ആ തലപ്പൊക്കം ഒന്നു വേറെതന്നെ! 160 ദിവസ വാലിഡിറ്റിയും ദിവസവും 2ജിബി ഡാറ്റയും നൽകുന്ന ബിഎസ്എൻഎൽ പ്ലാൻ
ഇന്ത്യൻ ടെലിക്കോം മേഖലയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഒരേയൊരു ടെലിക്കോം കമ്പനിയാണ് ബിഎസ്എൻഎൽ. അതിന്റേതായ നേട്ടങ്ങളും കോട്ടങ്ങളും ബിഎസ്എൻഎൽ നേരിടുന്നുണ്ട്. ഡാറ്റ വേഗതയുടെ കാര്യത്തിൽ മറ്റ് കമ്പനികളെക്കാൾ ഏറെ പിന്നിലാണ് ബിഎസ്എൻഎൽ എന്നുള്ളത് കാലങ്ങളായി കേൾക്കുന്ന പരാതിയാണ്. വർഷമിത്ര കഴിഞ്ഞിട്ടും മുന്നേറാൻ കഴിയാത്തത് ബിഎസ്എൻഎൽ അധികൃതരുടെ പോരായ്മതന്നെയാണ്.
മറ്റ് ടെലിക്കോം കമ്പനികൾ 5ജി സേവനങ്ങൾ ആരംഭിച്ചിട്ടും ഇപ്പോഴും 4ജി പോലും വൃത്തിക്ക് എല്ലായിടത്തും എത്തിക്കാൻ കഴിഞ്ഞിട്ടില്ല എന്നുള്ള പേരുദോഷം മാറ്റി നിർത്തിയാൽ, ഏറെ മെച്ചപ്പെട്ട് സേവനങ്ങൾ ബിഎസ്എൻഎല്ലും നൽകിവരുന്നതായി കാണാം. ബിഎസ്എൻഎല്ലിനെ വിശ്വസിച്ച് കൂടെ നിൽക്കുന്ന കുറച്ചധികം വരിക്കാർ കേരളത്തിലുമുണ്ട്.

മറ്റ് ടെലിക്കോം കമ്പനികൾ അവരുടെ വരിക്കാർക്ക് ഉയർന്ന നിരക്ക് ഈടാക്കി നൽകുന്ന സേവനങ്ങൾ താരതമ്യേന കുറഞ്ഞ, എന്നാൽ ന്യായമായ നിരക്കിൽ നൽകുന്ന ഒരു സ്ഥാപനം എന്ന പേര് ബിഎസ്എൻഎല്ലിനുണ്ട്. പല ബിഎസ്എൻഎൽ പ്ലാനുകളും വരിക്കാർക്ക് ഏറെ ആശ്വാസവും പകരാറുണ്ട്. ഡാറ്റ ആവശ്യങ്ങൾ അധികമില്ലാത്ത ആളുകൾ കൂടുതലും ബിഎസ്എൻഎൽ ഉപയോഗിക്കാനാണ് താൽപര്യപ്പെടുന്നത്.
അത്യാവശ്യം കോളിങ് ആവശ്യങ്ങൾ നടത്താൻ മികച്ച വാലിഡിറ്റിയോടെ പ്ലാനുകൾ അവതരിപ്പിക്കുന്നതാണ് ഈ ബിഎസ്എൻഎൽ സ്നേഹത്തിന് പിന്നിലെ ഒരു കാരണം. പൊതുമേഖലാ സ്ഥാപനം എന്ന സ്നേഹം കൊണ്ട് ബിഎസ്എൻഎല്ലിനെ ചേർത്ത്പിടിച്ചിട്ടുള്ള വരിക്കാരും ഏറെയുണ്ട്. മറ്റ് ടെലിക്കോം കമ്പനികളുടേത് പോലെ ആകർഷകമായ റീച്ചാർജ് പ്ലാനുകൾ ബിഎസ്എൻഎല്ലും പുറത്തിറക്കിയിട്ടുണ്ട്.

അതിൽ ഒരു മികച്ച പ്ലാൻ ആണ് 997 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ. പ്രതിദിനം 2ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ വേറെയും ഉണ്ടെങ്കിലും കുറഞ്ഞ നിരക്കിൽ അഞ്ചുമാസത്തിലേറെ വാലിഡിറ്റിയിൽ എത്തുന്ന ഈ മികച്ച പ്ലാനിനോട് ഏറ്റുമുട്ടാൻ ശേഷിയുള്ള ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകൾ മറ്റൊരു കമ്പനിയും നൽകുന്നില്ല.
997 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിലെ ആനുകൂല്യങ്ങൾ: 997 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ഇന്ത്യയിലുടനീളമുള്ള ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളുകൾ വാഗ്ദാനം ചെയ്യുന്നു. ഹോം ലോക്കൽ സർവീസ് ഏരിയയിലും (LSA) മുംബൈയും ഡൽഹിയും ഉൾപ്പെടെയുള്ള ദേശീയ റോമിംഗ് ഏരിയകളിലും ലോക്കൽ, എസ്ടിഡി കോളുകൾ ഉൾപ്പെടെ അൺലിമിറ്റഡ് ആണ്.
ഇത് കൂടാതെ പ്രതിദിനം ഉയർന്ന വേഗതയിൽ 2ജിബി ഡാറ്റയും ഈ ബിഎസ്എൻഎൽ പ്ലാനിൽ ലഭിക്കുന്നുണ്ട്. പ്രതിദിന ഡാറ്റ പരിധി പിന്നിട്ടാൽ ഇന്റർനെറ്റ് വേഗത 40 കെബിപിഎസ് ആയി കുറയും. ഇത് കൂടാതെ, 997 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ഏത് നെറ്റ്‌വർക്കിലേക്കും പ്രതിദിനം 100 എസ്എംഎസുകളും നൽകുന്നുണ്ട്. മുംബൈയിലും ന്യൂഡൽഹിയിലും റോമിങ്ങിലുൾപ്പെടെ ഇത് ലഭ്യമാകും.

ഉപഭോക്താക്കൾക്ക് രണ്ട് മാസത്തേക്ക് പഴ്സണൽ റിംഗ്ബാക്ക് ടോണിന്റെ (PRBT) ആനുകൂല്യവും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ലോക്ധൂൺ ഉള്ളടക്കം ആസ്വദിക്കാനുള്ള അവസരവും 997 രൂപയുടെ ഈ പ്ലാൻ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. കൂടാതെ, ഈ പ്ലാൻ റീചാർജ് ഉപയോഗിച്ച് ഉപഭോക്താവ് രണ്ടാമതോ മൂന്നാമതോ റീചാർജ് ചെയ്താൽ ഉപയോഗിക്കാത്ത വാലിഡിറ്റിയും ശേഖരിക്കപ്പെടും.
മൊത്തത്തിൽ 997 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും പ്രതിദിനം 2ജിബി ഡാറ്റയും 160 ദിവസ വാലിഡിറ്റിയും അത്രയും ദിവസത്തേക്ക് എസ്എംഎസ് ആനുകൂല്യങ്ങളും നൽകുന്നു. ഉപഭോക്താക്കൾക്ക് പ്രതിദിനം ഏകദേശം 6 രൂപയാണ് ഇവിടെ ചെലവാകുന്നത്. ഈ പ്ലാൻ ആരംഭിച്ച ഘട്ടത്തിൽ പ്രതിദിനം 3ജിബി ഡാറ്റയാണ് ലഭ്യമായിരുന്നത്.
എന്നാൽ വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് ബിഎസ്എൻഎൽ വരുത്തിയ പരിഷ്കരണങ്ങളുടെ ഭാഗമായി ഇത് പിന്നീട് പ്രതിദിനം 2ജിബി ആയി മാറുകയായിരുന്നു. താരതമ്യേന കുറഞ്ഞ നിരക്കിൽ ദീർഘകാല വാലിഡിറ്റി, അൺലിമിറ്റഡ് കോളിംഗ്, പ്രതിദിന ഡാറ്റ എന്നിവയും അധിക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന ഈ മികച്ച ബിഎസ്എൻഎൽ പ്ലാനിനോട് ചേർത്ത് നിർത്താൻ പറ്റുന്ന മികച്ച പ്ലാനുകൾ വേറെയില്ല എന്ന് പറയേണ്ടിയിരിക്കുന്നു.


Click it and Unblock the Notifications








