പോസ്റ്റ് ഓഫീസുകൾ ഇനി ഫലത്തിൽ ബിഎസ്എൻഎൽ സേവന കേന്ദ്രങ്ങളുമാകും; സഹകരണത്തിന് കരാർ
രാജ്യത്തെ രണ്ട് പ്രമുഖ സ്ഥാപനങ്ങളായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡും (BSNL) പോസ്റ്റൽ വകുപ്പും (Department of Posts) സെപ്റ്റംബർ 17ന് ഒരു സുപ്രധാന സഹകരണ കരാർ ഒപ്പിട്ടു. ഇന്ത്യയിലുടനീളം ബിഎസ്‌എൻഎല്ലിന്റെ മൊബൈൽ കണക്റ്റിവിറ്റി വർധിപ്പിക്കാൻ സഹകരിക്കാനാണ് ഇരു സ്ഥാപനങ്ങളും തമ്മിൽ ധാരണയായിരിക്കുന്നത്. ഇത് സംബന്ധിച്ച കരാർ ഒപ്പുവച്ചതായി കമ്മ്യൂണിക്കേഷൻസ് മന്ത്രാലയം പ്രസ്താവനയിലൂടെയും അറിയിച്ചിട്ടുണ്ട്. രാജ്യത്തുടനീളം ബിഎസ്‌എൻഎൽ സിം കാർഡുകളും മൊബൈൽ റീചാർജ് സേവനങ്ങളും വിൽക്കുന്നതിനായും മറ്റും പോസ്റ്റൽ വകുപ്പിന്റെ 1.65 ലക്ഷത്തിലധികം പോസ്റ്റ് ഓഫീസുകളുടെ തപാൽ ശൃംഖല പ്രയോജനപ്പെടുത്താൻ ആണ് ധാരണ.
സ്വകാര്യ കമ്പനികൾക്ക് വൻ തോതിൽ ഫണ്ട് ഉള്ളതിനാൽ രാജ്യവ്യാപകമായി സ്വാധീനം ഉറപ്പിക്കാൻ അവരുടേതായ മാർഗങ്ങൾ കണ്ടെത്തുമ്പോൾ പൊതുമേഖലാ സ്ഥാപനം എന്ന നിലയിൽ സർക്കാർ ഉടമസ്ഥതയിലുള്ളതും ജനങ്ങളുമായി ഏറ്റവും അടുത്ത് ഇടപഴകുന്നതും ഗ്രാമങ്ങളിൽപ്പോലും ശക്തമായ വേരോട്ടമുള്ളതുമായ പോസ്റ്റൽ വകുപ്പിന്റെ സഹായത്തോടെ സ്വാധീനം വർധിപ്പിക്കാൻ ബിഎസ്എൻഎൽ ഒരു ശ്രമം നടത്തുന്നു എന്നാണ് ഈ കരാറിൽ നിന്ന് മനസിലാക്കാനാകുന്നത്.

ഇന്ത്യയിലെ മിക്കവാറും എല്ലാ ഗ്രാമങ്ങളുമായും നഗരങ്ങളുമായും ആഴത്തിൽ ബന്ധമുള്ള സ്ഥാപനമാണ് ഇന്ത്യാ പോസ്റ്റ്. രാജ്യത്തെ ജനങ്ങൾക്കിടയിൽ പോസ്റ്റൽ വകുപ്പിന്റെ ഈ വിശാലവും ആഴത്തിലുള്ളതുമായ ഈ സാന്നിധ്യം നഗര, ഗ്രാമപ്രദേശങ്ങളിലെ ബിഎസ്‌എൻഎല്ലിന്റെ സ്വാധീനം വർദ്ധിപ്പിക്കുന്നതിന് ശക്തമായ ഒരു പാലമായി മാറും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
സഹകരണം എങ്ങനെ
ബിഎസ്എൻഎൽ- പോസ്റ്റൽ വകുപ്പ് സഹകരണത്തിലൂടെ, ബിഎസ്‌എൻഎല്ലിന്റെ, മൊബൈൽ സിം വിൽപ്പന, മൊബൈൽ റീച്ചാർജുകൾ എന്നിവയ്‌ക്കായി പോസ്റ്റ് ഓഫീസുകൾ പോയിന്റ് ഓഫ് സെയിൽ (പിഒഎസ്) ആയി പ്രവർത്തിക്കും. ബിഎസ്‌എൻഎല്ലിന്റെ ടെലിക്കോം സേവനങ്ങൾ ജനങ്ങൾക്ക് പെട്ടെന്ന് ലഭ്യമാകുന്ന നിലയിലുള്ള ഒന്നാക്കി മാറ്റുക എന്നത് ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നു.

കരാറിന്റെ ഭാഗമായി ബിഎസ്‌എൻഎൽ സിം സ്റ്റോക്കും പരിശീലനവും നൽകും, അതേസമയം തപാൽ വകുപ്പ് ബിഎസ്‌എൻഎല്ലിനായി പുതിയ ഉപഭോക്താക്കളെ കൂട്ടിച്ചേർക്കുകയും സുരക്ഷിതവും മാന്യവുമായ നിലയിൽ സേവനങ്ങൾ ലഭ്യമാകാൻ സഹകരിക്കുകയും ചെയ്യും. 17.09.2025 മുതൽ ഒരു വർഷത്തേക്ക് ആണ് ഇരുസ്ഥാപനങ്ങളും തമ്മിൽ സഹകരണ കരാർ ഉണ്ടാക്കിയിരിക്കുന്നത്. പിന്നീട് ആവശ്യമെങ്കിൽ ഇത് പുതുക്കും.
പരിമിതമായ കണക്റ്റിവിറ്റിയുള്ള വിദൂര ഗ്രാമങ്ങളിൽ ഈ നീക്കം ടെലിക്കോം വളർച്ചയ്ക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. പോസ്റ്റ് ഓഫീസുകളെ ബിഎസ്എൻഎൽ സേവന കേന്ദ്രങ്ങളായി ഉപയോഗിക്കുന്നതിലൂടെ, ഡിജിറ്റൽ വിടവ് നികത്താനും ഗ്രാമീണ കുടുംബങ്ങളെ മൊബൈൽ സേവനങ്ങളിലൂടെ ശാക്തീകരിക്കാനും ഈ സഹകരണം ലക്ഷ്യമിടുന്നു. ഒരു പരീക്ഷണം എന്ന നിലയിൽ അസമിൽ ഈ സഹകരണം പരീക്ഷിച്ചിരുന്നു. അവിടെ പദ്ധതി വൻ വിജയമാണ് എന്ന് കണ്ടതിനെ തുടർന്നാണ് ഇത് രാജ്യവ്യാപകമായി വ്യാപിപ്പിക്കാൻ ശ്രമിക്കുന്നത്.
സ്വകാര്യ ടെലിക്കോം കമ്പനികൾ തങ്ങൾക്ക് കൂടുതൽ വരുമാനം ലഭിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ സേവനങ്ങൾ കേന്ദ്രീകരിക്കാനാണ് പൊതുവേ ശ്രമിക്കാറുള്ളത്. എന്നാൽ ഇന്ത്യയിൽ ഇപ്പോഴും ടെലിക്കോം കണക്ടിവിറ്റി ലഭ്യമല്ലാത്ത നിരവധി ഗ്രാമപ്രദേശങ്ങളിൽ ടെലിക്കോം സേവനങ്ങൾ എത്തിക്കാൻ ബിഎസ്എൻഎൽ ശ്രമിക്കുന്നു. അതിന്റെ ഭാഗമായി തങ്ങളുടെ 4ജി വ്യാപനത്തിൽ ഗ്രാമങ്ങൾക്കും ബിഎസ്എൻഎൽ പ്രത്യേക മുൻഗണന നൽകുന്നുണ്ട്.

4ജി ടവറുകൾ സ്ഥാപിക്കുന്നതുപോലെ തന്നെ ഗ്രാമങ്ങളിലെ ടെലിക്കോം ശേഷി വളർത്താനുള്ള ബിഎസ്എൻഎല്ലിന്റെയും കേന്ദ്ര സർക്കാരിന്റെയും മറ്റൊരു നീക്കമായി ബിഎസ്എൻഎല്ലിന്റെയും പോസ്റ്റൽ വകുപ്പിന്റെയും ഈ സഹകരണത്തെ കാണാനാകും. അതിനാൽ ഇന്ത്യയിൽ മൊബൈൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് പോസ്റ്റൽ ഡിപ്പാർട്ട്മെന്റും ബിഎസ്എൻഎല്ലും തമ്മിലുള്ള പങ്കാളിത്തം എന്ന് വിലയിരുത്തപ്പെടുന്നു.
തപാൽ വകുപ്പിന് വേണ്ടി സിറ്റിസൺ സെൻട്രിക് സർവീസസ് & ആർബി ജനറൽ മാനേജർ മനീഷ ബൻസാൽ ബാദലും ബിഎസ്‌എൻഎൽ പ്രിൻസിപ്പൽ ജനറൽ മാനേജർ (സെയിൽസ് ആൻഡ് മാർക്കറ്റിംഗ്-കൺസ്യൂമർ മൊബിലിറ്റി) ദീപക് ഗാർഗും ധാരണാപത്രത്തിൽ ഔദ്യോഗികമായി ഒപ്പുവച്ചു. "ഈ പങ്കാളിത്തം ഇന്ത്യ പോസ്റ്റിന്റെ വിശ്വസനീയമായ വ്യാപ്തിയും ബിഎസ്‌എൻഎല്ലിന്റെ ടെലികോം വൈദഗ്ധ്യവും സംയോജിപ്പിച്ച് എല്ലാ പൗരന്മാർക്കും താങ്ങാനാവുന്നതും ആക്‌സസ് ചെയ്യാവുന്നതുമായ കണക്റ്റിവിറ്റി നൽകുന്നു" എന്ന് മനീഷ ബൻസാൽ ബാദൽ പറഞ്ഞു.
"ഈ സഹകരണത്തിലൂടെ, രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും ബിഎസ്‌എൻഎൽ സേവനങ്ങൾ ലഭ്യമാകും, ഇത് പൗരന്മാർക്ക് - പ്രത്യേകിച്ച് ഗ്രാമീണ, പിന്നോക്ക മേഖലകളിലെ പൗരന്മാർക്ക് - അവരുടെ അടുത്തുള്ള പോസ്റ്റ് ഓഫീസിൽ തന്നെ മൊബൈൽ സേവനങ്ങൾ സൗകര്യപ്രദമായി ലഭ്യമാകാൻ സഹായിക്കും" എന്ന് ദീപക് ഗാർഗ് പറഞ്ഞു.


Click it and Unblock the Notifications








