ചർമ്മം കണ്ടാൽ പ്രായം പറയില്ല! വർഷമെത്ര കഴിഞ്ഞിട്ടും മാറ്റമില്ലാത്ത കിടിലൻ ബിഎസ്എൻഎൽ പ്ലാൻ
ബിഎസ്എൻഎൽ സിം ഉള്ളവരെ സംബന്ധിച്ചിടത്തോളം വാലിഡിറ്റി നിലനിർത്താൻ മികച്ച റീച്ചാർജ് പ്ലാനുകൾ തേടി അലയേണ്ട ആവശ്യമില്ല. അങ്ങനെ അലഞ്ഞാൽ അത് ചോക്കുമലയിലിരിക്കുന്നവർ ഒരു കഷണം ചോക്കിനായി അലയുന്നതുപോലെയാണ്. കാരണം ഇന്ത്യയിൽ ഇന്ന് ഏറ്റവും കുറഞ്ഞ നിരക്കിൽ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നത് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്എൻഎൽ (BSNL) ആണ്. ബിഎസ്എൻഎല്ലിന്റെ ഓരോ പ്ലാനുകളും ഒന്നിനൊന്ന് മികച്ചതാണ്. എന്നാൽ മികച്ച വേഗതയിൽ ഡാറ്റ നൽകാൻ കഴിഞ്ഞിരുന്നില്ല എന്നതായിരുന്നു ബിഎസ്എൻഎല്ലിന്റെ പോരായ്മ. അത് അതിവേഗം പരിഹരിച്ചുവരികയാണ്.
അതായത് ബിഎസ്എൻഎൽ 4ജി വ്യാപനം അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഒരുലക്ഷം സൈറ്റുകളിൽ 4ജി എത്തിക്കാനുള്ള ലക്ഷ്യത്തിനായി ഇറങ്ങിപ്പുറപ്പെട്ട ബിഎസ്എൻഎൽ ഇപ്പോൾ ലക്ഷ്യത്തിലേക്ക് പാതിദൂരം പിന്നിട്ടുകഴിഞ്ഞു. അടുത്തവർഷം തുടക്കത്തിൽ 4ജി വ്യാപനം പൂർത്തിയാക്കാനും തുടർന്ന് 5ജി അവതരിപ്പിക്കാനും ബിഎസ്എൻഎൽ ലക്ഷ്യമിടുന്നു. ഡാറ്റ വേഗത ഒരു പ്രധാന പ്രശ്നമാണ് എങ്കിലും ഡാറ്റ ആവശ്യമില്ലാത്ത ടെലിക്കോം വരിക്കാരും ധാരാളമുണ്ട്.

ഡാറ്റ ഉപയോഗം ഇല്ലാത്ത ആളുകൾക്കായി അൺലിമിറ്റഡ് കോളിങ്ങും ദീർഘകാല വാലിഡിറ്റിയും സഹിതം എത്തുന്ന ഒരു പ്ലാൻ ബിഎസ്എൻഎൽ നൽകുന്നുണ്ട്. സ്വകാര്യ കമ്പനികളുടെ പ്ലാനുകൾ അവരുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് ഇടയ്ക്കിടെ മാറാറുണ്ട്. ഇപ്പോൾ കാണുന്ന സ്വകാര്യ പ്രീപെയ്ഡ് പ്ലാനുകളെല്ലാം 2024 ജൂലൈയ്ക്ക് ശേഷം പുതുക്കിയ നിരക്കിൽ അവതരിപ്പിക്കപ്പെട്ടവയാണ്. എന്നാൽ ബിഎസ്എൻഎല്ലിലേക്ക് നോക്കിയാൽ അവിടെ വർഷങ്ങളായി ഒരു മാറ്റവുമില്ലാതെ തുടരുന്ന പ്ലാനുകൾ കാണാൻ സാധിക്കും.
അത്തരത്തിൽ ദീർഘകാലമായി ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് പരിചിതമായിട്ടുള്ള ഒരു പ്ലാൻ ആണ് 439 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ. ഇത് ഡാറ്റ ആവശ്യമില്ലാത്ത ടെലിക്കോം ഉപയോക്താക്കൾക്കായി അവതരിപ്പിച്ചിട്ടുള്ള പ്ലാനാണ്. പോക്കറ്റിൽ ഓട്ട വീഴ്ത്താതെ നീണ്ട വാലിഡിറ്റിയുള്ള റീച്ചാർജ് പ്ലാൻ തേടുന്നവർക്ക് അനുയോജ്യമായ ഏറ്റവും മികച്ച പ്ലാനുകളിൽ ഒന്നാണിത്.

ദീർഘകാല വാലിഡിറ്റിയോടെ ഇന്ത്യക്കുള്ളിലെവിടെയും അൺലിമിറ്റഡ് കോളുകൾ വിളിക്കാൻ ആഗ്രഹിക്കുന്നവർക്ക്, പ്രത്യേകിച്ച് സാധാരണക്കാർക്ക് ലഭ്യമായിട്ടുള്ള ഏറ്റവും നല്ല വോയ്സ് കോളിങ് പ്ലാൻ ആണിത്. കാരണം ഇതിൽ അൺലിമിറ്റഡ് കോളിങ് സൗകര്യം വാഗ്ദാനം ചെയ്യുന്നു. റീച്ചാർജിനായി ദീർഘകാല വാലിഡിറ്റിയുള്ള ഈ പ്ലാൻ തെരഞ്ഞെടുക്കുന്നത് ഡാറ്റ ഉപയോഗമില്ലാത്ത ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് അൽപ്പം മെച്ചം നൽകും.
439 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിലെ ആനുകൂല്യങ്ങൾ: ഈ പ്രീപെയ്ഡ് പ്ലാൻ യഥാർഥത്തിൽ ഒരു വോയ്സ് വൗച്ചറാണ്. ഇത് 90 ദിവസത്തെ വാലിഡിറ്റിയിൽ എത്തുന്നു. അൺലിമിറ്റഡ് വോയിസ് കോളുകൾ ലഭ്യമാകും എന്നതാണ് ഈ പ്ലാനിന്റെ പ്രധാന നേട്ടം. ഇതോടൊപ്പം ആകെ 300 എസ്എംഎസും ലഭിക്കും. ഡാറ്റ ആനുകൂല്യങ്ങൾ ഇതിൽ ലഭ്യമാകില്ല.
സ്വകാര്യ കമ്പനികളുടെ റീച്ചാർജ് പ്ലാൻ പട്ടിക പരിശോധിച്ചാൽ ഇത്ര കുറഞ്ഞ നിരക്കിൽ അൺലിമിറ്റഡ് കോളിങ് സഹിതം 90 ദിവസ വാലിഡിറ്റി നൽകുന്ന പ്ലാൻ കണ്ടെത്താൻ കഴിയില്ല, അതായത് ബിഎസ്എൻഎൽ മാത്രമാണ് ഇത്തരം ഒരു പ്ലാൻ ഇപ്പോഴും കൊണ്ടുനടക്കുന്നത്. ഈ പ്ലാൻ യഥാർഥത്തിൽ 2022 ഒക്ടോബറിൽ ദീപാവലി സമയത്ത് ബിഎസ്എൻഎൽ അവതരിപ്പിച്ച പ്ലാനാണ്.

അവതരിപ്പിച്ച് വർഷം രണ്ട് കഴിഞ്ഞിട്ടും 439 രൂപയുടെ പ്ലാനിൽ ബിഎസ്എൻഎൽ കാര്യമായ ഒരു മാറ്റവും വരുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. റീച്ചാർജിനായി ദീർഘകാല വാലിഡിറ്റിയുള്ള പ്ലാനുകൾ തെരഞ്ഞെടുക്കുന്നത് സാമ്പത്തികമായി അൽപ്പം മെച്ചം നൽകും. അതിനാൽ ഈ 439 രൂപയുടെ പ്ലാനും നിരവധി ടെലിക്കോം ഉപയോക്താക്കൾക്ക് ആശ്വാസം പകരുന്നു.


Click it and Unblock the Notifications