ബിഎസ്എൻഎൽ റിപ്പബ്ലിക് ഡേ ഓഫർ: 2626 രൂപയുടെ പുതിയ 365 ദിവസ റീച്ചാർജ് പ്ലാൻ പ്രഖ്യാപിച്ചു
പൊതുമേഖലാ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ ഇന്ത്യൻ റിപ്പബ്ലിക് ഡേ ആഘോഷം പ്രമാണിച്ച് പുതിയ സ്പെഷൽ പ്രീപെയ്ഡ് റീച്ചാർജ് പ്ലാൻ പ്രഖ്യാപിച്ചു. 2626 രൂപയാണ് ഈ പ്ലാനിന്റെ വില. ഒരു വാർഷിക റീച്ചാർജ് ഓപ്ഷനായാണ് ഈ റിപ്പബ്ലിക് ദിന സ്പെഷൽ പ്ലാൻ ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ രണ്ട് വാർഷിക പ്രീപെയ്ഡ് പ്ലാനുകളാണ് ബിഎസ്എൻഎല്ലിന് ഉള്ളത്. അതിനോടൊപ്പം ഈ പുതിയ പ്ലാനും ചേരുന്നു. എന്നാൽ 2026 ഫെബ്രുവരി 24 വരെ മാത്രമാണ് ഈ റിപ്പബ്ലിക് ദിന സ്പെഷൽ റീച്ചാർജ് പ്ലാൻ ഉപയോക്താക്കൾക്ക് ലഭ്യമാകുക.
ഭാരത് കണക്ട് 26 പ്ലാൻ
റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യയെമ്പാടുമുള്ള തങ്ങളുടെ വരിക്കാർക്കായി ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്ന 2626 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് ഭാരത് കണക്ട് 26 പ്ലാൻ (BSNL Bharat Connect 26 Plan) എന്നാണ് ബിഎസ്എൻഎൽ പേര് നൽകിയിരിക്കുന്നത്. ഒറ്റ റീച്ചാർജിൽ വർഷം മുഴുവൻ മികച്ച ആനുകൂല്യങ്ങൾ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

അടിമുടി 26 മയം
2626 രൂപയുടെ ബിഎസ്എൻഎൽ റിപ്പബ്ലിക് ദിന പ്ലാനിൽ അടിമുടി 26 മയം കാണാനാകും. 26 എന്നത് റിപ്പബ്ലിക് ദിന തിയതിയെ സൂചിപ്പിക്കുന്നു, അതേപോലെ 26 എന്നത് വർഷത്തെയും സൂചിപ്പിക്കുന്നു. ഈ പ്ലാനിൽ ലഭ്യമാകുന്ന പ്രതിദിന ഡാറ്റയുടെ അളവിനും 26ന്റെ ചെറിയ ഛായയുണ്ട്, 2.6ജിബി പ്രതിദിന ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. സാധാരണ ഈ അളവിൽ പ്രതിദിന ഡാറ്റ ഒരു കമ്പനിയും നൽകുന്നില്ല.
2626 രൂപയുടെ പുതിയ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ
അൺലിമിറ്റഡ് കോളിങ്, ദിവസം 2.6ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, 365 ദിവസ വാലിഡിറ്റി എന്നിവയാണ് ബിഎസ്എൻഎല്ലിന്റെ 2626 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ. ഈ പ്ലാനിന്റെ പ്രതിദിന ചെലവ് ഏകദേശം 7.19 രൂപ വരും. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴിയും ഔദ്യോഗിക വെബ്സൈറ്റ് വഴിയും ഇത് ലഭ്യമാണ്.

റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് അവതരിപ്പിച്ചിരിക്കുന്ന ഈ സ്പെഷൽ റീച്ചാർജ് പ്ലാൻ അടുത്ത മാസം 24-ാം തിയതി വരെ മാത്രമേ ലഭ്യമാകൂ എന്നാണ് ബിഎസ്എൻഎൽ അറിയിച്ചിരിക്കുന്നത്. അതിനാൽ താൽപര്യമുള്ളവർ ഈ തിയതിക്ക് ഉള്ളിൽ ഇത് പ്രയോജനപ്പെടുത്താൻ ശ്രദ്ധിക്കണം. ഇത് കൂടാതെ രണ്ട് വാർഷിക റീച്ചാർജ് ഓപ്ഷനുകളാണ് ബിഎസ്എൻഎല്ലിന് ഉള്ളത്. അവ 2799 രൂപ, 2399 രൂപ വിലകളിൽ എത്തുന്നു.
2399 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ
ബിഎസ്എൻഎല്ലിന്റെ ഏറ്റവും വില കുറഞ്ഞ വാർഷിക പ്രീപെയ്ഡ് പ്ലാൻ ഇതാണ്. അൺലിമിറ്റഡ് കോളിങ്, ദിവസം 2.5ജിബി ഡാറ്റ (ശരിക്കും 2ജിബി പ്രതിദിന ഡാറ്റയാണ്, പ്രത്യേക ഓഫറിന്റെ ഭാഗമായി ജനുവരി 31ന് ഉള്ളിൽ റീച്ചാർജ് ചെയ്യുന്നവർക്ക് 2.5ജിബി ഡാറ്റ വീതം ലഭിക്കും), ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ 365 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ലഭിക്കും. 6.57 രൂപയാണ് പ്രതിദിന ചെലവ്.
2799 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ
ന്യൂ ഇയറിനോട് അനുബന്ധിച്ച് അടുത്തിടെ ബിഎസ്എൻഎൽ അവതരിപ്പിച്ച വാർഷിക പ്രീപെയ്ഡ് പ്ലാനാണ് ഇത്. പ്രതിദിനം 3ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 365 ദിവസ വാലിഡിറ്റിയിൽ ഈ ആനുകൂല്യങ്ങൾ ലഭ്യമാകും. ഇതിന്റെ പ്രതിദിന ചെലവ് 7.66 രൂപയാണ്.

2026ൽ സ്വകാര്യ ടെലിക്കോം കമ്പനികൾ തങ്ങളുടെ നിരക്കുകൾ ഉയർത്തും എന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ബിഎസ്എൻഎൽ നിരക്ക് ഉയർത്താൻ സാധ്യതയില്ല എന്ന് കരുതപ്പെടുന്നു. എന്തായാലും കുറഞ്ഞ നിരക്കിൽ ബെസ്റ്റ് ആനുകൂല്യങ്ങൾ നൽകുന്ന വാർഷിക പ്രീപെയ്ഡ് പ്ലാനുകളുടെ കാര്യത്തിൽ ഈ മൂന്ന് ബിഎസ്എൻഎൽ പ്ലാനുകളെ കടത്തിവെട്ടുന്ന മറ്റൊരു പ്ലാനും നിലവിൽ ഇല്ല.


Click it and Unblock the Notifications








