കബളിപ്പിക്കപ്പെടരുത്! 300 ദിവസ വാലിഡിറ്റി ലഭിക്കുന്ന യഥാർഥ ബിഎസ്എൻഎൽ പ്ലാൻ 'ഇതാണ്'
ആളുകൾ ഇടിച്ചുകയറാൻ തുടങ്ങിയതോടെ ബിഎസ്എൻഎല്ലിന്റെ റീച്ചാർജ് പ്ലാനുകളെല്ലാം വൻ ട്രെൻഡിങ് ടോപ്പിക്കായി മാറിയിരിക്കുകയാണ്. വർഷങ്ങളായി ആരും തിരിഞ്ഞുനോക്കാതെ കിടന്ന ബിഎസ്എൻഎൽ പ്ലാനുകൾ പലതും ഇപ്പോൾ ഇറക്കിയത് എന്ന നിലയിൽ പോലും പ്രചരിപ്പിക്കപ്പെടുന്നു. കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ നൽകുന്നതിൽ മുൻപും ബിഎസ്എൻഎല്ലിനോട് പിടിച്ച് നിൽക്കാൻ സ്വകാര്യ ടെലിക്കോം കമ്പനികൾക്ക് കഴിഞ്ഞിരുന്നില്ല. ജൂലൈയിൽ റീച്ചാർജ് നിരക്കുകൾ വർധിപ്പിക്കുകകൂടി ചെയ്തതോടെ ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ (VI) എന്നിവയുടെ പ്ലാനുകളും ബിഎസ്എൻഎൽ പ്ലാനുകളും തമ്മിലുള്ള നിരക്ക് വ്യത്യാസം കൂടുതൽ വർധിച്ചു.
സ്വകാര്യ ടെലിക്കോം കമ്പനികളുടെ നിരക്ക് വർധനയിൽ അസംതൃപ്തരായ ആളുകൾ ബിഎസ്എൻഎല്ലിലേക്ക് എത്തുകയും ബിഎസ്എൻഎല്ലിന്റെ പ്ലാനുകളെപ്പറ്റി അറിയാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. അതിനാൽത്തന്നെ ബിഎസ്എൻഎൽ പ്ലാനുകൾ ഇപ്പോൾ കൂടുതലായി ചർച്ചകളിലേക്ക് ഉയർന്നുവരുന്നു. എന്നാൽ ആവേശത്തിനിടയിൽ തെറ്റായ ചില വിവരങ്ങളും ബിഎസ്എൻഎല്ലിന്റെ പേരിൽ പ്രചരിപ്പിക്കപ്പെടുന്നു. അതിനാൽ എവിടെ നിന്ന് ലഭിക്കുന്ന വിവരമാണെങ്കിലും ഉപയോക്താക്കൾക്ക് ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴി അത് സ്ഥിരീകരിക്കുന്നത് നന്നായിരിക്കും.

ബിഎസ്എൻഎൽ ഉപയോക്താക്കൾക്കായി ലഭ്യമാക്കിയിട്ടുള്ള മുഴുവൻ പ്ലാനുകളും ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽ ലഭ്യമാണ്. മാത്രമല്ല, സെൽഫ് കെയർ ആപ്പ് വഴി റീച്ചാർജ് ചെയ്താൽ പ്ലാനിന്റെ യഥാർഥ തുകയെക്കാൾ 2ശതമാനം ഡിസ്കൗണ്ടും ലഭിക്കും. അതിനാൽ ബിഎസ്എൻഎല്ലിനെക്കുറിച്ച് അറിയുന്ന വിവരങ്ങൾ ആപ്പ് വഴി ഉറപ്പിക്കുന്നത് ഉചിതമായിരിക്കും.
ഇപ്പോൾ ബിഎസ്എൻഎൽ 979 രൂപ നിരക്കിൽ 300 ദിവസ വാലിഡിറ്റി നൽകുന്നു എന്ന നിലയ്ക്ക് ചില വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ നിലവിൽ ബിഎസ്എൻഎൽ ആപ്പിൽ 979 രൂപയുടെ ഒരു പ്ലാൻ ലഭ്യമല്ല. എന്നാൽ 997 രൂപയുടെ ഒരു പ്ലാനുണ്ട്. ഇത് 160 ദിവസ വാലിഡിറ്റിയിൽ പ്രതിദിനം 2ജിബി ഡാറ്റ അടക്കമുള്ള ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.

കുറഞ്ഞ നിരക്കിൽ 300 ദിവസ വാലിഡിറ്റി നൽകുന്ന പ്ലാൻ ബിഎസ്എൻഎൽ നൽകുന്നുണ്ട് എന്നത് സത്യമാണ്. എന്നാൽ ഈ പ്ലാനിന് യഥാർഥത്തിൽ 797 രൂപയാണ് നിരക്ക്. വർഷങ്ങളായി ബിഎസ്എൻഎൽ ഈ പ്ലാൻ നൽകുന്നുണ്ട്. ഇടയ്ക്ക് ചില പരിഷ്കരണങ്ങൾ നടത്തിയെങ്കിലും 797 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഇപ്പോഴും ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽ ലഭ്യമാണ്.
797 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിലെ ആനുകൂല്യങ്ങൾ: 300 ദിവസ വാലിഡിറ്റിയാണ് ഈ പ്ലാനിന്റെ പ്രധാന നേട്ടം. ഇത്ര കുറഞ്ഞ നിരക്കിൽ 300 ദിവസ വാലിഡിറ്റി ലഭിക്കുന്ന മറ്റ് പ്ലാനുകൾ വേറെയില്ല. ബിഎസ്എൻഎൽ സെക്കൻഡറി സിം ആയി ഉപയോഗിക്കുന്നവർക്കാണ് ഈ പ്ലാൻ അനുയോജ്യം. കാരണം വാലിഡിറ്റി ലക്ഷ്യമാക്കി ഇറക്കിയിരിക്കുന്നതിനാൽ 60 ദിവസത്തേക്ക് മാത്രമാണ് ഇതിലെ കോളിങ്, ഡാറ്റ, എസ്എംഎസ് ആനുകൂല്യങ്ങൾ ലഭ്യമാകുക.
797 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ് സൗകര്യം, പ്രതിദിനം 2 ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവ ആദ്യ 60 ദിവസത്തേക്ക് ലഭ്യമാകും. ശേഷിക്കുന്ന 240 ദിവസവും സിം വാലിഡിറ്റി ലഭിക്കും, ഇക്കാലയളവിൽ കോളിങ്, ഡാറ്റ ആവശ്യങ്ങൾ നേരിട്ടാൽ താൽക്കാലികമായി ചെറിയ തുകയുടെ ഡാറ്റ, വോയിസ് കോൾ പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യാവുന്നതാണ്.

ബിഎസ്എൻഎൽ വരിക്കാരിൽ കൂടുതൽ പേരും സാധാരണക്കാരാണ്. ഇവർക്ക് തങ്ങളുടെ സിം വാലിഡിറ്റി നിലനിർത്തണമെങ്കിൽ മികച്ച ഓപ്ഷൻ 797 രൂപ പ്ലാൻ തന്നെയാണ്. 300 ദിവസത്തേക്ക് ഇൻകമിങ് കോളുകൾ ലഭിക്കും എന്നതും സിം കട്ടാകില്ല എന്നതും ഏറെ പേർക്ക് ആശ്വാസമാകും. മറ്റ് ടെലിക്കോം കമ്പനികളുടെ സാധാരണക്കാരായ വരിക്കാർക്ക് ഇത്തരം ആശ്വാസം പകരുന്ന പ്ലാനുകൾ ലഭ്യമല്ല.


Click it and Unblock the Notifications