മൂന്ന് മാസത്തേക്ക് കോളിങ് ആവശ്യങ്ങൾ നിറവേറ്റാൻ പറ്റിയ ഏറ്റവും നല്ല ബിഎസ്എൻഎൽ പ്ലാൻ!
സർക്കാർ ഉടമസ്ഥതയിലുള്ള ഏക ടെലിക്കോം കമ്പനി എന്ന പ്രത്യേകതയുള്ള ബിഎസ്എൻഎൽ തങ്ങളുടെ വരിക്കാരുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റാൻ അനുയോജ്യമായ വ്യത്യസ്തങ്ങളായ നിരവധി റീച്ചാർജ് പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഏറ്റവും കുറഞ്ഞ നിരക്കിൽ വിവിധ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ബിഎസ്എൻഎൽ പ്ലാനുകൾ ഏറെ പ്രശസ്തവുമാണ്.
പ്ലാനുകളുടെ വൈവിധ്യം കൊണ്ട് വരിക്കാർക്ക് അവരുടെ താത്പര്യത്തിനും മുടക്കാൻ കഴിയുന്ന പണത്തിനും അനുയോജ്യമായ വിലയിലുള്ള റീച്ചാർജ് ഓപ്ഷനുകൾ തിരഞ്ഞെടുക്കാൻ സാധിക്കുന്നു. ഇന്ന് ഏതാണ്ട് എല്ലാ ടെലിക്കോം കമ്പനികളുടെയും പ്ലാനുകൾ ഡാറ്റ അടക്കമുള്ള ആനുകൂല്യങ്ങളുമായി ആണ് എത്തുന്നത്. അൺലിമിറ്റഡ് വോയിസ് കോളിങ് പ്ലാനുകൾ അധികം കാണാനേ ഉണ്ടാവില്ല.

എന്നാൽ വോയിസ് കോളിങ് ആവശ്യങ്ങൾക്ക് മുൻതൂക്കം നൽകി മികച്ച റീച്ചാർജ് പ്ലാൻ ഇപ്പോഴും നൽകിവരുന്നൊരു സ്ഥാപനം കൂടിയാണ് ബിഎസ്എൻഎൽ. ഇപ്പോൾ ഡാറ്റ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം കൂടിയിട്ടുണ്ട് എന്നത് ശരിയാണ്. എന്നാൽ ഡാറ്റ ആവശ്യമില്ലാത്ത ഉപയോക്താക്കളും ധാരാളമുണ്ട്. ഇവർ ഡാറ്റ അടങ്ങുന്ന പ്ലാനുകൾ തെരഞ്ഞെടുക്കുമ്പോൾ ഉപയോഗിക്കാത്ത ഡാറ്റയ്ക്കും ചേർത്ത് പണം അടയ്ക്കേണ്ടി വരുന്നു.
എന്നാൽ, വോയിസ് കോളിങ് ആനുകൂല്യം കേന്ദ്രീകരിക്കുന്ന പ്ലാൻ ആണെങ്കിൽ കുറഞ്ഞ നിരക്കിൽ കൂടുതൽ വാലിഡിറ്റി ലഭിക്കാൻ സഹായിക്കും. ഡാറ്റയുടെ നിരക്ക് ഒഴിവാകുമ്പോൾ തന്നെ പ്ലാനിൽനിന്ന് വലിയൊരു തുക കുറവായിക്കിട്ടും. വോയ്സ് ആനുകൂല്യം മാത്രം വേണ്ട വരിക്കാർക്ക് തെരഞ്ഞെടുക്കാൻ അനുയോജ്യമായ മികച്ച പ്ലാൻ ബിഎസ്എൻഎൽ നൽകുന്നുണ്ട്.

439 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ആണ് വരിക്കാർക്ക് തെരഞ്ഞെടുക്കാൻ ഏറ്റവും അനുയോജ്യമായ വോയിസ് കോളിങ് പ്ലാൻ. 90 ദിവസ വാലിഡിറ്റി ഏറ്റവും കുറഞ്ഞ നിരക്കിൽ അൺലിമിറ്റഡ് കോളിങ് സൗകര്യത്തോടെ ലഭിക്കുന്നു എന്നതാണ് ഈ പ്ലാനിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇത് കൂടാതെ അവശ്യ ടെക്‌സ്‌റ്റിംഗ് സേവനങ്ങൾക്കായി 300 എസ്എംഎസുകളും പ്ലാൻ വാഗ്ദാനം ചെയ്യുന്നു.
ദീപാവലി ഓഫറിന്റെ ഭാഗമായി കഴിഞ്ഞ വർഷമാണ് 439 ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചത്. ദിവസം മുഴുവൻ അൺലിമിറ്റഡ് വോയിസ് കോളിങ് നടത്താൻ 4.80 രൂപയാണ് ഉപയോക്താക്കൾക്ക് ഈ പ്ലാനിൽ ചെലവ് വരുന്നത്. സിം വാലിഡിറ്റി നിലനിർത്താൻ ആഗ്രഹിക്കുന്നവർക്കും അൺലിമിറ്റഡ് കോളിങ് ആവശ്യം നിറവേറ്റിക്കൊണ്ടുതന്നെ മുന്നോട്ട് പോകാൻ ഈ പ്ലാൻ സഹായിക്കും.
നഗര- ഗ്രാമ വ്യത്യാസമില്ലാതെ വരിക്കാരെ ബിഎസ്എൻഎല്ലിനോട് ചേർത്ത് നിർത്തുന്നത് ഇത്തരം മികച്ച പ്ലാനുകളാണ് എന്നാണ് വിലയിരുത്തൽ. ഒരു വർഷം വാലിഡിറ്റിയുള്ള പ്ലാൻ ഏറ്റവും കുറഞ്ഞ നിരക്കിൽ തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ 1999 രൂപയുടെ പ്ലാൻ പരിഗണിക്കാവുന്നതാണ്. അൺലിമിറ്റഡ് വോയ്‌സ്, എസ്എംഎസ് ആനുകൂല്യങ്ങൾക്കൊപ്പം 600GB ഹൈ-സ്പീഡ് മൊബൈൽ ഡാറ്റയും ഈ ബിഎസ്എൻഎൽ പ്ലാനിൽ ലഭ്യമാണ്.

വർഷം മുഴുവൻ എല്ലാവിധ ടെലിക്കോം ആവശ്യങ്ങളും കുറഞ്ഞ നിരക്കിൽ നിറവേറ്റാൻ ഈ പ്ലാൻ സഹായിക്കുന്നു. ഇവിടെ ഒരു ദിരസം ഉപയോക്താവിന് 5 രൂപ മാത്രമാണ് ചെലവ് വരുന്നത്. 30 ദിവസത്തേക്ക് സൗജന്യ ബിഎസ്എൻഎൽ ട്യൂണുകൾ, സൗജന്യ ലോക്ധുനും ഇറോസ് എൻർടെയ്ൻമെന്റും ഈ പ്ലാൻ അധിക ആനുകൂല്യമായി വാഗ്ദാനം ചെയ്യുന്നു.
ബിഎസ്എൻഎൽ ഉപയോക്താക്കളുടെ ദീർഘകാല ആവശ്യമായ 4ജി സേവനങ്ങൾ ഈ വർഷം തന്നെ കൂടുതൽ പ്രദേശങ്ങളിൽ ആരംഭിക്കുമെന്നാണ് കമ്പനി ഇതിനോടകം അറിയിച്ചിട്ടുള്ളത്. 4ജി എത്തുമ്പോഴേക്ക് നിരക്ക് കൂടാൻ സാധ്യതയുണ്ട് എന്നതിനാൽ ഉപയോക്താക്കൾക്ക് എത്രയും വേഗം ഈ പ്ലാൻ തെരഞ്ഞെടുത്ത് ഒരു വർഷത്തെ റീച്ചാർജ് ബാധ്യതകൾ ഒഴിവാക്കാവുന്നതാണ്.


Click it and Unblock the Notifications