ബിഎസ്എൻഎൽ അഥവാ ന്യായത്തിന്റെ കട! വെറും 7 രൂപയ്ക്ക് ദിവസം 3ജിബി ഡാറ്റയടക്കം എല്ലാം കിട്ടും
ഏത് കച്ചവടത്തിനും ഒരു ന്യായമൊക്കെ ഉണ്ടാകണം. വാങ്ങുന്നവനും വിൽക്കുന്നവരും അമിത നഷ്ടമോ ലാഭമോ ഉണ്ടാകരുത്, ഒരാൾക്ക് അമിതലാഭമുണ്ടായാൽ മറ്റെയാൾക്ക് നഷ്ടമുണ്ടാകും. വാങ്ങാൻ സാധിക്കാത്തത്ര ഉയർന്ന നിരക്കിൽ സാധനങ്ങൾ വിൽക്കുന്നതിനെ അന്യായമായ നിരക്ക് എന്ന് പറയാറുണ്ട്. ഇപ്പോൾ ടെലിക്കോം രംഗത്തെ സ്വകാര്യ കമ്പനികളുടെ റീച്ചാർജ് നിരക്കുകൾ കണ്ട് ജനം അന്യായ നിരക്ക് എന്ന് പറയുന്നു. കാരണം ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ എന്നീ കമ്പനികൾ ജൂലൈയിൽ നിരക്ക് വർധന നടപ്പിലാക്കി. അതോടെ പ്രതിമാസ റീച്ചാർജിന് പോലും ഏറ്റവും കുറഞ്ഞത് 40-50 രൂപ വീതം കൂടുതൽ നൽകേണ്ട അവസ്ഥയായി.
നിരക്കുകൾ വർധിപ്പിച്ചതിനാൽ മുൻപ് ലഭിച്ചിരുന്ന ആനുകൂല്യങ്ങൾക്ക് ഇപ്പോൾ ആളുകൾ കൂടുതൽ തുക നൽകേണ്ടിവരുന്നു. കുറഞ്ഞ നിരക്കിൽ ലഭ്യമായിരുന്ന ചില പ്ലാനുകൾ ലഭ്യമാണ് എങ്കിലും അവയിലെ ആനുകൂല്യങ്ങൾ നിരക്ക് വർധനയ്ക്ക് അനുസരിച്ച് വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന് ഒരു പ്രമുഖ സ്വകാര്യ ടെലിക്കോം കമ്പനി 209 രൂപ നിരക്കിൽ ഒരു റീച്ചാർജ് ഓപ്ഷൻ നൽകിയിരുന്നു.

209 രൂപയുടെ പഴയ റീച്ചാർജ് പ്ലാനിൽ 28 ദിവസ വാലിഡിറ്റിയിൽ പ്രതിദിനം 1ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളാണ് ലഭിച്ചിരുന്നത്. എന്നാൽ നിരക്ക് വർധന നടപ്പിലായതോടുകൂടി ഈ പ്ലാനിന്റെ നിരക്ക് 249 രൂപയായി വർധിച്ചു. അതായത് ഒറ്റയടിക്ക് 40 രൂപ കൂടി.
സാധാരണക്കാർക്ക് താങ്ങാനാകുന്ന നിരക്കിൽ ലഭ്യമായിരുന്ന 209 രൂപ പ്ലാൻ ഇല്ലാതായത് നിരവധി വരിക്കാരെ നിരാശരാക്കി. എല്ലാ സ്വകാര്യ കമ്പനികൾക്ക് എതിരേയും പ്രതിഷേധവും വിമർശനവും ശക്തമാകുകയും ആളുകൾ നിരക്ക് കുറഞ്ഞ ബിഎസ്എൻഎല്ലിലേക്ക് സിം പോർട്ട് ചെയ്യാൻ ആരംഭിക്കുകയും ചെയ്തു. ഈ ഘട്ടത്തിൽ ആ കമ്പനി ആളുകളുടെ കണ്ണിൽ പൊടിയിടാനോ/ കുറഞ്ഞനിരക്കിൽ ഒരു റീച്ചാർജ് ഓപ്ഷൻ എന്ന നിലയിലോ 209 രൂപയുടെ ഒരു പുതിയ പ്ലാൻ അവതരിപ്പിച്ചു.

28 ദിവസ വാലിഡിറ്റി എന്നത് 22 ദിവസമായി കുറച്ചുകൊണ്ട് നിരക്ക് വർധന ആളുകൾക്ക് പെട്ടെന്ന് മനസിലാകാത്ത നിലയിൽ ഒരു പ്ലാൻ ആണ് പുതിയതായി അവതരിപ്പിക്കപ്പെട്ടത്. വരിക്കാർ ആദ്യം നോക്കുമ്പോൾ 209 രൂപയേ ഉള്ളൂ, എന്നാൽ ആനുകൂല്യങ്ങൾ അതിനനുസരിച്ച് കുറയ്ക്കപ്പെട്ടിരിക്കുന്നു എന്നത് അവർ ഈ ഘട്ടത്തിൽ അത്ര കാര്യമാക്കില്ല.
ഇങ്ങനെ ആളുകളെ ആശയക്കുഴപ്പത്തിലാക്കിയും പ്രലോഭിപ്പിച്ചും ഉയർന്ന നിരക്കിൽ സ്വകാര്യ ടെലിക്കോം കമ്പനികൾ റീച്ചാർജ് ഓപ്ഷനുകൾ നൽകിവരുന്നു. എന്നാൽ പ്രത്യക്ഷമായോ പരോക്ഷമായോ യാതൊരു ദുരുദ്ദേശവുമില്ലാത്ത മികച്ച റീച്ചാർജ് പ്ലാനുകൾ ബിഎസ്എൻഎൽ (BSNL) നൽകിവരുന്നുണ്ട്. താങ്ങാനാകുന്ന നിരക്കിൽ ടെലിക്കോം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിൽ ബിഎസ്എൻഎല്ലിനോളം മികച്ച ഒരു കമ്പനി ഇപ്പോൾ ഇന്ത്യയിൽ ഇല്ല.
നിരവധി ആകർഷകമായ റീച്ചാർജ് പ്ലാനുകൾ ബിഎസ്എൻഎല്ലിന്റെ പക്കലുണ്ട്. അതിൽ പ്രതിദിനം 3ജിബി ഡാറ്റയടക്കമുള്ള ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു നല്ല പ്ലാൻ ഏറെ ആകർഷകമാണ്. വെറും 599 രൂപയാണ് ഈ പ്ലാനിനായി മുടക്കേണ്ടിവരിക. പ്രതിദിന ചെലവ് വളരെ കുറച്ചേ ആകൂ എന്നതാണ് ഈ പ്ലാനിന്റെ നേട്ടം.

599 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിലെ ആനുകൂല്യങ്ങൾ: പ്രതിദിനം 3ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് 84 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. സിങ് മ്യൂസിക്, പിആർബിടി, അസ്ട്രോ സെൽ തുടങ്ങിയ അധിക ആനുകൂല്യങ്ങളും 599 രൂപയുടെ ഈ പ്രീപെയ്ഡ് റീച്ചാർജ് പ്ലാനിൽ ബിഎസ്എൻഎൽ നൽകുന്നുണ്ട്.
ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഉപയോഗിച്ച് റീച്ചാർജ് ചെയ്യുമ്പോൾ ഈ പ്ലാനിൽ 3ജിബി എക്സ്ട്രാ ഡാറ്റ സൗജന്യമായി ലഭ്യമാകും. കൂടാതെ 2 ശതമാനം ഡിസ്കൗണ്ടും കിട്ടും. അതായത്, 587 രൂപ നൽകിയാൽ മതിയാകും. ദീർഘകാല വാലിഡിറ്റി ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനുകളിൽ ഒന്നാണ് ഇത്.
84 ദിവസ വാലിഡിറ്റിയിൽ ഇത്രയും മികച്ച ആനുകൂല്യങ്ങൾ ലഭ്യമാകുന്ന ഈ ബിഎസ്എൻഎൽ പ്ലാനിന്റെ പ്രതിദിന ചെലവ് 7 രൂപ 13 പൈസയാണ്. മറ്റ് ടെലിക്കോം കമ്പനികളുടെ നിരക്ക് വച്ച് നോക്കിയാൽ ഈ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾക്ക് 1000 രൂപയ്ക്കടുത്ത് ചെലവ് വരും.


Click it and Unblock the Notifications








