളും ഈ ബിഎസ്എൻഎൽ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ വാർഷിക പ്ലാൻ തെരഞ്ഞെടുക്കുന്നതിന് മുൻപ് ഉപയോക്താക്കൾ ഒരു കാര്യം ശ്രദ്ധിക്കണം. ബിഎസ്എൻഎൽ സേവനങ്ങൾ തങ്ങൾക്ക് തൃപ്തികരമായ വിധത്തിൽ നിലവിൽ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കിയിട്ട് വേണം ഈ പ്ലാൻ തെരഞ്ഞെടുക്കാൻ.
ചിലയിടങ്ങളിൽ ബിഎസ്എൻഎല്ലിന് മതിയായ വേഗത ലഭ്യമല്ല. ബിഎസ്എൻഎൽ 4ജി ഈ വർഷം തന്നെ രാജ്യമാകെ അവതരിപ്പിക്കുമെന്നൊക്കെ കമ്പനി പറയുന്നുണ്ട് എങ്കിലും അത് എത്രകണ്ട് നടപ്പാകും എന്ന് കണ്ടറിയാനേ കഴിയൂ. ഇതിന് മുൻപും നിരവധി ലാസ്റ്റ് ഡേറ്റുകൾ കമ്പനി പറഞ്ഞിരുന്നതിനാലാണ് പുതിയ തീയതി ആരും വിശ്വാസത്തിലെടുക്കാത്തത്. എങ്കിലും നിലവിൽ ബിഎസ്എൻഎൽ മാന്യമായ വേഗത നൽകുന്ന ഇടങ്ങളുമുണ്ട്.


Click it and Unblock the Notifications








