അൺലിമിറ്റഡ് കോളിങ്ങും പ്രതിദിനം 2ജിബി ഡാറ്റയും നൽകുന്ന കിടിലൻ ബിഎസ്എൻഎൽ പ്ലാൻ
ഇന്ത്യൻ ടെലിക്കോം കമ്പനികളിൽ പൊതുമേഖലാ സ്ഥാപനം എന്ന നിലയിലുള്ള ഏക കമ്പനി എന്നതിന്റെ ഗുണവും ദോഷവും ബിഎസ്എൻഎല്ലിനുണ്ട്. സ്വകാര്യ കമ്പനികളെ അപേക്ഷിച്ച് കൊള്ള നിരക്ക് ഈടാക്കാതെ, കുറഞ്ഞ നിരക്കിൽ സാധാരണക്കാർക്കും അനുയോജ്യമായ നിരവധി പ്ലാനുകൾ ബിഎസ്എൻഎൽ നൽകിവരുന്നു എന്നതാണ് ഗുണപരമായ കാര്യം.
പൊതുമേഖലാ സ്ഥാപനം ആയതിനാൽ അധികൃതരുടെ വീഴ്ചമൂലം കാലത്തിനൊത്ത് മുന്നേറാനാകാതെ പഴഞ്ചൻ രീതികൾ പിന്തുടർന്നതിനാൽ മെച്ചപ്പെട്ട സേവനങ്ങൾ ജനങ്ങൾക്ക് നൽകാൻ കഴിയാതെ പോകുന്നു എന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. മറ്റ് ടെലിക്കോം കമ്പനികൾ 5ജി വ്യാപനവുമായി ഏറെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിൽ ബിഎസ്എൻഎൽ 4ജി വ്യാപനത്തിനായി നടപടിക്രമങ്ങൾ പൂർത്തിയാക്കിവരുന്നതേയുള്ളൂ.

മികച്ച പ്ലാനുകളും ആനുകൂല്യങ്ങളും ജനങ്ങൾക്ക് മുന്നിലേക്ക് വച്ചുനീട്ടുമ്പോഴും മെച്ചപ്പെട്ട സേവനം നൽകാൻ കഴിയാത്തത് ബിഎസ്എൻഎല്ലിന് തിരിച്ചടിയാകുന്നുണ്ട്. എങ്കിലും ബിഎസ്എൻഎൽ സേവനങ്ങൾ ഉപയോഗപ്പെടുത്തി മുന്നോട്ടു പോകുന്ന ടെലിക്കോം ഉപയോക്താക്കളും രാജ്യത്ത് ഏറെയുണ്ട്. അവർക്ക് ഒരു മാസ കാലയളവിലേക്ക് തെരഞ്ഞെടുക്കാൻ അനുയോജ്യമായ പ്ലാനുകൾ ഏറെയുണ്ട്.
ബിഎസ്എൻഎൽ നൽകുന്ന പ്രതിമാസ പ്ലാനുകളിൽ ഏറ്റവും മികച്ച ഒരു പ്ലാൻ ആണ് 239 രൂപയുടെ പ്രീപെയ്ഡ് റീച്ചാർജ് പ്ലാൻ. സ്വകാര്യ ടെലിക്കോം കമ്പനികൾ നൽകിവരുന്ന 296 രൂപ പ്ലാനുകളെ ചെറുക്കാൻ ഉദ്ദേശിച്ചുള്ള ബിഎസ്എൻഎല്ലിന്റെ ആയുധമാണ് 239 രൂപയുടെ ഈ പ്രതിമാസ റീച്ചാർജ് പ്ലാൻ.
സ്വകാര്യ കമ്പനികളുടെ പ്ലാനുകളെക്കാൾ ഏറെ കുറഞ്ഞ നിരക്കിലാണ് ബിഎസ്എൻഎൽ ഈ പ്രതിമാസ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. സ്വകാര്യ കമ്പനികളുടെ 296 രൂപ പ്ലാൻ ബൾക്ക് ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ 239 രൂപയുടെ പ്ലാനിൽ പ്രതിദിനം നിശ്ചിത ജിബി എന്ന അളവിലാണ് ഡാറ്റ ലഭ്യമാകുക.

ബിഎസ്എൻഎൽ 239 രൂപയുടെ പ്ലാൻ വിശദമായി പരിചയപ്പെടാം: 239 രൂപ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗിനൊപ്പം 2 ജിബി പ്രതിദിന ഡാറ്റ ആണ് ബിഎസ്എൻഎൽ നൽകുന്നത്. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ തുടർന്ന് ഇന്റർനെറ്റ് വേഗത 40 കെബിപിഎസ് ആയി കുറയും. പ്രതിദിനം 100 എസ്എംഎസും ഇതോടൊപ്പം ലഭിക്കും.
ഗെയിമിംഗ് സേവനങ്ങളും ഉപയോക്താക്കൾക്ക് ഈ 239 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിനൊപ്പം ലഭ്യമാകും. പ്രതിമാസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്. ഈ പ്ലാൻ ഉപയോഗിച്ച് ഒരു നിശ്ചിത മാസത്തിലെ 15 - ന് റീചാർജ് ചെയ്താൽ, അടുത്ത മാസം അതേ തീയതിയിൽ അത് കാലഹരണപ്പെടും.

നിലവിൽ ബിഎസ്എൻഎൽ വരിക്കാർ ആയിട്ടുള്ളവർക്ക് ഈ പ്ലാൻ പ്രതിമാസ ഉപയോഗത്തിന് ഒരു മികച്ച പ്ലാൻ ആണ്. എന്നാൽ മറ്റ് കമ്പനികൾ നൽകുന്ന ആനുകൂല്യങ്ങളെക്കാൾ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തിട്ടും ഈ ബിഎസ്എൻഎൽ പ്ലാനുകൾക്ക് മറ്റ് ടെലിക്കോം ഉപയോക്താക്കളെ ആകർഷിക്കാൻ കഴിയുന്നില്ല എന്നത് ബിഎസ്എൻഎല്ലിന് തിരിച്ചടിയാണ്.
ഡാറ്റ വേഗതയാണ് ആളുകളെ പിന്തിരിപ്പിക്കുന്ന ഏറ്റവും പ്രധാന ഘടകം. മികച്ച ഡാറ്റ വേഗതയിൽ ഇൻർനെറ്റ് ആസ്വദിക്കാനാണ് ഏവരും താൽപര്യപ്പെടുന്നത്. അതിനായി അൽപ്പം പണം കൂടുതൽ ചെലവഴിക്കേണ്ടി വന്നാലും ഉപയോക്താക്കൾ അത് കാര്യമായി എടുക്കുന്നില്ല. മികച്ച സേവനം ആണ് അവർ പ്രതീക്ഷിക്കുന്നത് എന്നാണ് പൊതു രീതി പരിശോധിച്ചാൽ മനസിലാകുക.
അധികം വൈകാതെ ബിഎസ്എൻഎല്ലും 4ജി സേവനങ്ങൾ രാജ്യവ്യാപകമായി ആരംഭിക്കും. ഇതിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ് എന്നാണ് കേന്ദ്ര ടെലിക്കോം മന്ത്രി കഴിഞ്ഞ ദിവസം പാർലമെന്റിനെ അറിയിച്ചത്. 4ജി എത്തുന്നതോടുകൂടി കൂടുതൽ മുന്നേറാനും ജനപ്രിയ പ്ലാനുകൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനും ബിഎസ്എൻഎല്ലിന് കഴിയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


Click it and Unblock the Notifications







