മാർക്കറ്റിങ് തന്ത്രമോ! 329 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാൻ ബിഎസ്എൻഎൽ നിർത്തലാക്കുന്നു, തീയതി പ്രഖ്യാപിച്ചു
ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഫൈബർ ഇന്റർനെറ്റ് സേവന ദാതാവാണ് (ISP) ബിഎസ്എൻഎല്ലിന്റെ ഭാരത് ഫൈബർ. രാജ്യത്തെ സാധാരണക്കാരായ ഒരുപാട് ആളുകളെ ഇന്റർനെറ്റിന്റെ ലോകത്തേക്ക് നയിക്കാൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞിട്ടുണ്ട്. അതിന് സഹായിച്ചിരുന്നത് നിരക്ക് കുറഞ്ഞ ബ്രോഡ്ബാൻഡ് പ്ലാനുകൾ ആയിരുന്നു. എന്നാലിപ്പോൾ ഏറ്റവും നിരക്കുകുറഞ്ഞ പ്ലാൻ ബിഎസ്എൻഎൽ നിർത്തലാക്കാനൊരുങ്ങുന്നു.
ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുള്ള ബ്രോഡ്ബാൻഡ് പ്ലാനുകളിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമായിരുന്ന പ്ലാൻ ആണ് 329 രൂപയുടേത്. മാസം 329 രൂപ പ്ലാൻ നിരക്കിനൊപ്പം 18 ശതമാനം ജിഎസ്ടിയും കൂടിച്ചേരുന്നതാണ് പ്ലാൻ ചെലവ്. ഗ്രാമങ്ങളിലെ ജനങ്ങൾക്കായാണ് ഇത്തരമൊരു പ്ലാൻ അവതരിപ്പിച്ചിരുന്നത്. അതിനാൽത്തന്നെ ഇത് എല്ലാവർക്കും ലഭ്യമാകുന്ന ഒന്നല്ല.

ഗ്രാമങ്ങളിലും ഇന്റർനെറ്റ് സേവനം വ്യാപിപ്പിക്കുക, മറ്റിടങ്ങളിൽ കിട്ടുന്ന ഡിജിറ്റൽ സൗകര്യങ്ങൾ ഗ്രാമങ്ങളിലേക്കും എത്തിക്കുക എന്നിങ്ങനെയുള്ള മഹത്തായ ലക്ഷ്യങ്ങളോടെ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഒരു പ്ലാൻ ആണ് ഇത്. എന്നാലിപ്പോൾ ഈ പ്ലാൻ ഘട്ടം ഘട്ടമായി പിൻവലിക്കാൻ ബിഎസ്എൻഎൽ തയാറെടുക്കുന്നു എന്നതിന്റെ ചില സൂചനകൾ പുറത്തുവന്നിരിക്കുന്നു.
തങ്ങളുടെ പഴയ പ്ലാനുകൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച തീയതികൾ ബിഎസ്എൻഎൽ പുറത്തുവിടാറുണ്ട്. ഇപ്പോൾ അത്തരത്തിൽ നീക്കം ചെയ്യുന്ന പ്ലാനുകളുടെ പട്ടികയിൽ 329 രൂപയുടെ പ്ലാനും ഉൾപ്പെട്ടിരിക്കുന്നു എന്നാണ് റിപ്പോർട്ട്. 2024 ഫെബ്രുവരി 3-ന് ബിഎസ്എൻഎല്ലിന്റെ ബ്രോഡ്ബാൻഡ് പ്ലാനുകളുടെ പട്ടികയിൽ നിന്ന് ഈ പ്ലാൻ അപ്രത്യക്ഷമാകും എന്ന് ടെലിക്കോം ടോക്ക് റിപ്പോർട്ട് ചെയ്യുന്നു.

ബിഹാർ ടെലിക്കോം സർക്കിളിൽ നിന്ന് ഈ പ്ലാൻ പിൻവലിക്കുന്ന വിവരം മാത്രമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഘട്ടം ഘട്ടമായി മറ്റ് ടെലിക്കോം സർക്കിളുകളിൽ നിന്നും 329 രൂപ പ്ലാൻ അപ്രത്യക്ഷമാകുമോ എന്ന് ഇപ്പോൾ വ്യക്തമല്ല. ഈ പ്ലാൻ നിർത്തലാക്കിയാൽ കുറഞ്ഞ ചെലവിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്ന ഒരു നല്ല പ്ലാൻ ആണ് നഷ്ടമാകുക.
പഴയ പ്ലാൻ പിൻവലിക്കുന്നതിനൊപ്പം ഒരു പുതിയ പ്ലാൻ ബിഎസ്എൻഎൽ അവതരിപ്പിച്ചേക്കാം. അതല്ലെങ്കിൽ ഈ പ്ലാൻ പിൻവലിക്കാനുള്ള തീരുമാനം അപ്പോൾ നീട്ടി വയ്ക്കുകയും ചെയ്തേക്കാം. കമ്പനിയുടെ മാർക്കറ്റിങ് തന്ത്രത്തിന്റെ ഭാഗമായിട്ടാകാം ഇത്തരം ഒരു തീരുമാനം എത്തിയിരിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. 329 രൂപയുടെ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ പരിചയപ്പെടാം.
329 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ: ബിഎസ്എൻഎല്ലിന്റെ എൻട്രി ലെവൽ ബ്രോഡ്‌ബാൻഡ് പ്ലാനാണിത്. 20 എംബിപിഎസ് ഇന്റർനെറ്റ് വേഗതയും 1000 ജിബി ഡാറ്റയുമാണ് ഈ പ്ലാനിൽ ബിഎസ്എൻഎൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ വേഗത 4 എംബിപിഎസ് ആയി കുറയുന്നു. കൂടാതെ, ഈ പ്ലാൻ വരിക്കാർക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകളും വാഗ്ദാനം ചെയ്യുന്നു.

എല്ലാ ആളുകൾക്കും ലഭ്യമാകില്ല എന്നതാണ് ഈ കുറഞ്ഞ നിരക്കിൽ എത്തുന്ന പ്ലാനിന്റെ പ്രധാന പ്രത്യേകത. മുൻപ് സൂചിപ്പിച്ചതുപോലെ ഗ്രാമങ്ങൾക്ക് വേണ്ടിയാണ് ഈ പ്ലാനുകൾ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. അതിനാൽത്തന്നെയാണ് ഇത്ര കുറഞ്ഞ നിരക്കും നിശ്ചയിച്ചിരിക്കുന്നത്. ഈ പ്ലാൻ നിർത്തലാക്കുന്നത് ഗ്രാമങ്ങളിലെ സാധാരണക്കാരായ ജനങ്ങളെ ആണ് ബാധിക്കുക.
ഡാറ്റ വേഗതയുടെ പ്രശ്നങ്ങളൊന്നും ഇല്ലാത്തതിനാൽ, സ്വകാര്യ ബ്രോഡ്ബാൻഡ് സേവനങ്ങളെക്കാൾ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ ഏറെയാണ്. ആകർഷകമായ പ്ലാനുകളാണ് ബിഎസ്എൻഎൽ ബ്രോഡ്ബാൻഡിലേക്ക് ആളുകളെ ആകർഷിക്കുന്ന പ്രധാന ഘടകം. 500 രൂപയിൽ താഴെ നിരക്കിൽ രണ്ടിലധികം ബ്രോഡ്ബാൻഡ് പ്ലാനുകൾ ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുണ്ട്.
329 രൂപ പ്ലാനിന് പുറമേ 399 രൂപ, 449 രൂപ, 499 രൂപ നിരക്കുകളിലാണ് 500 രൂപയിൽ താഴെ നിരക്കിൽ ലഭ്യമാകുന്ന ബ്രോഡ്ബാൻഡ് പ്ലാനുകൾ എത്തുന്നത്. നികുതി കൂടാതെയുള്ള പ്ലാൻ നിരക്കാണ് ഇവ. 18 ശതമാനം ജിഎസ്ടി കൂടി ചേരുമ്പോൾ ചില പ്ലാനുകളുടെ അന്തിമ ചെലവ് കുറച്ചുകൂടി ഉയരും.
എങ്കിലും കുറഞ്ഞ ചെലവിൽ വീട്ടിലേക്ക് ഇന്റർനെറ്റ് കണക്ഷൻ എടുക്കാൻ താൽപര്യമുള്ളവർക്ക് ഈ പ്ലാനുകൾ പരിഗണിക്കാവുന്നതാണ്. 500 രൂപയിൽ താഴെയുള്ള പ്ലാനുകളിൽ ഏറ്റവും നിരക്ക് കൂടിയ 499 രൂപയുടെ പ്ലാനിലെ ആനുകൂല്യങ്ങൾ കൂടി പരിചയപ്പെടാം: 40 എംബിപിഎസ് വേഗത, ഒരു മാസത്തേക്ക് 3.3 ടിബി ഡാറ്റ, സൗജന്യ ഫിക്സഡ് ലൈൻ വോയ്‌സ് കോളിംഗ് കണക്ഷൻ.


Click it and Unblock the Notifications








