ഇത് കേന്ദ്രത്തിന്റെ മറ്റൊരു തന്ത്രം! 800-ൽ അധികം ജീവനക്കാരെ സ്ഥലം മാറ്റി ബിഎസ്എൻഎൽ
സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിനെ ലാഭത്തിലേക്ക് നയിക്കാൻ കേന്ദ്ര സർക്കാർ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. അതിനായി പല മാർഗങ്ങളും ആലോചിക്കുകയും നടപ്പാക്കുകയും ചെയ്തുവരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ബിഎസ്‌എൻഎല്ലിൽ ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. മുൻപില്ലാത്ത വിധം മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞു, കൂടാതെ ബ്രാൻഡ് ലോഗോ അപ്‌ഡേറ്റ് ചെയ്തു, വെബ്‌സൈറ്റ് മാറ്റി, പുതിയ സേവനങ്ങൾ ആരംഭിച്ചു, 4G കൂടുതൽ സ്ഥലങ്ങളിൽ എത്തി എന്നിങ്ങനെ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. ഇനി കൂടുതൽ മാറ്റങ്ങൾ വരാനിരിക്കുന്നു. അടുത്തുതന്നെ 4ജി ഒരുലക്ഷം സൈറ്റുകളിൽ എത്തും. ഇതിന് പിന്നാലെ 5ജി വ്യാപനവും ആരംഭിക്കും.
ബിഎസ്എൻഎല്ലിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനുള്ള നടപടികളുടെ ഭാഗമായി ഇപ്പോൾ രാജ്യവ്യാപകമായി ബിഎസ്എൻഎൽ ഉദ്യോഗസ്ഥരെ പുനർ വിന്യസിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ 800ൽ അധികം ജീവനക്കാരെ ബിഎസ്എൻഎൽ വിവിധ സർക്കിളുകളിലേക്ക് ട്രാൻസ്ഫർ ചെയ്തു എന്ന് കഴിഞ്ഞ ദിവസം ഇടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാനേജ്മെന്റ് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ നീക്കം.

2025 മെയ് 2 ന് ബിഎസ്എൻഎൽ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതിൽ വിവിധ ഡൊമെയ്‌നുകളിലോ വകുപ്പുകളിലോ ഉള്ള ഉദ്യോഗസ്ഥരെ അവരുടെ സ്ഥാനങ്ങളിൽ നിന്ന് ട്രാൻസ്ഫർ ചെയ്യുമെന്ന് പറഞ്ഞിരുന്നു. സിവിൽ, ഫിനാൻസ്, ടെലികോം തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ഉദ്യോഗസ്ഥർക്ക് ട്രാൻസ്ഫർ നൽകും. ഏകദേശം 20,000 എക്സിക്യൂട്ടീവുകളെയും 30,000 നോൺ-എക്സിക്യൂട്ടീവുകളെയുമാണ് ബിഎസ്എൻഎൽ കമ്പനിയുടെ പ്രവർത്തനങ്ങൾക്കായി വിന്യസിച്ചിരിക്കുന്നത്.
കസ്റ്റമർ ഫിക്സഡ് ആക്‌സസ് (CFA), യൂസർ മൊബിലിറ്റി, എന്റർപ്രൈസ് ബിസിനസ്സ് എന്നിങ്ങനെ വരുമാനം ഉണ്ടാക്കുന്ന തസ്തികകളിലെ ഒഴിവുകൾ നികത്തുക എന്നതിനാണ് ബിഎസ്എൻഎൽ പ്രഥമ പരിഗണന നൽകുന്നത്. ഇതിന് ഏകദേശം 12.5 കോടി രൂപ ചിലവാകുമെന്ന് ആണ് റിപ്പോർട്ട്. കമ്പനിയുടെ സുഗമമായ പ്രവർത്തനങ്ങൾ തുടരുന്നുവെന്ന് ഉറപ്പാക്കാൻ പ്രധാനമായും പ്രമോഷൻ അടിസ്ഥാനത്തിലാണ് ജീവനക്കാരെ സ്ഥലം മാറ്റിയിരിക്കുന്നത് എന്നാണ് ബിഎസ്എൻഎൽ അറിയിച്ചിട്ടുള്ളത്.

ജീവനക്കാരെ ഫലപ്രദമായി വിനിയോഗിക്കുന്നതിലൂടെ സ്ഥാപനത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ കഴിയും എന്ന ബിഎസ്എൻഎൽ നീക്കം മികച്ചതാണ്. എന്നാൽ ഇതോടൊപ്പം ബിഎസ്എൻഎൽ മറ്റൊരു കാര്യത്തിൽ കൂടി ശ്രദ്ധ ചെലുത്തണം എന്ന് പൊതു അഭിപ്രായമുണ്ട്. ഉപയോക്താക്കൾ അല്ലെങ്കിൽ പൊതുജനങ്ങളുമായി ഇടപെടാൻ ബിഎസ്എൻഎല്ലിന് മികച്ച ഒരു കസ്റ്റമർ കെയർ സർവീസ് ആവശ്യമാണ് എന്നതാണ് ഉയരുന്ന ആവശ്യം.
കഴിഞ്ഞ മാസം, അതായത് ഏപ്രിൽ ബിഎസ്എൻഎൽ കസ്റ്റമർ സർവീസ് മന്ത് ആയി ആചരിക്കുകയും ഉപയോക്താക്കളുടെ അഭിപ്രായങ്ങളും പരാതികളും അറിയിക്കാൻ സംവിധാനം ഒരുക്കുകയും ചെയ്തിരുന്നു. ആളുകളുമായി ഇടപെടാൻ കൂടുതൽ മികച്ച ഒരു സംവിധാനം ബിഎസ്എൻഎല്ലിന് ഉണ്ടാകണം എന്നുതന്നെയാണ് കൂടുതൽ പേരും ആഗ്രഹിക്കുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു.
ബിഎസ്എൻഎൽ നൽകുന്ന സേവനങ്ങൾ കുറ്റമറ്റതാണ് എന്ന് പറയാൻ കഴിയില്ല, സ്വാഭാവികമായും പല പ്രശ്നങ്ങളും ബിഎസ്എൻഎല്ലിന് ഉണ്ടാകും. ഉപയോക്താക്കൾക്ക് തങ്ങളുടെ പ്രശ്നങ്ങൾ പറയാനും പരിഹരിക്കാനും ഒരു ആശ്രയ സ്ഥാനം ബിഎസ്എൻഎല്ലിൽ ആവശ്യമാണ്. അത് എത്ര ചെലവുള്ള കാര്യമായാലും മികച്ചൊരു കസ്റ്റമർ കെയർ സംവിധാനം ബിഎസ്എൻഎൽ ഉണ്ടാക്കിയേ മതിയാകൂ എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

AI ബോട്ടുകൾക്ക് പോലുള്ള സംവിധാനങ്ങൾ ഒരു പരിധി വരെ ചെറിയ ആശ്വാസമാകും. ബിഎസ്‌എൻഎൽ അടുത്തിടെ തങ്ങളുടെ വെബ്‌സൈറ്റിനായി വാണി എന്ന ബോട്ട് ആരംഭിക്കുന്നതിൽ നിക്ഷേപം നടത്തി. ഉപഭോക്താക്കളെ അവരുടെ സംശയങ്ങൾ തീർക്കാൻ സഹായിക്കുന്ന ഒരു ചാറ്റ്ബോട്ട് ആണിത്. എന്നിരുന്നാലും, ഇതിന്റെ പ്രവർത്തനം അത്ര വിജയകരമല്ല.
പുതിയ ടെക്നോളജിയെ ഉപയോഗിക്കുമ്പോൾ അത് കുറ്റമറ്റ രീതിയിൽ അവതരിപ്പിക്കാൻ ബിഎസ്എൻഎൽ തയാറാകണം. മാത്രമല്ല, ആളുകൾക്ക് നേരിട്ട് ഇടപെടാൻ കഴിയുന്ന ഒരു സംവിധാനവും ഉണ്ടാകണം. മറ്റൊരു പ്രധാനകാര്യമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ബിഎസ്എൻഎൽ പ്രാദേശിക ഓഫീസുകളുടെ അഭാവവും ഉള്ള ഓഫീസുകളുടെ ശോചനീയ അവസ്ഥയുമാണ്. പഴഞ്ചൻ ഓഫീസുകൾ വൃത്തിയാക്കി പുതിയ കാലഘട്ടത്തോട് ചേർന്ന് നിൽക്കുന്ന രീതിയിൽ അവയെ നവീകരിക്കേണ്ടതും അനിവാര്യമാണ് എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.


Click it and Unblock the Notifications








