ടെക്നോളജിയിൽ വളരാൻ ഇന്ത്യ, നയിക്കാൻ BSNL; നോക്കിയ, ക്വാൽക്കോം ഉൾപ്പെടെ വമ്പൻ കമ്പനികളുമായി കരാർ ഒപ്പിട്ടു
ഇന്ത്യയെ ഡിജിറ്റൽ ശക്തിയായി വളർത്തുന്നതിന്റെ നെടുനായകത്വം ഏറ്റെടുത്തുകൊണ്ട് സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ (BSNL) 5G, AI/ML, നെറ്റ്‌വർക്കിംഗ്, ഡിജിറ്റൽ സാങ്കേതികവിദ്യകൾ എന്നിവയിൽ വിപുലമായ പരിശീലന സംരംഭങ്ങൾ ആരംഭിക്കുന്നതിനായി എറിക്സൺ ഇന്ത്യ, ക്വാൽകോം ടെക്നോളജീസ്, സിസ്കോ സിസ്റ്റംസ്, നോക്കിയ സൊല്യൂഷൻസ് ആൻഡ് നെറ്റ്‌വർക്ക്സ് ഇന്ത്യ എന്നിവയുമായി നിർണായക ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. ജബൽപൂരിലെ ബിഎസ്എൻഎല്ലിന്റെ പരമോന്നത പരിശീലന സ്ഥാപനമായ ഭാരത് രത്‌ന ഭീം റാവു അംബേദ്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെലികോം ട്രെയിനിംഗ് (ബിആർബിആർഐടിടി)യിലാണ് ഈ പ്രോജക്ട് നടപ്പിലാക്കുക.
2025 ഓഗസ്റ്റ് 11 ന് ന്യൂഡൽഹിയിൽ നടന്ന മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിങ് (MoUs) ഒപ്പുവയ്ക്കൽ ചടങ്ങിൽ കേന്ദ്ര കമ്മ്യൂണിക്കേഷൻസ് മന്ത്രി ജ്യോതിരാദിത്യ എം സിന്ധ്യ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, ബിഎസ്എൻഎൽ അധികൃതർ, പദ്ധതിയുടെ ഭാഗമാകുന്ന എറിക്സൺ ഇന്ത്യ, ക്വാൽകോം, സിസ്കോ, നോക്കിയ കമ്പനികളുടെ പ്രതിനിധികൾ എന്നിവർ ഔപചാരികമായി പങ്കെടുത്തു.

ടെലിക്കോം രംഗത്ത് കൂടുതൽ ഗവേഷണങ്ങൾ നടത്തുക, വികസന പ്രോജക്ടുകൾ തയാറാക്കുക, സംരംഭകത്വം വളർത്തുക എന്നിവയ്‌ക്കായി ടെലിക്കോം മേഖലയിലെ ആധികാരിക കേന്ദ്രമായി വിഭാവനം ചെയ്തിരിക്കുന്ന സ്ഥാപനമാണ് ബിആർബിആർഐടിടി. ബിഎസ്‌എൻഎല്ലിന്റെ ഈ പരമോന്നത പരിശീലന സ്ഥാപനത്തിൽ 5G, AI/ML, നെറ്റ്‌വർക്കിംഗ്, ഡിജിറ്റൽ സാങ്കേതികവിദ്യകൾ എന്നിവയിൽ വിപുലമായ പരിശീലന സംരംഭങ്ങൾ ആരംഭിക്കാനാണ് ഈ കരാറിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്.
ഓരോ കമ്പനികളുമായുമുള്ള സഹകരണത്തിലൂടെ ബിഎസ്എൻഎൽ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് നോക്കാം. ക്വാൽകോം: വിദ്യാർത്ഥികൾ, ബിഎസ്എൻഎൽ പരിശീലകർ, സർക്കാർ പാർട്നേഴ്സ് എന്നിവർക്കായി വിപുലമായ 5G, AI പരിശീലനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ക്വാൽകോം ഇൻസ്റ്റിറ്റ്യൂട്ട് ക്വാൽകോം ഇവിടെ സ്ഥാപിക്കും. ഈ പരിശീലന പരിപാടിയിൽ പ്രീമിയം ഓൺലൈൻ കണ്ടന്റ്, തത്സമയ സെഷനുകൾ, ഇന്റേൺഷിപ്പുകൾ എന്നിവ ഉൾപ്പെടും. ഉദ്ഘാടന വർഷത്തിൽ പങ്കെടുക്കുന്ന ആദ്യത്തെ 100 പേരുടെ പരിശീലനം ക്വാൽകോം സ്പോൺസർ ചെയ്യും.

നോക്കിയ: ബിഎസ്എൻഎല്ലുമായി ഉണ്ടാക്കിയ പുതിയ കരാറിന്റെ ഭാഗമായി നോക്കിയ ഇവിടെ 5G റേഡിയോ, കോർ നെറ്റ്‌വർക്കുകൾ, AI/ML ആപ്ലിക്കേഷനുകൾ എന്നിവയിൽ പ്രതിവർഷം 300 വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന ഒരു 5G സെന്റർ ഓഫ് എക്‌സലൻസും AI/ML ലാബും സൃഷ്ടിക്കുന്നതിന് പിന്തുണ നൽകും. നോക്കിയയും ബിആർബ്രെയിറ്റും സംയുക്തമായി നടത്തുന്ന സർട്ടിഫിക്കേഷൻ പ്രോഗ്രാം ഇതിൽ ഉൾപ്പെടുന്നു.
എറിക്സൺ: ബിഎസ്എൻഎല്ലുമായി ഒപ്പുവച്ചിരിക്കുന്ന സഹകരണ കരാറിന്റെ ഭാഗമായി എറിക്‌സൺ BRBRAITT-ൽ ഒരു 5G സെന്റർ ഓഫ് എക്‌സലൻസ് സ്ഥാപിക്കും. ഇവിടെ എറിക്‌സൺ എഡ്യുക്കേറ്റ് പ്രോഗ്രാമിന്റെ ഓൺലൈൻ പരിശീലന ഭാഗത്തിന് വിധേയമാകുന്ന വിദ്യാർത്ഥികൾക്ക് എറിക്‌സണിന്റെ ആഗോള പാഠ്യപദ്ധതി, പരിശീലകർ, ലാബ് സൗകര്യങ്ങൾ എന്നിവയിൽ നിന്ന് പ്രയോജനം ലഭിക്കും. ഈ പ്രോഗ്രാമിന് കീഴിൽ പ്രതിവർഷം 2,000-ത്തിലധികം വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനവും ഓൺലൈൻ പഠന മൊഡ്യൂളുകളും എറിക്സൺ വാഗ്ദാനം ചെയ്യുന്നു.
സിസ്കോ: ബിഎസ്എൻഎല്ലുമായുള്ള പുതിയ കരാറിന്റെ ഭാഗമായി നെറ്റ്‌വർക്കിംഗ്, സൈബർ സുരക്ഷ, ഐടി ഇൻഫ്രാസ്ട്രക്ചർ എന്നിവയിൽ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനായി സിസ്കോ നെറ്റ്‌വർക്കിംഗ് അക്കാദമി പ്രോഗ്രാം ഇവിടെ ആരംഭിക്കും. ഇതിന്റെ ഭാഗമായി സിസ്കോ ഓൺലൈൻ സിലബസിലേക്കും ഡിജിറ്റൽ ഡിവൈസുകളിലേക്കും സൗജന്യ ആക്‌സസ് നൽകും. ബിഎസ്എൻഎൽ രാജ്യവ്യാപകമായി ലാഭേച്ഛയില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഈ പരീശീലനം നടപ്പിലാക്കൽ ഏകോപിപ്പിക്കും.

അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന ഈ വമ്പൻ കമ്പനികളുമായുള്ള ബിഎസ്എൻഎൽ കരാർ ഭാവിയിൽ ഇന്ത്യൻ ടെലിക്കോം രംഗം വളരുന്നതിന് ശക്തമായ അടിത്തറ സൃഷ്ടിക്കും. ടെലിക്കോം മാത്രമല്ല, 5G, ഇൻഫർമേഷൻ ടെക്നോളജി എന്നിവയിൽ ഉൾപ്പെടെ സുസജ്ജമായ ഒരു തൊഴിൽ മേഖല കെട്ടിപ്പടുക്കുന്നതിന് ഈ സഹകരണം ഇന്ത്യക്ക് ഗുണം ചെയ്യും എന്ന് വിലയിരുത്തപ്പെടുന്നു.
"ബിഎസ്എൻഎല്ലിന്റെയും പ്രമുഖ ആഗോള സാങ്കേതിക കമ്പനികളുടെയും സഹകരണത്തിലൂടെ വൈദഗ്ധ്യമുള്ളതും ഭാവിയിലേക്ക് കരുത്തുറ്റതുമായ ഒരു ടെലികോം വർക്ക്ഫോഴ്‌സിനെ കെട്ടിപ്പടുക്കുന്നതിനുള്ള ഒരു നാഴികക്കല്ലായ ചുവടുവയ്പ്പാണ് ഇത് എന്ന് മന്ത്രി സിന്ധ്യ പറഞ്ഞു. ഈ പദ്ധതിക്കായുള്ള ആദ്യ ഘട്ട നിക്ഷേപം ഒരു കോടി രൂപയ്ക്ക് മുകളിലാണ്. അത്യാധുനിക സാങ്കേതിക വിദ്യാഭ്യാസത്തിനുള്ള ഒരു കേന്ദ്രമായി ജബൽപൂരിനെ മാറ്റുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.


Click it and Unblock the Notifications








