ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും! ശ്രദ്ധിച്ചില്ലെങ്കിൽ കാശ് നഷ്ടം വരുത്തുന്ന ഒരു ബിഎസ്എൻഎൽ പ്ലാൻ
സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) ഇന്ത്യയിൽ ഏറ്റവും ലാഭകരമായ റീച്ചാർജ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ് എന്ന് ഏതാണ്ട് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇക്കാര്യം അറിയാതിരുന്ന പലരും ഈ വർഷം ജൂലൈയ്ക്ക് ശേഷം അത് ശരിക്കും അറിഞ്ഞു. കാരണം ജൂലൈയിൽ ആണ് സ്വകാര്യ ടെലിക്കോം കമ്പനികളുടെ നിരക്ക് വർധന നടപ്പിലായത്. അതോടെ വാലിഡിറ്റി നിലനിർത്താനുള്ള ഏറ്റവും കുറഞ്ഞ റീച്ചാർജ് പ്ലാനിന് പോലും സ്വകാര്യ കമ്പനികളുടെ വരിക്കാർ കുറഞ്ഞത് 200 രൂപയ്ക്കടുത്ത് ചെലവഴിക്കേണ്ട സ്ഥിതിയായി.
സ്വകാര്യ കമ്പനികൾ നിരക്ക് കൂട്ടിയപ്പോൾ കുറഞ്ഞ വിലയിൽ റീച്ചാർജ് പ്ലാനുകൾ അന്വേഷിച്ച പലരും ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ ശ്രദ്ധിക്കാൻ തുടങ്ങി. നിരക്ക് വർധനയിൽ പ്രതിഷേധിച്ചും കുറഞ്ഞ നിരക്കിൽ ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റാം എന്ന് കണക്കുകൂട്ടിയും നിരവധി പേർ പുതിയതായി ബിഎസ്എൻഎല്ലിലേക്ക് എത്തി.

ജൂലൈ മുതലിങ്ങോട്ടുള്ള നാല് മാസത്തെ കണക്കെടുത്താൽ തുടർച്ചയായി പുതിയ വരിക്കാരെ സ്വന്തമാക്കാൻ കഴിഞ്ഞ ഏക ടെലിക്കോം കമ്പനി ബിഎസ്എൻഎൽ ആണ് എന്ന് കാണാം. അതിൽ ആദ്യ മൂന്ന് മാസവും, അതായത് ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ബിഎസ്എൻഎല്ലിന് മാത്രമാണ് പുതിയ വരിക്കാരെ തുടർച്ചയായി കിട്ടിയത്.
ഏറ്റവും ഒടുവിൽ വന്ന ഒക്ടോബറിലെ കണക്ക് പ്രകാരം എയർടെലിനും പുതിയ വരിക്കാരെ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്, അതേസമയം ജിയോയ്ക്കും വിഐക്കും വരിക്കാർ കൊഴിഞ്ഞുപോകുന്നത് തുടരുകയാണ്. ആളുകളെ ആകർഷിക്കുന്നതിൽ ബിഎസ്എൻഎല്ലിന്റെ ചീപ് റേറ്റിലുള്ള പ്രീപെയ്ഡ് പ്ലാനുകൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ ഈ പ്ലാനുകൾ മികച്ചതാണ് എങ്കിലും അൽപ്പമൊന്ന് ശ്രദ്ധിച്ചില്ലെങ്കിൽ കാശ് നഷ്ടം വരാം.

ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും എന്നാണ് പഴമൊഴി. ചില പ്ലാനുകളുടെ കാര്യത്തിൽ ബിഎസ്എൻഎല്ലും അതുപോലെയാണ്. കുറഞ്ഞ നിരക്കിൽ എത്തുന്ന ചില ബിഎസ്എൻഎൽ പ്ലാനുകൾ നമുക്ക് അനാവശ്യമായവ ആയിരിക്കും. എങ്കിലും മറ്റുചിലർക്ക് അവ ആവശ്യമായത് ആണുതാനും. ഇങ്ങനെയൊരു സാഹചര്യം നിലനിൽക്കുന്നതിനാൽ പ്ലാൻ തെരഞ്ഞെടുക്കും മുമ്പ് ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
ഒരു മാസത്തെ (30 ദിവസം) വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ ആഗ്രഹിക്കുന്ന ഒരാൾ ബിഎസ്എൻഎഎൽ പ്ലാൻ പരിശോധിച്ചാൽ ചിലപ്പോൾ ആദ്യം കാണുക 215 രൂപയുടെ ഒരു പ്ലാൻ ആയിരിക്കും. എന്നാൽ അതിനെക്കാൾ കുറഞ്ഞ നിരക്കിൽ ഇതേ ആനുകൂല്യങ്ങൾ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതറിയാതെ 215ന്റെ പ്ലാൻ ചെയ്യുന്നത് നഷ്ടമാണ്.
ചെറിയ തുക മാത്രമേ നഷ്ടം വരുന്നുള്ളൂ എങ്കിലും നഷ്ടം നഷ്ടം തന്നെയാണ്. 199 രൂപയുടെ പ്ലാനും 215 രൂപയുടെ പ്ലാനും എങ്ങനെയാണ് ഒരേ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത് എന്ന് ചിലർക്ക് തോന്നാം. ഈ രണ്ട് പ്ലാനുകളുടെയും പ്രധാന ആനുകൂല്യങ്ങൾ മാത്രമേ ഒരുപോലെയുള്ളൂ. 199 രൂപയുടെ പ്ലാനിൽ അധിക ആനുകൂല്യങ്ങളൊന്നുമില്ല. എന്നാൽ 215 രൂപയുടെ പ്ലാനിൽ ചില അധിക ആനുകൂല്യങ്ങളുണ്ട്. അതിനാലാണ് അൽപ്പം നിരക്ക് കൂടുതലുള്ളത്.

215 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിൽ ലഭിക്കുന്ന അധിക ആനുകൂല്യങ്ങൾ: ബിഎസ്എൻഎൽ ട്യൂൺസ്, ഹാർഡി ഗെയിംസ്, ചാലഞ്ചസ് അരീന ഗെയിംസ്, അസ്ട്രോടെൽ ആൻഡ് ഗെയിംഓൺ സെർവീസ്, ഗെയിമിയം, ലിസ്റ്റൻ പോഡ്കാസ്റ്റ് സെർവീസ്, സിങ് മ്യൂസിക്, വൗ എന്റർടെയ്ൻമെന്റ്സ് എന്നിവ പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ ഈ പ്ലാനിൽ ലഭ്യമാകുന്നു.
ഈ അധിക ആനുകൂല്യങ്ങൾ മാറ്റി നിർത്തിയാൽ 215 രൂപ, 199 രൂപ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളിലെ വാലിഡിറ്റി, ഡാറ്റ, കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ ഒന്നുതന്നെയാണ്. അതിനാൽ പ്രധാന ആനുകൂല്യങ്ങൾ വേണ്ടവർക്ക് അനുയോജ്യം 199 രൂപയുടെ പ്ലാനാണ്. 215 രൂപയുടെ പ്ലാനിലെ ഏതെങ്കിലും അധിക ആനുകൂല്യം ആസ്വദിക്കാൻ താൽപര്യമുണ്ടെങ്കിൽ മാത്രം 215 രൂപ പ്ലാൻ തെരഞ്ഞെടുത്താൽ മതിയാകും.


Click it and Unblock the Notifications








