ആന വാ പൊളിക്കുന്നത് കണ്ട് ബിഎസ്എൻഎൽ വാപൊളിക്കാമോ? 99 രൂപയുടെ BSNL പ്ലാനിൽ മാറ്റംവരുത്തി
നിരവധി സാധാരണക്കാർ ആശ്രയിക്കുന്ന ഒരു ടെലിക്കോം സ്ഥാപനമാണ് ബിഎസ്എൻഎൽ. ഏറ്റവും മികച്ച ഗംഭീര സേവനം എന്നൊന്നും പറയാനാകില്ലെങ്കിലും ബിഎസ്എൻഎൽ സേവനങ്ങൾ ഉപയോഗിച്ച് മുന്നോട്ട് പോകുന്ന ധാരാളം ടെലിക്കോം ഉപയോക്താക്കൾ രാജ്യത്തുണ്ട്. അതിൽത്തന്നെ മലയാളികൾ ഏറെ മുന്നിലുമാണ്. എങ്ങനെയെങ്കിലും 4ജി സേവനങ്ങൾ എല്ലായിടത്തും എത്തിക്കാനുള്ള ശ്രമത്തിലാണ് ബിഎസ്എൻഎൽ.
ചിലയിടങ്ങളിൽ, ഡാറ്റ വേഗത അൽപ്പം കുറവാണെങ്കിലും കോളിങ് ആവശ്യങ്ങളും മറ്റും നിറവേറ്റാൻ ബിഎസ്എൻഎൽ അനുയോജ്യമാണ് എന്നാണ് കൂടുതൽ ഉപയോക്താക്കളും അഭിപ്രായപ്പെടാറുള്ളത്. കുറഞ്ഞ നിരക്കിൽ റീച്ചാർജ് ഓപ്ഷനുകൾ ലഭ്യമാണ് എന്നതായിരുന്നു ബിഎസ്എൻഎല്ലിനെ ജനപ്രിയമാക്കിയ പ്രധാന ഘടകങ്ങളിലൊന്ന്. 4ജി വന്നാലും നിരക്ക് കൂട്ടില്ലെന്നും ഇടയ്ക്ക് ബിഎസ്എൻഎൽ അധികൃതർ പറഞ്ഞിരുന്നു.

ഉപയോക്താക്കളുടെ കണ്ണിൽപ്പെടാത്ത വിധത്തിൽ, ആരും ശ്രദ്ധിക്കാത്ത വിധത്തിലുള്ള വളരെ ചെറിയ മാറ്റമാണ് ബിഎസ്എൻഎൽ 99 രൂപയുടെ പ്ലാനിൽ വരുത്തിയിരിക്കുന്നത്. 99 പ്ലാനിൽ ലഭ്യമായിരുന്ന വാലിഡിറ്റി കുറച്ചിരിക്കുന്നു എന്നതാണ് മാറ്റം. വെറും ഒരു ദിവസത്തെ വാലിഡിറ്റി മാത്രമാണ് കുറച്ചിരിക്കുന്നത്. അതിനാൽത്തന്നെ ഇത് അധികമാരും ശ്രദ്ധിക്കില്ല.
എന്നാലിപ്പോൾ നേരിട്ട് വില കൂട്ടാതെ തന്നെ, സാധാരണക്കാർ പ്രയോജനപ്പെടുത്തിയിരുന്ന ഒരു റീച്ചാർജ് പ്ലാനിന്റെ ചെലവ് ബിഎസ്എൻഎൽ വർധിപ്പിച്ചിരിക്കുന്നു. 99 രൂപയുടെ റീച്ചാർജ് പ്ലാനിൽ ആണ് പുതിയ മാറ്റം വരുത്തിയിരിക്കുന്നത്. മുൻപ് 99 രൂപയ്ക്ക് ലഭ്യമായിരുന്ന ആനുകൂല്യങ്ങൾ ഇപ്പോൾ അതേപടി 99 രൂപ പ്ലാനിൽ ലഭ്യമാകില്ല.

എന്നാൽ ഒരു ദിവസ വാലിഡിറ്റി കുറച്ചതോടെ പ്ലാനിന്റെ ചെലവ് വർധിച്ചിരിക്കുന്നു എന്നതാണ് പരോക്ഷമായ സത്യം. ബിഎസ്എൻഎൽ 99 രൂപ പ്ലാൻ ഇപ്പോൾ 17 ദിവസത്തെ വാലിഡിറ്റിയിൽ ആണ് ലഭ്യമാകുക. നേരത്തെ, പ്ലാനിന് 18 ദിവസത്തെ വാലിഡിറ്റി ഉണ്ടായിരുന്നു. മാറ്റം വളരെ വലുതല്ല, പക്ഷേ ഇത് പ്ലാനിൻ്റെ ശരാശരി ദൈനംദിന ചെലവ് വർദ്ധിപ്പിക്കുന്നു.
മുൻപ് 99 രൂപയുടെ പ്ലാൻ ഉപയോഗിക്കുന്നതിനുള്ള പ്രതിദിന ചെലവ് 5.5 രൂപ ആയിരുന്നു. ഇപ്പോൾ പ്രതിദിന ചെലവ് 5.82 രൂപയായി ഉയർന്നിരിക്കുന്നു. 99 രൂപയുടെ ഈ പ്ലാൻ ഒരു പ്രത്യേക താരിഫ് വൗച്ചറാണ് (STV). ഈ പ്ലാൻ ഒരു തരത്തിലുള്ള ഡാറ്റാ ആനുകൂല്യങ്ങളും നൽകുന്നില്ല.
99 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിലെ ആനുകൂല്യങ്ങൾ: പുതിയ മാറ്റങ്ങൾക്ക് ശേഷം ബിഎസ്എൻഎൽ 99 രൂപ പ്ലാൻ 17 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് വാഗ്ദാനം ചെയ്യുന്നു. മറ്റ് ആനുകൂല്യങ്ങളൊന്നും ഈ പ്ലാനിൽ ലഭ്യമല്ല. ഈ പ്ലാൻ ഉപയോഗിക്കുന്ന ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ഡാറ്റ വേണമെങ്കിൽ ഡാറ്റ പ്ലാനുകളെ ആശ്രയിക്കാവുന്നതാണ്.

കഴിഞ്ഞ ദിവസം രാജ്യത്തെ പ്രമുഖ ടെലിക്കോം കമ്പനികളിൽ ഒന്നായ എയർടെലും തങ്ങളുടെ രണ്ട് റീച്ചാർജ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചിരുന്നു. ബിഎസ്എൻഎൽ നടത്തിയതുപോലുള്ള നിസാര വർധനവൊന്നുമല്ല എയർടെൽ നടത്തിയത് എന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു. എന്നാൽ എയർടെൽ നൽകുന്ന മികച്ച സേവനം കണക്കിലെടുത്ത് നിരക്ക് ഉയർത്തിയാലും പ്രശ്നമില്ലാത്ത വരിക്കാർ ധാരാളം ഉണ്ട്.
എന്നാൽ ബിഎസ്എൻഎല്ലിന്റെ കാര്യം അങ്ങനെയല്ല. മാന്യമായ നിരക്കുകളാണ് സാധാരണക്കാരിൽ പലരെയും ബിഎസ്എൻഎല്ലിനോട് അടുപ്പിച്ച് നിർത്തുന്നത്. അതിനാൽത്തന്നെ എയർടെലിന്റേതുപോലെ കണ്ണുംപൂട്ടി നിരക്ക് കൂട്ടുന്ന പരിപാടി ബിഎസ്എൻഎല്ലിന് അവതരിപ്പിക്കാൻ പരിമിതിയുണ്ട്. എങ്കിലും ടെലിക്കോം സ്ഥാപനം എന്ന നിലയിൽ വരിക്കാരിൽനിന്ന് വരുമാനം വർധിപ്പിക്കാൻ നടപടിയെടുക്കുകയും വേണം. അതിന്റെ ഭാഗമായിട്ടാകാം ചെറിയ തോതിലുള്ള ഈ പരോക്ഷ നിരക്ക് വർധന.


Click it and Unblock the Notifications








