അപരന്മാർ അവർ വ്യാജന്മാർ! ഇല്ലാത്ത പ്ലാനിന്റെ പേരിൽ കാശ് കളയരുത്; ബിഎസ്എൻഎൽ വരിക്കാർ ഇത് ശ്രദ്ധിക്കൂ
ഇന്ത്യൻ ടെലിക്കോം മേഖലയിൽ ബിഎസ്എൻഎൽ ഒരു വശത്തും സ്വകാര്യ ടെലിക്കോം കമ്പനികൾ മറുവശത്തുമായി റീച്ചാർജ് പ്ലാനുകളുടെ കാര്യത്തിൽ ഒരു മത്സരം നടക്കുന്നുണ്ട് എന്നത് ഏവർക്കും അറിവുള്ള കാര്യമാണ്. സ്വകാര്യ കമ്പനികൾ നൽകുന്നതിനെക്കാൾ കുറഞ്ഞ നിരക്കിലാണ് ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാക്കിയിരിക്കുന്നത് എന്നതും വാസ്തവമാണ്. സ്വകാര്യ കമ്പനികൾ ജൂലൈയിൽ നിരക്ക് വർധിപ്പിച്ചതിന് ശേഷം ബിഎസ്എൻഎൽ പ്ലാനുകളുടെ ഡിമാൻഡ് വർധിച്ചു. അതോടെ ആരും അറിയപ്പെടാതിരുന്ന ബിഎസ്എൻഎൽ പ്ലാനുകൾ പലതും ആളുകളുടെ ശ്രദ്ധയിലേക്ക് എത്താൻ തുടങ്ങി. എന്നാൽ അതിന്റെ ഇടയിൽക്കൂടി ചിലർ ബിഎസ്എൻഎൽ പോലും കേട്ടിട്ടില്ലാത്ത പ്ലാനുകളും ബിഎസ്എൻഎല്ലിന്റെ പേരിൽ പ്രചരിപ്പിക്കുന്നുണ്ട്.
അത്തരത്തിൽ ആരോ സൃഷ്ടിച്ച് ഇപ്പോഴും ആളുകൾക്കിടയിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഉണ്ടായില്ലാ വെടിയാണ് 779 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ. യഥാർഥത്തിൽ ഇത്തരത്തിൽ ഒരു പ്ലാൻ ഇപ്പോൾ ബിഎസ്എൻഎൽ നൽകുന്നില്ല. ബിഎസ്എൻഎല്ലിന്റെ സെൽഫ് കെയർ ആപ്പ് പരിശോധിച്ചാൽ ഏതൊരാൾക്കും ഇക്കാര്യം മനസിലാക്കാൻ സാധിക്കും.

എന്നാൽ കാര്യങ്ങൾ പരിശോധിക്കാൻ തയാറാകാതെ പലരും 779 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ഉണ്ടെന്നും അതിൽ 365 ദിവസ വാലിഡിറ്റിയും 2ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കുമെന്നും തെറ്റിദ്ധരിച്ചിരിക്കുന്നു. യഥാർഥത്തിൽ 779 രൂപ നിരക്കിൽ ഒരു പ്ലാൻ ബിഎസ്എൻഎല്ലിന് ഇല്ല. അതിനോട് അടുത്തുവരുന്നത് 797 രൂപയുടെ ബിഎസ്എൻഎൽ പ്ലാനാണ്.
797 എന്നത് ആർക്കോ അബദ്ധത്തിൽ 779 എന്ന് മാറിപ്പോയതാണ് എന്ന് കരുതിയാൽ പോലും 779 രൂപയുടെ ഇല്ലാ പ്ലാനിൽ പറയുന്ന ആനുകൂല്യങ്ങളല്ല 797 രൂപയുടെ പ്ലാനിലുള്ളത്. 797 രൂപയുടെ പ്ലാൻ ദീർഘനാളായി ബിഎസ്എൻഎൽ നൽകിവരുന്ന ഒരു പ്ലാനാണ്. കഴിഞ്ഞ വർഷം സ്വാതന്ത്ര്യദിനത്തിന്റെ സമയത്ത് പ്രത്യേക ഓഫറിന്റെ ഭാഗമായി ഈ പ്ലാനിൽ 365 ദിവസ വാലിഡിറ്റി ലഭ്യമായിരുന്നു.

എന്നാൽ പിന്നീട് മറ്റ് ചില പ്ലാനുകളുടെ വാലിഡിറ്റി വെട്ടിക്കുറച്ച കൂട്ടത്തിൽ ബിഎസ്എൻഎൽ 797 രൂപയുടെ പ്ലാനിലെ ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു. ഇപ്പോൾ 300 ദിവസ വാലിഡിറ്റിയിലാണ് 797 രൂപ പ്ലാൻ എത്തുന്നത്. 300 ദിവസ വാലിഡിറ്റി ലഭിക്കുമെങ്കിലും ഇതിലെ ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾ 60 ദിവസത്തേക്ക് മാത്രമേ ലഭ്യമാകൂ എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.
ബിഎസ്എൻഎൽ സെക്കൻഡറി സിം ആയി ഉപയോഗിക്കുന്ന ആളുകൾ ധാരാളമുണ്ട്. അത്തരം ആളുകൾക്ക് കുറഞ്ഞ നിരക്കിൽ വാലിഡിറ്റി നിലനിർത്താൻ അനുയോജ്യമായ ഒരു മികച്ച ഓപ്ഷനാണ് 797 രൂപയുടെ പ്ലാൻ. 797 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: 300 ദിവസം വാലിഡിറ്റി. ആദ്യ 60 ദിവസത്തേക്ക് 2ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് കോളിങ് എന്നിവ ലഭിക്കും.
മറ്റ് ചില ബിഎസ്എൻഎൽ പ്ലാനുകളുടെ പേരിലും ഇതേപോലെ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന വിധത്തിലുള്ള വ്യാജ പ്ലാനുകൾ പ്രചരിക്കുന്നുണ്ട്. അതിനാൽ ബിഎസ്എൻഎൽ ഉപയോക്താക്കൾ റീച്ചാർജ് ചെയ്യുമ്പോൾ പണം നഷ്ടപ്പെടാതിരിക്കാനായി ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഡൗൺലോഡ് ചെയ്ത് അതുവഴി റീച്ചാർജ് ചെയ്യുന്നതാണ് ഉചിതം. നമുക്കായി ലഭ്യമായിട്ടുള്ള പ്ലാനുകൾ ഏതൊക്കെയെന്ന് അവിടെ അറിയാൻ കഴിയും.

കുറഞ്ഞ നിരക്കിൽ ദീർഘകാല വാലിഡിറ്റി തേടുന്ന ബിഎസ്എൻഎൽ വരിക്കാർക്ക് ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച പ്ലാനാണ് 797 രൂപയുടേത്. ആദ്യ 60 ദിവസത്തിന് ശേഷം ഡാറ്റ അല്ലെങ്കിൽ കോളിങ് ആവശ്യങ്ങൾ താൽക്കാലികമായോ അടിയന്തരമായോ നേരിട്ടാൽ ലഭ്യമായിട്ടുള്ള വിവിധ ബിഎസ്എൻഎൽ ഡാറ്റ പ്ലാനുകളും ടോപ് അപ് പ്ലാനുകളും പ്രയോജനപ്പെടുത്താവുന്നതാണ്.


Click it and Unblock the Notifications








