ബിഎസ്എൻഎൽ സിം വാലിഡിറ്റി നിലനിർത്താൻ കഷ്ടപ്പെടേണ്ട; അഞ്ച് മാസത്തേക്ക് ഈ ഒറ്റ റീച്ചാർജ് മതി!
ജിയോയോടും എയർടെലിനോടും വിഐയോടും പോരാടാൻ ബിഎസ്എൻഎൽ മികച്ച ഒരുപിടി പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. മറ്റ് ടെലിക്കോം കമ്പനികൾ നൽകുന്നതിനെക്കാൾ കുറഞ്ഞ നിരക്കിൽ മികച്ച സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ബിഎസ്എൻഎൽ പ്ലാനുകൾ ഏറെ പ്രശസ്തമാണ്. ബിഎസ്എൻഎൽ വരിക്കാർക്കിടയിൽ മികച്ച ജനപ്രീതി നേടാൻ ഈ പ്രീപെയ്ഡ് പ്ലാനുകൾക്ക് കഴിഞ്ഞിട്ടുണ്ട്.
എന്നാൽ മോശം നെറ്റ്വർക്കിങ് പോലുള്ള പ്രശ്നങ്ങൾ കാരണം ബിഎസ്എൻഎൽ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്നു. 5ജി ഉൾപ്പെടെ നൽകി ജിയോയും എയർടെലും കളം നിറഞ്ഞ് കളിക്കുമ്പോൾ ബിഎസ്എൻഎല്ലിന്റെ മികച്ച പ്ലാനുകൾക്ക് കാഴ്ചക്കാരായി ഗാലറിയിലിരിക്കാനേ കഴിയുന്നുള്ളൂ. മറ്റ് ടെലിക്കോം കമ്പനികളെ അപേക്ഷിച്ച് ബിഎസ്എൻഎല്ലിന് വരിക്കാർ കുറവാണ്.

എങ്കിലും ഉള്ളവർക്കായി കമ്പനി മികച്ച പ്ലാനുകൾ നൽകുന്നു. ഡാറ്റ അത്ര ആവശ്യമില്ലാത്ത ഒരു വിഭാഗം ടെലിക്കോം ഉപയോക്താക്കളും നമുക്കിടയിലുണ്ട്. ഡാറ്റ ആവശ്യമില്ലെങ്കിൽക്കൂടി ഉയർന്ന നിരക്കു നൽകി കുറഞ്ഞ വാലിഡിറ്റിയുള്ള പ്ലാനുകൾ ഇവർ ഉപയോഗിക്കേണ്ടിവരുന്നു. കൂടുതൽ വാലിഡിറ്റി വേണമെങ്കിൽ കൂടുതൽ നിരക്ക് നൽകേണ്ടിയും വരുന്നു. എന്നാൽ ബിഎസ്എൻഎൽ പ്ലാനുകൾ ഇതിൽനിന്ന് തികച്ചും വ്യത്യസ്തമാണ്.
മറ്റ് ടെലിക്കോം കമ്പനികളെ അപേക്ഷിച്ച് റീച്ചാർജ് പ്ലാനുകളിൽ മാന്യമായ വാലിഡിറ്റി ഉൾപ്പെടുത്താൻ ബിഎസ്എൻഎൽ എപ്പോഴും ശ്രദ്ധപുലർത്തുന്നു. സാധാരണക്കാരായ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം വാലിഡിറ്റിയാണ് പരമപ്രധാനം. ചിലർക്ക് ഇൻകമിങ് കോളുകൾ മാത്രം കിട്ടിയാലും മതിയാകും. എന്നാൽ സിം വാലിഡിറ്റി മുന്നോട്ട് കൊണ്ടുപോകാൻ നല്ലൊരു തുക ചെലവഴിക്കേണ്ടിവരുന്നു. എന്നാൽ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ഇത്തരം ബുദ്ധിമുട്ട് അനുഭവിക്കേണ്ട ആവശ്യമില്ല.
കാരണം കുറഞ്ഞ നിരക്കിൽ ദീർഘകാല വാലിഡിറ്റി നൽകുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാണ്. ബിഎസ്എൻഎല്ലിന്റെ സാധാരണ റീച്ചാർജുകൾ പോലും മറ്റ് കമ്പനികൾ നൽകുന്ന പ്ലാനുകളിലെക്കാൾ വാലിഡിറ്റി നൽകുന്നു എന്നത് എടുത്തുപറയേണ്ടതുണ്ട്. എങ്കിലും വാലിഡിറ്റിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള ചില നല്ല പ്ലാനുകളും ബിഎസ്എൻഎൽ പ്രത്യേകമായി വാഗ്ദാനം ചെയ്യുന്നു.
അത്തരത്തിൽ ഒന്നാണ് 397 രൂപയുടെ ബിഎസ്എൻഎൽ റീച്ചാർജ് പ്ലാൻ. കുറഞ്ഞ നിരക്കിൽ ദീർഘനാൾ വാലിഡിറ്റി അന്വേഷിക്കുന്നവർക്ക് ഈ പ്ലാൻ ഉപകാരപ്രദമാണ്. ബിഎസ്എൻഎൽ സെക്കൻഡറി സിം ആയി ഉപയോഗിക്കുന്നവർ ധാരാളമുണ്ട്. മാസാമാസം വാലിഡിറ്റി നിലനിർത്താൻ റീച്ചാർജ് ചെയ്യുന്നതിന് പകരം ഒറ്റ റീച്ചാർജിൽ ഏതാണ്ട് അഞ്ച് മാസത്തേക്ക് വാലിഡിറ്റി ഉറപ്പാക്കാൻ 397 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിന് സാധിക്കും.
397 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിലെ ആനുകൂല്യങ്ങൾ: 150 ദിവസത്തെ വാലിഡിറ്റിയിൽ ആണ് ബിഎസ്എൻഎൽ 397 രൂപയുടെ പ്രീപെയ്ഡ് റീച്ചാർജ് പ്ലാൻ എത്തുന്നത്. അതോടൊപ്പം ഒരു മാസത്തേക്ക്, കൃത്യമായി പറഞ്ഞാൽ 30 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് വോയിസ് കോളിങ് സൗകര്യവും ഈ പ്ലാനിൽ ലഭിക്കുന്നു.
30 ദിവസത്തേക്ക് പ്രതിദിനം 2ജിബി ഡാറ്റയും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. പ്രതിദിന ഡാറ്റ പരിധി കഴിഞ്ഞാൽ, ഫെയർ യൂസേജ് പോളിസി പ്രകാരം ഡാറ്റ വേഗത 40Kbps ആയി കുറയും. ഡാറ്റയ്ക്ക് പുറമേ ഒരു മാസത്തേക്ക് ദിവസം 100 സൗജന്യ എസ്എംഎസുകളും അയയ്ക്കാം.
അതായത് ഈ പ്ലാനിലെ ഡാറ്റ, എസ്എംഎസ്, കോളിങ് ആനുകൂല്യങ്ങൾ എല്ലാം 30 ദിവസത്തെ വാലിഡിറ്റിയിൽ ആണ് എത്തുന്നത്. എന്നാൽ പ്ലാനിന് 150 ദിവസം വാലിഡിറ്റി ലഭിക്കും. ഇത് സിം കട്ടാകാതിരിക്കാൻ സഹായിക്കും. കൂടാതെ 150 ദിവസത്തേക്ക് ഇൻകമിങ് കോളുകളും എസ്എംഎസുകളും അനുവദിക്കുകയും ചെയ്യുന്നു.

സിം കാർഡ് വാലിഡിറ്റി നിലനിർത്താൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് അനുയോജ്യമായ മികച്ച ബിഎസ്എൻഎൽ പ്ലാനുകളിൽ ഒന്നാണിത്. വർഷം മുഴുവൻ വാലിഡിറ്റിയും മികച്ച ആനുകൂല്യങ്ങളും വേണം എന്ന് ആഗ്രഹിക്കുന്ന ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് 2399 രൂപ അല്ലെങ്കിൽ 2999 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ തിരഞ്ഞെടുക്കാവുന്നതാണ്.
2399 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ 365 ദിവസത്തെ വാലിഡിറ്റിയിൽ പ്രതിദിനം 2ജിബി ഡാറ്റ, 100 എസ്എംഎസ്, അൺലിമിറ്റഡ് കോളിംഗ്, 30 ദിവസത്തേക്ക് റിംഗ്‌ടോൺ, ഇറോസ് നൗ എന്റർടൈൻമെന്റിലേക്കുള്ള ആക്‌സസ് ഉൾപ്പെടെ വാഗ്ദാനം ചെയ്യുന്നു. 2999 രൂപയുടെ പ്ലാൻ 3ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, എന്നീ ആനുകൂല്യങ്ങൾക്കൊപ്പം ഒടിടി സബ്സ്ക്രിപ്ഷനുകളും നൽകുന്നു.


Click it and Unblock the Notifications








