അയ്യയ്യേ ഇത് നാണക്കേട്! BSNL നിലവാരത്തിൽ എംപിമാർക്ക് അതൃപ്തി; 6 മാസത്തിനുള്ളിൽ എല്ലാം ശരിയാകുമെന്ന് അധികൃതർ
സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ ( BSNL ) സേവന നിലവാരത്തിലും വരിക്കാരുടെ എണ്ണം കുറയുന്നതിലും പാർലമെൻ്ററി കമ്മിറ്റി അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോർട്ട്. തിങ്കളാഴ്ച ബിഎസ്എൻഎൽ അധികൃതരുമായി നടന്ന കൂടിക്കാഴ്ചയിലാണ് എംപിമാർ അതൃപ്തി പ്രകടമാക്കിയത്. എല്ലാ എംപിമാർക്കും ബിഎസ്എൻഎൽ ഫോണുകൾ നൽകിയിട്ടുണ്ട്. തങ്ങളുടെ ഈ ഫോണുകളിലെ ബിഎസ്എൻഎൽ സിമ്മുകളുടെ പ്രവർത്തനം തീരെ പോര എന്നാണ് എംപിമാരുടെ വിലയിരുത്തൽ. തിങ്കളാഴ്ച നടന്ന യോഗത്തിൽ ചില എംപിമാർ സ്വന്തം മൊബൈലിൽ ലഭിക്കുന്ന മോശം സേവനം അടക്കം ഉദാഹരണമായി ചൂണ്ടിക്കാണിച്ചുകൊണ്ട് ബിഎസ്എൻഎൽ പ്രവർത്തനങ്ങളിൽ അതിന്റെ അധികൃതരെ അതൃപ്തി അറിയിച്ചു എന്ന് ഇടി റിപ്പോർട്ട് ചെയ്യുന്നു.
ഒരുകാലത്ത് ഇന്ത്യയുടെ അഭിമാനമായിരുന്ന സ്ഥാപനമാണ് ബിഎസ്എൻഎൽ. ഇന്ത്യൻ ടെലിക്കോം രംഗം എന്നു പറഞ്ഞാൽ അത് ബിഎസ്എൻഎൽ ആയിരുന്നു. എന്നാൽ ഇന്ന് ഇന്ത്യയിൽ ഏറ്റവും കുറവ് വരിക്കാരുള്ള ടെലിക്കോം കമ്പനിയാണ് ബിഎസ്എൻഎൽ. അടുത്തിടെയായിട്ട് ഇതിൽ ചെറിയ മാറ്റമൊക്കെ വരുന്നുണ്ട്. അതിന് കാരണം സ്വകാര്യ കമ്പനികളുടെ നിരക്ക് വർധനയും ബിഎസ്എൻഎൽ 4ജി വ്യാപനം കൂടുതൽ പ്രദേശങ്ങളിലേക്ക് എത്തി എന്നതുമാണ്.

സേവനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച എംപിമാരോട് ബിഎസ്എൻഎൽ അധികൃതർ നിലവിലെ സാഹചര്യങ്ങൾ വിശദീകരിച്ചു. നിലവിൽ 24,000 ടവറുകളിൽ 4ജി സജ്ജീകരിച്ചതായും അടുത്ത ആറ് മാസത്തിനുള്ളിൽ ഇത് ഒരുലക്ഷം 4ജി ടവറുകളാക്കി ഉയർത്തി, മെച്ചപ്പെട്ട സേവനം നൽകുമെന്നും ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ ബി.ജെ.പി എം.പി സഞ്ജയ് ജയ്‌സ്വാളിൻ്റെ നേതൃത്വത്തിലുള്ള എംപിമാരുടെ എസ്റ്റിമേറ്റ് കമ്മിറ്റിക്ക് ഉറപ്പ് നൽകി.
ടെലികോം സെക്രട്ടറി നീരജ് മിത്തലും ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിൻ്റെ സിഎംഡിയും ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ എംപിമാരുടെ കമ്മറ്റിയുമായുള്ള യോഗത്തിൽ പങ്കെടുത്തു. "ആത്മനിർഭർ ഭാരത്" എന്ന സർക്കാർ ആശയത്തെ പിന്തുണച്ചുകൊണ്ട് 4ജി സേവനങ്ങൾക്കായി തദ്ദേശീയ സാങ്കേതികവിദ്യ വികസിപ്പിച്ചതായും ഈ ആത്മനിർഭർ 4ജി വരുന്ന ആറ് മാസത്തിനുള്ളിൽ രാജ്യമെമ്പാടും ലഭ്യമാകുമെന്നും ബിഎസ്എൻഎൽ അധികൃതർ വിശദീകരിച്ചതായി പിന്നീട് ചില എംപിമാർ വ്യക്തമാക്കി.

എംപിമാരുടെ പാനലും ബിഎസ്എൻഎൽ അധികൃതരുമായുള്ള കൂടിക്കാഴ്ച പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത് ബിഎസ്എൻഎല്ലിന്റെ 4G, 5G സേവനങ്ങളുടെ വ്യാപനത്തിലാണ്. ഏകദേശം 54,000 ടവറുകൾ 4ജി സേവനങ്ങൾ ആരംഭിക്കാൻ തയ്യാറാണെന്നും ആറ് മാസത്തിനുള്ളിൽ 1,00,000 4ജി ടവറുകൾ എന്ന ലക്ഷ്യത്തിലേക്ക് ബിഎസ്എൻഎൽ എത്തുമെന്നും ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ എംപിമാരുടെ കമ്മറ്റിക്ക് മുന്നിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സാങ്കേതികമായി 4ജിയിൽ നിന്ന് 5ജിയിലേക്ക് അതിവേഗം മാറാൻ കഴിയും വിധമാണ് ബിഎസ്എൻഎൽ 4ജി വ്യാപനം മുന്നേറുന്നത് എന്നും 4ജി വ്യാപനം പൂർത്തിയായാൽ വളരെപ്പെട്ടെന്ന് തന്നെ 5ജി സേവനങ്ങളും ആരംഭിക്കാൻ കഴിയുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. തദ്ദേശീയ 5ജി ടെക്നോളജിയുടെ പരീക്ഷണങ്ങൾ ബിഎസ്എൻഎൽ ഇതിനകം നടത്തിവരുന്നുണ്ട്.

ഒരുകാലത്ത് പ്രബലമായിരുന്ന ബിഎസ്എൻഎല്ലിൻ്റെ വിപണി വിഹിതം ഏഴ് ശതമാനത്തോളമായി കുറഞ്ഞത് എങ്ങനെയാണ് എന്ന ആശങ്ക ചില എംപിമാർ ബിഎസ്എൻഎൽ അധികൃതരുമായുള്ള കൂടിക്കാഴ്ചയിൽ പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. അതേസമയം 4ജി സേവനങ്ങളും 5ജി സേവനങ്ങളും എത്തുന്നതോടെ സ്വകാര്യ ടെലിക്കോം കമ്പനികൾക്ക് വൻ വെല്ലുവിളി ഉയർത്താനും കൂടുതൽ വരിക്കാരെ സ്വന്തമാക്കി വരുമാനം വർധിപ്പിക്കാനും സാധിക്കുമെന്നാണ് ബിഎസ്എൻഎൽ കണക്കുകൂട്ടൽ. നിലവിലെ നഷ്ടങ്ങൾ നികത്തി, 2027ൽ ലാഭത്തിൽ എത്താനുള്ള നടപടികളാണ് ബിഎസ്എൻഎൽ ഇപ്പോൾ നടത്തിവരുന്നത്.


Click it and Unblock the Notifications







