ബിഎസ്എൻഎൽ 'സിക്സർ പ്ലാൻ' അറിയാമോ? ഇതൊക്കെയാണ് അറിഞ്ഞു വയ്ക്കേണ്ടത്!
രാജ്യത്തെ ഏക പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ തങ്ങളുടെ ഉപയോക്താക്കൾക്കായി നിരവധി റീച്ചാർജ് ഓപ്ഷനുകൾ ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ പലർക്കും ഈ പ്ലാനുകളെപ്പറ്റി കാര്യമായ ധാരണയില്ല. കാരണം പലരും പതിവായി ഒരേ റീച്ചാർജ് പ്ലാനുകളാകും ഉപയോഗപ്പെടുത്തിവരുക. അതിൽനിന്ന് മാറി ഒരു പ്ലാൻ ചെയ്യാൻ അവർ താൽപര്യപ്പെടാറില്ല.
എന്നാൽ തങ്ങളുടെ ആവശ്യം മനസിലാക്കി, അതിനനുസരിച്ചുള്ള പ്ലാൻ തെരഞ്ഞെടുക്കുന്ന ബിഎസ്എൻഎൽ വരിക്കാരും ഉണ്ട്. വരിക്കാരുടെ എണ്ണമെടുത്താൽ ജിയോ, എയർടെൽ, വിഐ എന്നീ സ്വകാര്യ ടെലിക്കോം കമ്പനികൾക്കും പിന്നിലാണ് ബിഎസ്എൻഎല്ലിന്റെ സ്ഥാനം. ഈ വമ്പന്മാരോട് പിടിച്ചുനിൽക്കാൻ ആകർഷകമായ ലാഭം വാഗ്ദാനം ചെയ്യുന്ന നിരവധി പ്ലാനുകൾ ബിഎസ്എൻഎൽ പുറത്തിറക്കിയിട്ടുണ്ട്.

ഇതിൽ ഹ്രസ്വകാല വാലിഡിറ്റിയോടെ എല്ലാ സേവനങ്ങളും ( അതായത് ഡാറ്റ, കോളിങ്, എസ്എംഎസ് ) വാഗ്ദാനം ചെയ്യുന്ന പ്ലാനുകളുണ്ട്. അത്തരത്തിൽ ഒരു മികച്ച പ്ലാൻ ആണ് 666 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ. സിക്സർ പ്ലാൻ എന്നാണ് ടെലിക്കോം രംഗത്ത് ഈ പ്ലാൻ അറിയപ്പെടുന്നത്. ബിഎസ്എൻഎൽ വിശേഷിപ്പിക്കുന്നതും അങ്ങനെ തന്നെ.
യഥാർഥത്തിൽ ബിഎസ്എൻഎൽ സിക്സർ പ്ലാൻ ഒരു ഡാറ്റ പ്ലാൻ ആണ്. അൺലിമിറ്റഡ് ഡാറ്റ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 105 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ഈ കാലയളവിൽ ദിവസവും 2 ജിബി ഹൈസ്പീഡ് ഡാറ്റയാണ് ഈ പ്ലാനിൽ ലഭ്യമാകുക. അതിന് ശേഷം ഫെയർ യൂസേജ് പോളിസി പ്രകാരം ഡാറ്റ വേഗത കുറയും.
നിശ്ചിത 2ജിബി ഡാറ്റ പരിധി പിന്നിട്ടാൽ 40 കെബിപിഎസ് വേഗത്തിലാകും തുടർന്ന് ഡാറ്റ ലഭ്യമാകുക. ഡാറ്റയ്ക്ക് പുറമേ അൺലിമിറ്റഡ് കോളുകളും വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഈ പ്ലാനിന്റെ മറ്റൊരു പ്രത്യേകത. ഇതോടൊപ്പം ദിവസം 100 എസ്എംഎസും ലഭിക്കുന്നു. അങ്ങനെ ഈ ഡാറ്റ പ്ലാൻ ഉപയോക്താക്കൾക്ക് വേണ്ടുന്ന എല്ലാ ആനുകൂല്യങ്ങളും തികഞ്ഞ സമ്പൂർണ്ണ പ്ലാനായി മാറുന്നു.
ഡാറ്റ, കോളിങ്, എസ്എംഎസ് എന്നീ പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ ചില അധിക ആനുകൂല്യങ്ങളും 666 രൂപയുടെ ഈ ബിഎസ്എൻഎൽ സിക്സർ പ്ലാനിൽ നൽകിയിട്ടുണ്ട്. സൗജന്യ ബിഎസ്എൻഎൽ ട്യൂൺ, അസ്ട്രോടെൽ ഗെയിം ആൻഡ് സർവീസസ്, വീണ്ടും ഇതേ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുമ്പോൾ ഉപയോഗിക്കപ്പെടാത്ത വാലിഡിറ്റി കൂട്ടിച്ചേർക്കൽ തുടങ്ങിയ സേവനങ്ങളും ഈ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
മികച്ച വാലിഡിറ്റി ലഭിക്കുന്നതിനാൽ വാലിഡിറ്റി പ്ലാനായും, അൺലിമിറ്റഡ് കോളിങ് ലഭ്യമാകുന്നതിനാൽ വോയിസ് പ്ലാനായും അൺലിമിറ്റഡ് ഡാറ്റ ലഭിക്കുന്നതിനാൽ ഡാറ്റ പ്ലാനായും പരിഗണിക്കാം എന്നതാണ് ബിഎസ്എൻഎല്ലിന്റെ ഈ സിക്സർ പ്ലാനിന്റെ സവിശേഷത. ഒരു മാസത്തേക്ക് മാത്രമായി ഇതേ ആനുകൂല്യങ്ങൾ വേണം എന്നുണ്ടെങ്കിൽ ഉപയോക്താക്കൾക്ക് 229 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ പരിഗണിക്കാവുന്നതാണ്.

കാരണം 229 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ഒരുമാസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ് സൗകര്യം വാഗ്ദാനം ചെയ്യുന്നു. അതോടൊപ്പം അൺലിമിറ്റഡ് ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. എന്നാൽ യഥാർഥത്തിൽ ഈ പ്ലാനിൽ പ്രതിദിനം 2ജിബി ഡാറ്റയാണ് ഉയർന്ന വേഗതയിൽ ലഭ്യമാകുക. ഈ പരിധി പിന്നിട്ടാൽ 666 രൂപ പ്ലാനിന് സമാനമായി ഡാറ്റ വേഗത 40കെബിപിഎസ് ആയി കുറയും.
അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 2ജിബി ഹൈസ്പീഡ് ഡാറ്റ എന്നീ ആനുകൂല്യങ്ങൾക്കൊപ്പം പ്രതിദിനം 100 സൗജന്യ എസ്എംഎസും ഈ പ്ലാൻ ഒരു മാസത്തെ വാലിഡിറ്റിയിൽ വാഗ്ദാനം ചെയ്യുന്നു. മറ്റ് ടെലിക്കോം കമ്പനികളുടെ പ്ലാനുകളുമായി താരതമ്യപ്പെടുത്തിയാൽ മികച്ച ആനുകൂല്യങ്ങൾ ലാഭകരമായ നിരക്കിൽ ഈ ബിഎസ്എൻഎൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications







