അമ്പേ തോൽവി! ട്രായിയുടെ ടെസ്റ്റിൽ പൊട്ടി ബിഎസ്എൻഎൽ; കോൾ ഡ്രോപ്പ് നിരക്ക് വളരെ കൂടുതൽ
ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ വച്ച് ഏറ്റവുമധികം കോൾ ഡ്രോപ്പുകൾ നേരിടുന്നത് സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന്റെ വരിക്കാർക്ക് ആണെന്ന് റിപ്പോർട്ട്. യുപി വെസ്റ്റ് ലൈസൻസ്ഡ് സർവീസ് ഏരിയ (LSA) യ്ക്കായി ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) ജൂണിൽ നടത്തിയ ഇൻഡിപെൻഡന്റ് ഡ്രൈവ് ടെസ്റ്റിൽ (ഐഡിടി) ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) മോശം പ്രകടനമാണ് കാഴ്ചവച്ചത് എന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. ബിഎസ്എൻഎല്ലിന്റെ കോൾ സെറ്റപ്പ് വിജയ നിരക്ക് (സിഎസ്എസ്ആർ) 86.57% ആയിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
അതായത് ഏകദേശം 13% കോൾ ശ്രമങ്ങളും കണക്റ്റ് ചെയ്യാൻ പരാജയപ്പെട്ടുവെന്ന് ഇത് സൂചിപ്പിക്കുന്നു. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ (VI) എന്നിവയുൾപ്പെടുന്ന ടെലികോം ഓപ്പറേറ്റർമാരിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചത് ബിഎസ്എൻഎൽ ആണ്. ഏറ്റവും ഉയർന്ന കോൾ ഡ്രോപ്പ് നിരക്കും ഏറ്റവും കൂടുതൽ കോൾ മ്യൂട്ടിങ്ങും ബിഎസ്എൻഎല്ലിനാണ് ഉള്ളത്.

ടെസ്റ്റ് നടത്തിയ മേഖലയിൽ ബിഎസ്എൻഎല്ലിൽ ഒരു കോൾ കണക്ടാകാൻ എടുക്കുന്ന കോൾ സെറ്റപ്പ് ടൈം (സിഎസ്ടി) 3.03 സെക്കൻഡ് ആണ്. ഇത് മറ്റ് ടെലിക്കോം കമ്പനികളെ അപേക്ഷിച്ച് വളരെ ടൈം എടുക്കുന്നുണ്ട്. ഓട്ടോ സെലക്ഷൻ മോഡിൽ ബിഎസ്എൻഎൽ ഏറ്റവും ഉയർന്ന ഡ്രോപ്പ് കോൾ നിരക്കും (ഡിസിആർ) 3.45% രേഖപ്പെടുത്തി.
ബിഎസ്എൻഎൽ ഇതിനകം രാജ്യത്ത് ഏതാണ്ട് 95000 4ജി ടവറുകൾ സ്ഥാപിച്ചു എന്നാണ് അവകാശപ്പെടുന്നത്. എന്നാൽ ഇത് ഒട്ടും പര്യാപ്തമല്ല എന്ന് ട്രായിയുടെ ഈ ടെസ്റ്റ് റിസൾട്ടിൽ നിന്ന് വ്യക്തമാണ്. കാരണം മോശം കണക്റ്റിവിറ്റി, മതിയായ മൊബൈൽ ടവർ കവറേജിന്റെ കുറവ് എന്നിങ്ങനെയുള്ള നെറ്റ്‌വർക്ക് പ്രശ്‌നങ്ങളുടെ ഫലമാണ് ഈ മോശം റിസൾട്ട്.

റിലയൻസ് ജിയോയും വൊഡാഫോൺ ഐഡിയയും കോൾ സെറ്റപ്പ് ടൈമിൽ മികച്ച പെർഫോമൻസ് കാഴ്ചവച്ചു, ഇവയുടെ ശരാശരി സിഎസ്‌ടി യഥാക്രമം 0.77 സെക്കൻഡും 0.95 സെക്കൻഡും ആയിരുന്നു. ഞെട്ടിക്കുന്ന മറ്റൊരു കാര്യമെന്തെന്നാൽ സ്വകാര്യ കമ്പനികളിൽ സിഎസ്‌ടിയിൽ ഏറ്റവും പിന്നിൽ എയർടെൽ (22.86 സെക്കൻഡ്) ആയിരുന്നു എന്നതാണ്.
ഡ്രോപ്പ് കോൾ നിരക്കിന്റെ കാര്യത്തിൽ, ജിയോ 0.00% പൂർണത കൈവരിച്ചു, അതേസമയം വിഐയും എയർടെലും യഥാക്രമം 0.20%, 0.23% എന്ന നിലയിൽ ആണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. പാക്കറ്റ് സ്വിച്ച്ഡ് നെറ്റ്‌വർക്കുകളിൽ (4G/5G) കോൾ മ്യൂട്ടിംഗ് അല്ലെങ്കിൽ സൈലന്റിന്റെ കാര്യത്തിൽ, 0.48% മ്യൂട്ട് നിരക്കോടെ എയർടെൽ മികച്ച പ്രകടനം കാഴ്ചവച്ചു, ജിയോ 1.43%, വിഐ 2.23% എന്നിങ്ങനെയാണ് സ്കോർ ചെയ്തത്.
ഡാറ്റാ പെർഫോമൻസിന്റെ കാര്യത്തിലും മുന്നിൽ ജിയോ ആണ്. ശരാശരി ഡൗൺലോഡ് വേഗതയിൽ ജിയോ (5G/4G) വ്യക്തമായ ലീഡ് (246.47 Mbps) നേടി, പിന്നിൽ എയർടെൽ (5G/4G) 143.86 Mbps, വിഐ (4G) 49.68 Mbps എന്നിവയാണ് ഉള്ളത്. ഡാറ്റ വേഗതയുടെ കാര്യത്തിൽ ബിഎസ്എൻഎൽ 4.06 Mbps വേഗതയുമായി (4G/3G/2G-യിൽ) ഏറ്റവും പിന്നിലാണ്.

അപ്‌ലോഡ് വേഗതയിലും മുന്നിൽ ജിയോ തന്നെയാണ്, 34.08 Mbps. എയർടെൽ 28.40 Mbps വേഗതയും വിഐ 14.58 Mbps വേഗതയും ബിഎസ്എൻഎൽ 4.12 Mbps വേഗതയുമാണ് കാഴ്ചവച്ചത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത് യുപിയിൽ നടത്തിയ ടെസ്റ്റ് ആണെങ്കിലും രാജ്യത്ത് മിക്കയിടത്തും ബിഎസ്എൻഎല്ലിന്റെ നില ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെയാണ് എന്നാണ് ഇതേപ്പറ്റി നിരീക്ഷിക്കുന്നവർക്ക് മനസിലായിട്ടുള്ളത്.


Click it and Unblock the Notifications








