അനിയാ ജിയോ... നീ 198 രൂപ പ്ലാനിറക്കിയാൽ ചേട്ടൻ ഞാൻ 139ന് ഇറക്കും; അംബാനിക്ക് വീണ്ടും BSNL വക പണി
ഇന്ത്യൻ ടെലിക്കോം മേഖലയിൽ മുൻപില്ലാത്തവിധം മത്സരം ശക്തമായിരിക്കുകയാണ്. ജൂലൈയിൽ സ്വകാര്യ കമ്പനികൾ നടപ്പാക്കിയ നിരക്ക് വർധനയാണ് ഇപ്പോഴത്തെ മത്സരങ്ങളുടെ മൂല കാരണം. അതുവരെ ജിയോയും എയർടെലും മറ്റ് കമ്പനികളായ വൊഡാഫോൺ ഐഡിയ, ബിഎസ്എൻഎൽ എന്നിവരെ ബഹുദൂരം പിന്നിലാക്കി കുതിക്കുകയായിരുന്നു. എന്നാൽ നിരക്കുകൾ വർധിപ്പിച്ചതിനു പിന്നാലെ ഈ കുതിപ്പിന് വേഗത കുറഞ്ഞെന്ന് മാത്രമല്ല, അതുവരെ നിലത്തടിഞ്ഞ് തലയുയർത്താൻ ശേഷിയില്ലാതെ കിടന്നിരുന്ന ബിഎസ്എൻഎല്ലിന് ജീവൻ വയ്ക്കുകയും ചെയ്തു. മറ്റ് കമ്പനികൾ റീച്ചാർജ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചപ്പോൾ അത് അനുകരിച്ച് നിരക്ക് കൂട്ടാൻ ബിഎസ്എൻഎൽ തയാറായില്ല.
സ്വകാര്യ കമ്പനികളുടെ പുതിയ നിരക്കുകൾ കണ്ട് ഞെട്ടിയ സ്വകാര്യ ടെലിക്കോം കമ്പനികളിൽ ഒരു വിഭാഗം ബിഎസ്എൻഎൽ നൽകുന്ന കുറഞ്ഞ നിരക്കിലുള്ള പ്രീപെയ്ഡ് പ്ലാനുകൾ കണ്ട് ആകൃഷ്ടരായി ബിഎസ്എൻഎല്ലിലേക്ക് മാറി. ബിഎസ്എൻഎൽ മറ്റ് കമ്പനികളെക്കാൾ ഏറെ കുറഞ്ഞ നിരക്കിൽ മികച്ച നിരവധി പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട് എന്ന് ജനം മനസിലാക്കിത്തുടങ്ങി.

സ്വകാര്യ കമ്പനികൾ ഈടാക്കുന്നത്ര ഉയർന്ന തുക ബിഎസ്എൻഎൽ ഈടാക്കുന്നില്ല എന്നത് വലിയ ചർച്ചയായി. അതോടെ സ്വകാര്യ കമ്പനികൾക്ക് എതിരേ ആളുകൾ പ്രതിഷേധവുമായി രംഗത്തെത്താൻ തുടങ്ങി. ഇത്തരം വിമർശനങ്ങൾ ഏറ്റവുമധികം ചെന്ന് പതിച്ചത് ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോയെ ആണ്. അതോടെ കാര്യങ്ങൾ ഒന്ന് മയപ്പെടുത്താൻ ജിയോ ചില പ്ലാനുകൾ പുറത്തിറക്കാൻ തുടങ്ങി.
ഒറ്റനോട്ടത്തിൽ കണ്ടാൽ കുറഞ്ഞ നിരക്കിലുള്ളതും നല്ല ആനുകൂല്യം ലഭിക്കുന്നതുമായ പ്ലാനാണ് എന്ന് തോന്നിപ്പിക്കുന്ന ചില പ്ലാനുകൾ ജിയോ അവതരിപ്പിക്കാൻ തുടങ്ങി. അടുത്തിടെ അവതരിപ്പിക്കപ്പെട്ട 198 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ അത്തരത്തിൽ ഒരു പ്ലാനാണ്. ഇത് കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന റീച്ചാർജ് ഓപ്ഷൻ എന്ന നിലയിൽ ആണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്.

198 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, 14 ദിവസ വാലിഡിറ്റി എന്നിവയാണ് ഈ ജിയോ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. പ്രതിദിനം 2ജിബി ഡാറ്റ ലഭിക്കുന്നതിനാൽ ഈ പ്ലാനിൽ 14 ദിവസത്തേക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ലഭ്യമാകുന്നു.
200 രൂപയിൽ താഴെ നിരക്കിൽ ജിയോ അൺലിമിറ്റഡ് 5ജി ഡാറ്റ അടക്കം വാഗ്ദാനം ചെയ്യുന്നു എന്ന നിലയ്ക്ക് 198 രൂപയുടെ പ്ലാൻ ഏറെ ചർച്ചയായി. എന്നാൽ ഈ ജിയോ പ്ലാനിനെ ഓവർടേക്ക് ചെയ്തുകൊണ്ട് തുച്ഛമായ വിലയിൽ ഒരു പ്ലാൻ ബിഎസ്എൻഎൽ ഇപ്പോൾ നൽകുന്നുണ്ട്. 139 രൂപയാണ് ഈ ബിഎസ്എൻഎൽ പ്ലാനിന്റെ നിരക്ക്.
139 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയിസ് കോളിങ്, പ്രതിദിനം 1.5ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയിൽ ലഭിക്കും. അതായത് വെറും 139 രൂപയുണ്ടെങ്കിൽ അത്യാവശ്യം ഡാറ്റ ഉപയോഗം മാത്രമുള്ള ഒരു ഉപയോക്താവിന് ഏതാണ്ട് ഒരു മാസത്തേക്ക് ടെലിക്കോം സേവനങ്ങൾ ആസ്വദിക്കാൻ സാധിക്കും.

മികച്ച റീച്ചാർജ് പ്ലാനുകൾ അവതരിപ്പിച്ചുകൊണ്ട് ജനപ്രീതിയും ജനശ്രദ്ധയും നേടാനുള്ള മത്സരത്തിൽ അംബാനിയുടെ ജിയോയെ പിന്നിലാക്കാൻ ജിയോയ്ക്കും മുന്നേ ഈ കളത്തിലുള്ള ബിഎസ്എൻഎല്ലിന് 139 രൂപയുടെ പ്ലാനേ വേണ്ടിവന്നുള്ളൂ. കുറഞ്ഞ നിരക്കിൽ റീച്ചാർജ് പ്ലാൻ തേടുന്നവർക്ക് നല്ലത് ബിഎസ്എൻഎൽ ആണെന്ന് 139 രൂപയുടെ ബിഎസ്എൻഎൽ പ്ലാനും അടിവരയിടുന്നു. അതേസമയം 5ജി സേവനങ്ങൾ അടക്കം ആസ്വദിക്കണമെന്നുള്ളവർക്ക് ജിയോ പ്ലാൻ തന്നെയാണ് രക്ഷ.


Click it and Unblock the Notifications







