അടിക്ക് തിരിച്ചടി! ജിയോയുടെ കോസ്റ്റ്ലി റീച്ചാർജ് പ്ലാനിനെ നിലംപരിശാക്കി ബിഎസ്എൻഎൽ പ്ലാൻ
ബിഎസ്എൻഎല്ലിലേക്ക് ദിവസവും പുതിയ വരിക്കാരുടെ ഒഴുക്കാണ്. മൊബൈൽ റീച്ചാർജ് നിരക്ക് വർധനയ്ക്ക് ശേഷം ഏറ്റവുമധികം പുതിയ വരിക്കാരെ സ്വന്തമാക്കിയ ടെലിക്കോം കമ്പനി സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (Bharat Sanchar Nigam Limited) എന്ന ബിഎസ്എൻഎൽ (BSNL) ആണ്. അതിന്റെ കാരണം എന്താണ് എന്ന് ഇതിനകം എല്ലാവർക്കും അറിയാവുന്നതാണ്, എങ്കിലും അറിയാത്തവർ ഉണ്ടെങ്കിൽ അവർക്കായി പറയാം- ബിഎസ്എൻഎല്ലിന്റെ നിരക്ക് കുറഞ്ഞ പ്രീപെയ്ഡ് പ്ലാനുകൾ ആണ് ആളുകളെ ആകർഷിക്കുന്ന ആ കാരണം. മറ്റ് ടെലിക്കോം കമ്പനികൾ നൽകുന്നതിനെക്കാൾ വളരെ കുറഞ്ഞ നിരക്കിൽ അതിനേക്കാൾ മൂല്യമുള്ള ടെലിക്കോം ആനുകൂല്യങ്ങൾ ബിഎസ്എൻഎൽ നൽകുന്നു.
സ്വകാര്യ കമ്പനികളിൽ കുറച്ച് ഭേദം റിലയൻസ് ജിയോ ആണ് എന്നാണ് പൊതു വിലയിരുത്തൽ. ആ ജിയോയുടെ കോസ്റ്റ്ലി പ്രീപെയ്ഡ് പ്ലാനുകളെപ്പോലും നിലംപരിശാക്കുന്ന പ്ലാനുകൾ അതിനെക്കാൾ കുറഞ്ഞ വിലയിൽ ബിഎസ്എൻഎൽ നൽകുന്നു എന്നത് ആളുകളെ ആകർഷിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ. ജിയോയുടെ സൂപ്പർഹിറ്റ് പ്ലാനുകളിൽ ഒന്നാണ് 999 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. ഈ പ്ലാനിനെ കവച്ചുവയ്ക്കുന്ന ആനുകൂല്യങ്ങൾ ബിഎസ്എൻഎല്ലിന്റെ 997 രൂപ പ്ലാനിലുണ്ട്.

നിരക്ക് വർധനയ്ക്ക് മുൻപ് ജിയോയ്ക്ക് ഒരു 999 രൂപയുടെ പ്ലാനുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കാണുന്നത് അടുത്തിടെ അവതരിപ്പിച്ച 999 രൂപയുടെ പ്ലാനാണ്. നിരക്ക് വർധന വന്നപ്പോൾ 999 രൂപയുടെ പഴയപ്ലാൻ 1199 രൂപയുടെ പ്ലാനായി മാറി. പഴയ പ്ലാനിൽ നിന്ന് ഏറെ വ്യത്യസ്തമായ ആനുകൂല്യങ്ങളാണ് പുതിയ 999 രൂപ പ്ലാനിൽ ലഭിക്കുക.
999 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: നിലവിലുള്ള ജിയോ 9999 രൂപ പ്ലാൻ 98 ദിവസത്തെ വാലിഡിറ്റിയിൽ ആണ് എത്തുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യം, പ്രതിദിനം 100 എസ്എംഎസ്, 2 ജിബി പ്രതിദിന ഡാറ്റ എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. ഇതോടൊപ്പം അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും ലഭിക്കും.

അതേസമയം ജിയോയുടെ 999 രൂപയുടെ പ്ലാനിനെക്കാൾ മൂന്ന് രൂപ വിലക്കുറവിൽ 997 രൂപ വിലയിൽ ഒരു ബിഎസ്എൻഎൽ പ്ലാൻ ലഭ്യമാണ്. ഈ പ്ലാൻ ഉപയോഗിച്ച് ബിഎസ്എൻഎൽ വരിക്കാർക്ക് ജിയോയുടെ 999 രൂപയുടെ പ്ലാനിൽ ലഭിക്കുന്നതിനെക്കാൾ പലമടങ്ങ് ആനുകൂല്യങ്ങൾ ലഭ്യമാകും. കാരണം 160 ദിവസത്തെ വാലിഡിറ്റിയിൽ ഈ ബിഎസ്എൻഎൽ പ്ലാൻ ആനുകൂല്യങ്ങൾ നൽകുന്നു. ജിയോ പ്ലാനിൽ വെറും 98 ദിവസത്തെ വാലിഡിറ്റിയാണുള്ളത്.
997 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് വോയിസ് കോൾ, പ്രതിദിനം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ 160 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ബിഎസ്എൻഎൽ നൽകുന്നുണ്ട്. ഇതിന് പുറമെ നിരവധി അധിക ആനുകൂല്യങ്ങളും ഈ പ്രീപെയ്ഡ് പ്ലാനിൽ ഉണ്ട്.
ബിഎസ്എൻഎൽ ട്യൂൺസ്, ഹാർഡി ഗെയിംസ്, ചാലഞ്ചസ് അരീന ഗെയിംസ്, അസ്ട്രോടെൽ ആൻഡ് ഗെയിംഓൺ സർവീസ്, ഗെയിമിയം, ലിസ്റ്റിൻ പോഡ്കാസ്റ്റ് സർവീസ്, സിങ് മ്യൂസിക്, വൗവ് എന്റർടെയ്ൻമെന്റ് തുടങ്ങിയവയാണ്
997 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ അധിക ആനുകൂല്യങ്ങൾ. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഉപയോഗിച്ച് റീച്ചാർജ് ചെയ്താൽ 20 രൂപ ഡിസ്കൗണ്ടും ലഭിക്കും.

കാരണം 249 രൂപയ്ക്ക് മുകളിലുള്ള തുകയുടെ റീച്ചാർജുകൾക്ക് 2 ശതമാനം ഡിസ്കൗണ്ട് ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽ ലഭ്യമാണ്. അതിനാൽ 997 രൂപയുടെ പ്ലാനിന് 20 രൂപ ഡിസ്കൗണ്ട് ലഭിക്കും. ഇത് പ്രകാരം ഈ പ്ലാനിന് ആപ്പിൽ വെറും 977 രൂപ 06 പൈസ നൽകിയാൽ മതി എന്ന നേട്ടമുണ്ട്. ഇതും ഉപയോക്താവിന് ലഭിക്കുന്ന ഒരു മികച്ച ആനുകൂല്യം തന്നെയാണ്.
999 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിൽ ലഭിക്കുന്നതിനെക്കാൾ കൂടുതൽ ആനുകൂല്യം 997 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ലഭിക്കുന്നു. മുടക്കുന്ന പണത്തിന് മൂല്യം കൽപ്പിക്കുന്ന ടെലിക്കോം വരിക്കാരെ സംബന്ധിച്ചിടത്തോളം മികച്ച ഡീൽ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളാണ് എന്ന് ഈ രണ്ട് പ്ലാനുകളുടെയും താരതമ്യത്തിലൂടെ വ്യക്തമാണ്. 5ജി ഡാറ്റ ലഭ്യമാകും എന്നത് മാത്രമാണ് ജിയോ പ്ലാനിന്റെ മെച്ചം. ബിഎസ്എൻഎല്ലിന്റെ പോരായ്മയാകട്ടെ 5ജി ലഭ്യമല്ല എന്നത് മാത്രവും.


Click it and Unblock the Notifications