ഇന്ത ഡിസ്കൗണ്ട് പോതുമാ, ഇന്നും കൊഞ്ചം വേണമാ! റീച്ചാർജിൽ കൊതിപ്പിച്ചും 4G മസിൽ പെരുപ്പിച്ചും BSNL
ഇന്ത്യയിൽ സാധാരണക്കാരായ ജനങ്ങൾക്കൊപ്പം നിന്നുകൊണ്ട് ടെലിക്കോം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന സ്ഥാപനമാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL). ആളുകൾക്ക് താങ്ങാനാകുന്ന നിരക്കിൽ ഇത്രയും ടെലിക്കോം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന കമ്പനി വേറെയില്ല എന്നുതന്നെ പറയാം. അതുമാത്രമല്ല, ഡിസ്കൗണ്ട് നിരക്കിൽ റീച്ചാർജ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നതിന് പുറമേ 249 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകൾ യഥാർഥ വിലയെക്കാൾ കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാനുള്ള അവസരവും ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴിയാണ് അത് സാധ്യമാകുക. അനായാസമായും വിശ്വാസത്തോടെയും റീച്ചാർജ് ചെയ്യാനുള്ള സൗകര്യം സെൽഫ് കെയർ ആപ്പ് വാഗ്ദാനം ചെയ്യുന്നു.
ബിഎസ്എൻഎൽ സിം ഉള്ള ഉപയോക്താക്കൾ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് (BSNL Self Care App) ഉപയോഗിക്കുന്നത് ഏറെ ഗുണം ചെയ്യും. ബിഎസ്എൻഎല്ലിന്റെ വിവിധ പ്ലാനുകളെപ്പറ്റി അറിയാനും റീച്ചാർജ് ഈസിയായി നിർവഹിക്കാനും വിവിധ സേവനങ്ങൾ ആസ്വദിക്കാനും കസ്റ്റമർ കെയറുമായി ബന്ധപ്പെടാനും നിലവിലുള്ള പ്ലാനിന്റെ അവസ്ഥയെപ്പറ്റി അറിയാനുമൊക്കെ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഉപയോക്താവിനെ ഏറെ സഹായിക്കും.

റീച്ചാർജ് പ്ലാനുകൾക്ക് ഡിസ്കൗണ്ട് ലഭ്യമാകും എന്നതാണ് ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പുകൊണ്ടുള്ള പ്രധാന സാമ്പത്തിക നേട്ടം. മറ്റൊരു ടെലിക്കോം കമ്പനിയുടെ ആപ്പും ഇത്തരമൊരു സേവനം വാഗ്ദാനം ചെയ്യുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ സിം കാർഡ് റീച്ചാർജ് ചെയ്യാനുള്ള ഏറ്റവും ഈസിയും സുരക്ഷിതവുമായ മാർഗമാണ് സെൽഫ് കെയർ ആപ്പ്. ഗൂഗിൾ പ്ലേ, ആപ്പ് സ്റ്റോർ എന്നിവയിൽ നിന്ന് ഈ ആപ്പ് ഡൗൺലോഡ് ചെയ്യാം
249 രൂപയ്ക്ക് മുകളിലുള്ള പ്രീപെയ്ഡ് പ്ലാനുകൾ സെൽഫ് കെയർ ആപ്പ് വഴി റീച്ചാർജ് ചെയ്താൽ 2 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. ഉദാഹരണത്തിന് ബിഎസ്എൻഎല്ലിന്റെ ബെസ്റ്റ് ആൻഡ് ചീപ്പെസ്റ്റ് പ്ലാൻ ആണ് 319 രൂപ പ്ലാൻ. ഇത് തേർഡ് പാർട്ടി പ്ലാറ്റ്ഫോമുകൾ വഴി റീച്ചാർജ് ചെയ്താൽ 319 രൂപ തന്നെ നൽകണം.

എന്നാൽ സെൽഫ് കെയർ ആപ്പിൽ 2 ശതമാനം ഡിസ്കൗണ്ട് ലഭ്യമായതിനാൽ 319 രൂപയുടെ പ്ലാൻ വെറും 312 രൂപ, 62 പൈസയ്ക്ക് ലഭ്യമാകും. അതല്ല, 797 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ് തെരഞ്ഞെടുക്കുന്നത് എങ്കിൽ വെറും 781 രൂപ 06 പൈസ മാത്രമേ ചെലവാകൂ.
നിരവധി പേർ ബിഎസ്എൻഎൽ സിം ഉപയോഗിക്കുന്നുണ്ട്. കൂടാതെ ജൂലൈയിൽ സ്വകാര്യ ടെലിക്കോം കമ്പനികൾ നടപ്പിലാക്കിയ നിരക്ക് വർധനയ്ക്ക് ശേഷം കുറഞ്ഞ നിരക്കിൽ ടെലിക്കോം സേവനങ്ങൾ ആസ്വദിക്കാനും മറ്റും ധാരാളം പേർ ബിഎസ്എൻഎല്ലിലേക്ക് എത്തുന്നുമുണ്ട്. ജൂലൈയിലും ഓഗസ്റ്റിലും വരിക്കാരുടെ എണ്ണത്തിൽ നേട്ടമുണ്ടാക്കിയ ഏക ടെലിക്കോം കമ്പനി ബിഎസ്എൻഎൽ മാത്രമാണ്.
നിലവിൽ ബിഎസ്എൻഎൽ സിം ഉപയോഗിച്ചിരുന്നവരും പുതിയതായി ബിഎസ്എൻഎല്ലിലേക്ക് എത്തിയവരുമായ വലിയൊരു വിഭാഗം ആളുകൾക്ക് ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിലെ ഡിസ്കൗണ്ടിനെപ്പറ്റി കാര്യമായ ധാരണയില്ല. ഇത് കണക്കിലെടുത്ത് ബിഎസ്എൻഎൽ തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെ ഇക്കാര്യത്തിൽ വരിക്കാരിൽ അവബോധം സൃഷ്ടിക്കാൻ ശ്രമം നടത്തുന്നുണ്ട്. അതിന്റെ ഭാഗമായി ഡിസ്കൗണ്ട് വിവരങ്ങളടങ്ങിയ പോസ്റ്ററും ബിഎസ്എൻഎൽ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്.

മറ്റൊരു ശ്രദ്ധേയമായ നേട്ടം എന്തെന്നാൽ, ബിഎസ്എൻഎൽ 4ജി ടവറുകളുടെ എണ്ണം 41000 പിന്നിട്ടിരിക്കുന്നു എന്നതാണ്. ആകെ 1ലക്ഷം ടവറുകളിൽ 4ജി ലഭ്യമാക്കാനാണ് ബിഎസ്എൻഎൽ കരാർ നൽകിയിരിക്കുന്നത്. അതിൽ 50000 ടവറുകളിൽ ദീപാവലിക്ക് മുൻപ് 4ജി എത്തിക്കാൻ ബിസ്എൻഎൽ ആഗ്രഹിക്കുന്നു. അതിനായി അതിവേഗം നിർമാണവും ഇൻസ്റ്റളേഷനും കമ്മിഷനിങ്ങും നടന്നുകൊണ്ടിരിക്കുന്നു.
കഴിഞ്ഞയാഴ്ച 39000 ബിഎസ്എൻഎൽ ടവറുകളിൽ 4ജി എത്തിയതായി കമ്പനി അറിയിച്ചിരുന്നു. ഏറ്റവും പുതിയ ട്വിറ്റർ പോസ്റ്റ് പ്രകാരം ഇപ്പോഴത് 410000 ആയി ഉയർന്നിരിക്കുന്നു. ദീപാവലിക്ക് 50000 ടവറുകളിൽ 4ജി എന്ന ബിഎസ്എൻഎൽ വാഗ്ദാനം നടപ്പാകാൻ സാധ്യതയുണ്ട് എന്ന് നിലവിലെ സ്ഥിതിഗതികൾ കാണുമ്പോൾ തോന്നുന്നുണ്ട്.
ഇപ്പോൾ ഇന്ത്യൻ ടെലിക്കോം മേഖലയിൽ പൊതുവെ ബിഎസ്എൻഎല്ലിന് അനുകൂല തരംഗമാണ് ഉള്ളത്. ബിഎസ്എൻഎൽ പോലും ഇത് പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. സ്വകാര്യ ടെലിക്കോം കമ്പനികൾ നടപ്പിലാക്കിയ നിരക്ക് വർധനയാണ് അതിൽ നിർണായകമായത്. ഇപ്പോൾ ബിഎസ്എൻഎൽ 4ജി വ്യാപനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകകൂടി ചെയ്തതോടെ സ്ഥിതിഗതികൾ ബിഎസ്എൻഎല്ലിന് അനുകൂലമാകുകയായിരുന്നു. 5ജി കൂടി അവതരിപ്പിക്കാനായാൽ ജിയോയ്ക്കും എയർടെലിനും കനത്ത ഭീഷണിയായി ബിഎസ്എൻഎൽ ഉയർന്നുവരും. ഇപ്പോൾത്തന്നെ അതിന്റെ സൂചനകൾ പ്രകടമാണ്.


Click it and Unblock the Notifications








