കാലമേ കട്ടെടുക്കല്ലേ ഈ ബിഎസ്എൻഎൽ പ്ലാനിനെ! എതിരാളികൾ ഭയക്കുന്ന ആ പ്ലാനിനെ വീണ്ടും പരിചയപ്പെടുത്തി BSNL
ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ എന്നീ സ്വകാര്യ കമ്പനികൾക്ക് എതിരായിട്ടുള്ള മത്സരത്തിൽ ബിഎസ്എൻഎല്ലിന് (BSNL) തുണയാകുന്നത് മികച്ച പ്രീപെയ്ഡ് പ്ലാനുകളുടെ പിൻബലമാണ്. '' ടെലിക്കോം സേവനങ്ങൾക്ക് ഇത്രയും നിരക്ക് നൽകിയാൽ മതിയല്ലേ, മറ്റ് കമ്പനികൾ എന്ത് കൊള്ളയാണ് ഇവിടെ നടത്തുന്നത് '' എന്ന് ബിഎസ്എൻഎല്ലിന്റെ പ്ലാനുകൾ കാണുന്ന വരിക്കാർക്ക് തോന്നിപ്പോകും. അത്രയ്ക്ക് കുറഞ്ഞ നിരക്കിലാണ് ബിഎസ്എൻഎൽ പ്ലാനുകൾ ഭൂരിഭാഗവും എത്തുന്നത്. ബിഎസ്എൻഎല്ലിന്റെ പ്രീപെയ്ഡ് പ്ലാനിനെ മറികടക്കുന്ന കുറഞ്ഞ നിരക്കുള്ള മികച്ച പ്ലാനുകൾ മറ്റേതെങ്കിലും കമ്പനി നിലവിൽ നൽകുന്നതായി അറിവില്ല.
ഇപ്പോൾ നിരവധി ആളുകൾ ബിഎസ്എൻഎല്ലിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ജൂലൈയിലും ഓഗസ്റ്റിലും ഏറ്റവുമധികം വരിക്കാരെ സ്വന്തമാക്കിയതും ബിഎസ്എൻഎൽ ആണ്. ഏതാണ്ട് 65 ലക്ഷത്തിന് മുകളിൽ ആളുകൾ ഇതിനകം ബിഎസ്എൻഎല്ലിലേക്ക് എത്തി എന്ന് കേന്ദ്ര ടെലിക്കോം മന്ത്രി തന്നെ പറയുന്നുണ്ട്. ബിഎസ്എൻഎല്ലിന് മുന്നിൽ വലിയ സാധ്യതകളാണ് തുറന്നുകിടക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

റീച്ചാർജ് നിരക്കുകൾ കുത്തനെ ഉയർന്നുനിൽക്കുന്ന ഒരു നാട്ടിൽ തങ്ങൾ നൽകുന്ന പ്ലാനുകൾ ജനങ്ങൾക്ക് എത്രത്തോളം ആശ്വാസം പകരാൻ ശക്തിയുള്ളവയാണ് എന്ന് ബിഎസ്എൻഎല്ലിന് അറിയാം. അതിനാൽത്തന്നെ തങ്ങളുടെ പ്ലാനുകൾ ജനങ്ങളിലേക്ക് എത്തിക്കാനും ആകർഷിക്കാനും ബിഎസ്എൻഎൽ പല വഴിക്കും ശ്രമിക്കുന്നുമുണ്ട്. നിലവിലെ അനുകൂല സാഹചര്യം മുതലാക്കാൻ കഴിഞ്ഞാൽ അത് ബിഎസ്എൻഎല്ലിന് വൻ ഊർജ്ജമാകും പകരുക.
തങ്ങളുടെ മികച്ച പ്ലാനുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ബിഎസ്എൻഎൽ ഇന്ത്യ സ്വന്തം ട്വിറ്റർ പേജിലൂടെ ഇടയ്ക്കിടയ്ക്ക് ചില പ്രീപെയ്ഡ് പ്ലാനുകൾ പരിചയപ്പെടുത്താറുണ്ട്. കഴിഞ്ഞ ദിവസം അത്തരത്തിൽ ബിഎസ്എൻഎൽ 3ജിബി എക്സ്ട്രാ ഡാറ്റ ലഭ്യമാകുന്ന ഒരു പ്ലാൻ ആണ് ജനങ്ങളുടെ ശ്രദ്ധിയിലേക്ക് കൊണ്ടുവന്നത്. എതിരാളികൾ ഏറെ ഭയക്കുന്ന 599 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ആയിരുന്നു അത്.

പല സ്വകാര്യ ടെലിക്കോം കമ്പനികളും 84 ദിവസ വാലിഡിറ്റിയിൽ പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ അവയെല്ലാം 800-1000 റേഞ്ചിൽ വരുന്നവ ആയിരിക്കും. എന്നാലിവിടെ ബിഎസ്എൻഎൽ 599 രൂപ പ്ലാനിൽ തന്നെ സ്വകാര്യ കമ്പനികൾ നൽകുന്നതിനെക്കാൾ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു എന്നതാണ് ശ്രദ്ധേയം. ഏറെനാളായുള്ള ഈ പ്ലാൻ പല ബിഎസ്എൻഎൽ ഉപയോക്താക്കളുടെയും ഇഷ്ട പ്ലാനാണ്.
ഒരു ടെലിക്കോം ഉപയോക്താവിന് വേണ്ട ഏറ്റവും മികച്ച ആനുകൂല്യങ്ങളെല്ലാം മികച്ച വാലിഡിറ്റിയിൽ മികച്ച വിലയിൽ കൂടിച്ചേരുന്ന ഒരു ബെസ്റ്റ് പ്രീപെയ്ഡ് പ്ലാൻ എന്നുതന്നെ ബിഎസ്എൻഎല്ലിന്റെ 599 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനെ നിസംശയം വിശേഷിപ്പിക്കാം. ഇക്കാര്യത്തിൽ തർക്കമുള്ളവർ ഇതിലും മികച്ച ഒരു സ്വകാര്യ പ്ലാൻ ഇതേ വിലയിലോ ഇതിലും കുറഞ്ഞ വിലയിലോ കാണിച്ച് തരേണ്ടിവരും.
599 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: പ്രതിദിനം 3ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, 84 ദിവസം വാലിഡിറ്റി എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. സിങ് മ്യൂസിക്, പിആർബിടി, അസ്ട്രോ സെൽ, ഗെയിം ഓൺ സർവീസസ് തുടങ്ങിയ അധിക ആനുകൂല്യങ്ങളും ഇതിലുണ്ട്.

ഇത് കൂടാതെ ഈ പ്ലാനിൽ 3ജിബി എക്സ്ട്രാ ഡാറ്റയും ലഭ്യമാകും എന്ന് ബിഎസ്എൻഎൽ പറയുന്നുണ്ട്. പക്ഷേ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നവർക്ക് മാത്രമേ ഈ എക്സ്ട്രാ 3ജിബി ഡാറ്റ ലഭിക്കൂ. ആപ്പ് വഴി റീച്ചാർജ് ചെയ്യുന്നതുകൊണ്ട് മറ്റൊരു ഗുണവും ഉണ്ട്, 2ശതമാനം ഡിസ്കൗണ്ട് നേടാം.
അതായത് 599 രൂപയുടെ പ്ലാനാണെങ്കിലും സെൽഫ് കെയർ ആപ്പ് വഴി റീച്ചാർജ് ചെയ്യുമ്പോൾ 2 ശതമാനം ഡിസ്കൗണ്ട് കിട്ടുന്നതിനാൽ 587 രൂപ 02 പൈസയേ ചെലവാകൂ. 12 രൂപയ്ക്ക് മുകളിൽ അവിടെത്തന്നെ ലാഭം കിട്ടുന്നുണ്ട്. ഇത്ര മികച്ച ആനുകൂല്യങ്ങൾ അടങ്ങുന്ന ഈ പ്ലാനിന്റെ പ്രതിദിന ചെലവ് 7 രൂപ 13 പൈസ മാത്രമാണ്. മറ്റൊരിടത്തും ഇത്ര വിലക്കുറവിൽ ഇവ കിട്ടില്ല.


Click it and Unblock the Notifications