മോദി ധർമ്മസങ്കടത്തിലാകുമോ! ബിഎസ്എൻഎല്ലിൽ വേണ്ടത് പ്രമോഷനാണ്, കൂട്ടപ്പിരിച്ചുവിടൽ അല്ലെന്ന് BMS
ബിഎസ്എൻഎല്ലിൽ (BSNL) കൂട്ടപ്പിരിച്ചുവിടൽ (VRS 2.0) നടത്താനുള്ള ബോർഡ് നീക്കത്തിനെതിരേ കേന്ദ്ര സർക്കാർ അനുകൂല തൊഴിലാളി സംഘടനയായ ബിഎംഎസും (ഭാരതീയ മസ്ദൂർ സംഘ്) രംഗത്ത്. ബിഎസ്എൻഎല്ലിൽ രണ്ടാമതും വോളണ്ടറി റിട്ടയർമെൻ്റ് സ്കീം (VRS 2.0) നടപ്പാക്കുകയല്ല, മറിച്ച് ജീവനക്കാർക്ക് പ്രമോഷൻ നൽകുകയാണ് വേണ്ടത് എന്ന് ടെലിക്കോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് അയച്ച കത്തിൽ, ബിഎംഎസ് ആവശ്യപ്പെട്ടു. രണ്ടാമതും ബിഎസ്എൻഎല്ലിൽ വിആർഎസ് നടപ്പാക്കാനുള്ള തീരുമാനം ബിഎംഎസിനെ അംബരപ്പിച്ചു. നേരത്തെ ബിഎസ്എൻഎല്ലിലെ മറ്റൊരു തൊഴിലാളി സംഘടനയായ ബിഎസ്എൻഎൽഇയു സർക്കാരിനോടും ബോർഡിനോടും വിആർഎസ് 2.0 നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എതിർപ്പുമായി ബിഎംഎസും എത്തിയിരിക്കുന്നത്.
ബിഎസ്എൻഎല്ലിലെ രണ്ട് പ്രമുഖ തൊഴിലാളി സംഘടനകൾ, അതും ബിഎംഎസ് പോലെ സർക്കാർ- ബിജെപി അനുകൂല തൊഴിലാളി സംഘടന ഉൾപ്പെടെ രംഗത്തെത്തിയതോടെ വിആർഎസ് 2.0 നടപ്പാക്കാനുള്ള ബോർഡിന്റെ നീക്കം പ്രതിസന്ധിയിലായി. എതിർപ്പ് വർധിച്ചതോടെ തീരുമാനമെടുക്കേണ്ട സർക്കാരും ഈ വിഷയത്തിൽ ആശങ്കയിലായി. ഇനിയും കൂടുതൽ തൊഴിലാളി സംഘടനകൾ തീരുമാനത്തെ എതിർത്ത് രംഗത്തെത്താനാണ് സാധ്യത.

ബിഎസ്എൻഎല്ലിൽ VRS (വോളണ്ടറി റിട്ടയർമെൻ്റ് സ്കീം) 2.0 നടപ്പിലാക്കാൻ ആഗ്രഹിക്കുന്നതായും ഇതിനായി 15000 കോടി രൂപ സർക്കാർ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ബിഎസ്എൻഎൽ കേന്ദ്ര ടെലിക്കോം മന്ത്രാലയത്തിന് കത്ത് നൽകിയതോടെയാണ് ബിഎസ്എൻഎല്ലിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ നടക്കാൻ പോകുന്നു എന്ന വിവരം പുറത്തായത്. ബിഎസ്എൻഎല്ലിന്റെ ചെലവ് കുറയ്ക്കുന്നതിനുള്ള സുപ്രധാന നടപടിയായാണ് ബോർഡ് വിആർഎസ് 2.0യെ കാണുന്നത്.
വിആർഎസ് 2.0 നടപ്പാക്കുന്നത് സംബന്ധിച്ച ബിഎസ്എൻഎൽ ബോർഡിന്റെ നിർദേശങ്ങൾ ടെലിക്കോം വകുപ്പ് ഉടൻ തന്നെ ക്യാബിനറ്റിന് അയയ്ക്കും. ക്യാബിനറ്റാണ് ഫണ്ട് അനുവദിക്കണോയെന്ന് തീരുമാനമെടുക്കുക. ഇപ്പോൾ തൊഴിലാളി സംഘടനകൾ ഓരോന്നായി പ്രതിഷധവുമായി രംഗത്തെത്തുന്ന സാഹചര്യത്തിൽ, അതും ബിഎംഎസ് ഉൾപ്പെടെ എതിർക്കുന്ന സാഹചര്യത്തിൽ, തീരുമാനമെടുക്കാൻ സർക്കാർ കൂടുതൽ സമയമെടുത്തേക്കും.

വിആർഎസിനെ എതിർത്തുകൊണ്ട് ബിഎംഎസ് ജനറൽ സെക്രട്ടറി രവീന്ദ്ര ഹിംതെ, മന്ത്രിക്ക് നൽകിയ കത്തിൽ ബിഎസ്എൻഎല്ലിൽ ദീർഘകാലമായി കെട്ടിക്കിടക്കുന്ന എച്ച്.ആർ പ്രശ്‌നങ്ങളായ ശമ്പളം, പ്രമോഷൻ, പെൻഷൻ എന്നിവ പരിഹരിക്കണമെന്നും ആത്മാർത്ഥതയുള്ള ജീവനക്കാർക്ക് പ്രതിഫലമായി മൂന്നാം പിആർസി (ശമ്പള പരിഷ്കരണ സമിതി ശുപാർശകൾ) നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
എന്തുകൊണ്ട് വിആർഎസ്2.0 നടപ്പാക്കാൻ ബിഎസ്എൻഎൽ ബോർഡ് ശ്രമിക്കുന്നു: നിലവിലെ സാഹചര്യത്തിൽ നിന്ന് വളരുന്നതിന് ബിഎസ്എൻഎല്ലിന് ചെലവ് കുറയ്ക്കുകയും വരുമാനം വർധിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ബിഎസ്എൻഎൽ വരുമാനത്തിന്റെ 38% അല്ലെങ്കിൽ ഏകദേശം 7,500 കോടി രൂപ ജീവനക്കാർക്കായിട്ടാണ് ചെലവഴിക്കുന്നത്. VRS 2.0 പ്രോജക്ട് നടപ്പാക്കിയാൽ ഈ ചെലവ് കാര്യമായി കുറയ്ക്കാനാകും.
വിആർഎസ് 2.0 പ്രോജക്ടിലൂടെ ഏകദേശം 18,000- 19,000 ജീവനക്കാരെ കുറയ്ക്കാനാണ് ബിഎസ്എൻഎൽ കണക്കുകൂട്ടുന്നത് എന്നാണ് ഇടി റിപ്പോർട്ട് പറയുന്നത്. രണ്ടാം വിആർഎസ് നടപ്പാക്കുന്നതോടെ ചെലവ് വർഷം 5,000 കോടി രൂപയായി കുറയ്ക്കാൻ സാധിക്കും. 2019-ൽ കേന്ദ്രത്തിൽ നിന്ന് ലഭിച്ച ദുരിതാശ്വാസ പാക്കേജിൻ്റെ ബലത്തിൽ നടപ്പാക്കിയ ആദ്യ വിആർഎസ് വിജയമായിരുന്നു എന്നതും വിആർഎസ് 2.0 പ്രോജക്ട് നടപ്പാക്കാൻ ബോർഡിനെ പ്രേരിപ്പിക്കുന്നു.

എന്നാൽ വിആർഎസ് നടപ്പാക്കണമെന്ന ബോർഡ് തീരുമാനത്തെ തങ്ങളുടെ വാദങ്ങൾ മുന്നോട്ടുവച്ചുകൊണ്ട് തൊഴിലാളികൾ എതിർക്കുന്നു. അഞ്ച് വർഷത്തിനിടെ മൂന്ന് ദുരിതാശ്വാസ പാക്കേജുകൾ നൽകിയിട്ടും വരുമാനം വർധിപ്പിക്കാൻ ബിഎസ്എൻഎൽ ബോർഡിന് കഴിഞ്ഞിട്ടില്ലെന്നും സ്വകാര്യ കമ്പനികൾ 5ജിക്കായി നിക്ഷേപം നടത്തുകയും സേവനങ്ങൾ ആരംഭിക്കുകയും ചെയ്തെങ്കിലും ബിഎസ്എൻഎൽ ഇപ്പോഴും 2G, 3G എന്നിവയെ ആശ്രയിക്കുന്നതായും തൊഴിലാളികൾ തന്നെ ചൂണ്ടിക്കാണിക്കുന്നു.
4G ഉപകരണങ്ങളുടെ ഇൻസ്റ്റാളേഷനിലെയും കമ്മീഷനിങ്ങിലെയും കാലതാമസവും ഉപയോക്താക്കൾക്ക് നിലവാരമുള്ള സേവനങ്ങൾ നൽകുന്നതിനു വെല്ലുവിളിയാണ്. തദ്ദേശീയ ടെക്നോളജി ഉപയോഗിച്ചുമാത്രം ബിഎസ്എൻഎൽ 4ജി അവതരിപ്പിച്ചാൽ മതി എന്ന സർക്കാർ നയം തെറ്റാണെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടി. ബിഎസ്എൻഎൽ എഫ്‌ടിടിഎച്ച്, ലാൻഡ്‌ലൈൻ കണക്ഷനുകളുടെ മെയിൻ്റനൻസ് ഔട്ട്‌സോഴ്‌സിംഗ് സേവനങ്ങളുടെ ഗുണനിലവാരം കമ്പനിയുടെ പ്രതിച്ഛായ മോശമാക്കുന്നതിന് കാരണമായെന്നും യൂണിയൻ വിമർശിക്കുന്നു.


Click it and Unblock the Notifications








