ആടുകിടന്നിടത്ത് ഇപ്പോൾ പൂട മാത്രം! ഉണ്ടായിരുന്ന നല്ലൊരു പ്ലാനിലും കത്തിവച്ച് ബിഎസ്എൻഎൽ!
ആളുകൾക്ക് പ്രയോജനം ചെയ്യുന്ന പ്ലാനുകളിൽ 'കത്തി'വച്ച് നശിപ്പിക്കുന്ന പ്ലാൻ പരിഷ്കരണം എന്ന കലാപരിപാടി ബിഎസ്എൻഎൽ ഒരിക്കൽക്കൂടി പുറത്തെടുത്തു. ഇതോടെ 398 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിൽനിന്ന് അൺലിമിറ്റഡ് ഡാറ്റ പുറത്തായിരിക്കുകയാണ്. പകരം നിശ്ചിത ജിബി ബൾക്ക് ഡാറ്റ മാത്രം അനുവദിച്ചുകൊണ്ട് പരോക്ഷമായൊരു നിരക്ക് വർധനയാണ് ബിഎസ്എൻഎൽ നടത്തിയിരിക്കുന്നത്.
ഡാറ്റ സേവനങ്ങൾ നൽകുന്നതിൽ 'ലോക പരാജയം' എന്ന് പലരും വിലയിരുത്തുന്ന ബിഎസ്എൻഎല്ലിൽ നിന്ന് ലഭ്യമായിരുന്ന ഒരേയൊരു യഥാർഥ അൺലിമിറ്റഡ് പ്ലാൻ ആണ് ഇപ്പോൾ പരിഷ്കരണത്തിലൂടെ ഇല്ലാതായിരിക്കുന്നത്. 398 രൂപയുടെ പ്ലാനിന്റെ ആകർഷണം തന്നെ യാതൊരു നിബന്ധനകളും പരിധിയുമില്ലാതെ ലഭിക്കുന്ന ഡാറ്റ ആയിരുന്നു.

മറ്റൊരു ടെലിക്കോം കമ്പനികളും നൽകാത്ത നേട്ടമാണ് വരിക്കാർക്ക് കുറഞ്ഞ നിരക്കിൽ ഈ പ്ലാനിലൂടെ നൽകിവന്നിരുന്നത്. പരിധിയില്ലാത്ത ഡാറ്റ കുറഞ്ഞ നിരക്കിൽ നൽകിയിരുന്ന ഒരേയൊരു ടെലിക്കോം കമ്പനി എന്ന നല്ലപേരും ഇതോടെ ബിഎസ്എൻഎല്ലിന് നഷ്ടമായി. ബിഎസ്എൻഎൽ അതീവ നിശബ്ധമായി നടപ്പാക്കിയ ഈ പ്ലാൻ പരിഷ്കരണം ടെലിക്കോം ടോക്ക് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആടുകിടന്നിടത്ത് പൂടപോലും ഇല്ല എന്ന പഴഞ്ചൊല്ല് ബിഎസ്എൻഎല്ലും കേട്ടിട്ടുണ്ടാകും. ബിഎസ്എൻഎല്ലിന്റെ പ്ലാൻ പരിഷ്കരണത്തെ വിശേഷിപ്പിക്കാൻ അത് ഉപയോഗിക്കാതിരിക്കാനാകാം അൺലിമിറ്റഡ് പ്ലാനുണ്ടായിരുന്നിടത്ത്, ഏതാനും ജിബി ഡാറ്റ മാത്രം ഉപേക്ഷിച്ചത്. അപ്പോൾപ്പിന്നെ പൂടയില്ല എന്ന പരാതി മാറിക്കിട്ടുമല്ലോ! പരിഷ്കരണത്തിന് ശേഷം, 398 രൂപയുടെ പ്ലാനിൽ ഇപ്പോൾ ലഭിക്കുന്ന ആനുകൂല്യങ്ങൾ പരിചയപ്പെടാം.

പരിഷ്കരിച്ച ബിഎസ്എൻഎൽ 398 രൂപ പ്ലാൻ: 30 ദിവസ വാലിഡിറ്റിയാണ് ഈ ബിഎസ്എൻഎൽ പ്ലാനിൽ ഇപ്പോൾ ഉള്ളത്. യാതൊരു നിബന്ധനകളുമില്ലാതെ ലഭിച്ചിരുന്ന യഥാർഥ അൺലിമിറ്റഡ് ഡാറ്റ എടുത്തുമാറ്റിയ ശേഷം പകരം 120 ജിബിയുടെ ബൾക്ക് ഡാറ്റയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 30 ദിവസത്തേക്ക് ഈ ഡാറ്റ ഉപയോഗിക്കാം.
ഈ 120 ജിബി ഡാറ്റയ്ക്ക് എഫ് യുപി( fair usage policy) പരിധിയുണ്ട് എന്ന കാര്യവും ഓർക്കേണ്ടതുണ്ട്. നിശ്ചിത ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ തുടർന്ന് ഡാറ്റയ്ക്ക് അധിക പണം മുടക്കേണ്ടിവരും. ഈ പ്ലാനിൽ മുൻപ് ഉണ്ടായിരുന്ന അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ ഇപ്പോഴും യാതൊരു മാറ്റവുമില്ലാതെ ലഭ്യമാണ്.
398 രൂപ പ്ലാനിലുള്ള ഓരോ ജിബി ഡാറ്റയ്ക്കും ഇപ്പോൾ ഏകദേശം 3.31 രൂപയാണ് ഉപയോക്താക്കൾക്ക് ചെലവ് വരുന്നത്. ബിഎസ്എൻഎല്ലിന്റെ ഭാഗത്തുനിന്ന് നോക്കിക്കണ്ടാൽ മറ്റാരും വരിക്കാർക്ക് നൽകാത്തത്ര മികച്ച് ഡാറ്റ ആനുകൂല്യമാണ് 398 രൂപ പ്ലാനിൽ നൽകിവന്നിരുന്നത്. എന്നാൽ വമ്പൻ കമ്പനികൾ പോലും നൽകാത്തത്ര ഡാറ്റ നൽകി, ആർഭാടം കാട്ടേണ്ടെന്ന് കരുതിയാകാം ഈ പ്ലാൻ പരിഷ്കരണം.

ഉടൻ തന്നെ അൺലിമിറ്റഡ് ഡാറ്റ നൽകുന്ന മറ്റൊരു പ്ലാൻ ബിഎസ്എൻഎൽ അവതരിപ്പിക്കുമോ എന്ന കാര്യം വ്യക്തമല്ല. ആ നിലയ്ക്കും സാധ്യതകൾ ഉണ്ട്. ജിയോയും എയർടെലും മത്സരിച്ച് അൺലിമിറ്റഡ് 5ജി ഡാറ്റ നൽകി ഉപയോക്താക്കളെ കൈയിലെടുക്കാൻ ശ്രമിക്കുമ്പോഴാണ് ബിഎസ്എൻഎൽ ഉണ്ടായിരുന്ന പ്ലാനിൽനിന്ന് അൺലിമിറ്റഡ് ആനുകൂല്യം എടുത്തുകളഞ്ഞിരിക്കുന്നത് എന്നതും രസകരമാണ്.
ഈ പ്ലാൻ പരിഷ്കരണത്തിലൂടെ സത്യത്തിൽ ബിഎസ്എൻഎൽ എന്താണ് ഉദ്ദേശിച്ചിരിക്കുന്നത് എന്ന് അവർക്ക് മാത്രമേ അറിയൂ. എന്നാൽ വരിക്കാരെ സംബന്ധിച്ചിടത്തോളം അൺലിമിറ്റഡ് ഡാറ്റയ്ക്ക് ഉണ്ടായിരുന്ന നല്ലൊരു പ്ലാൻ നഷ്ടപ്പെട്ടിരിക്കുകയാണ്. പോയത് പോയി. സ്ഥിരം 398 രൂപ പ്ലാൻ ചെയ്യുന്നവർ ഉണ്ടെങ്കിൽ ഇനി പതിവുപോലെ പോയി ഈ പ്ലാൻ തിരഞ്ഞെടുക്കും മുമ്പ് വന്നിരിക്കുന്ന മാറ്റം ശ്രദ്ധിക്കുന്നത് നന്നായിരിക്കും.


Click it and Unblock the Notifications








