കേരളക്കരയിൽ ദിവസം 3000 പുതിയ കണക്ഷനുകൾ; ജിയോയും എയർടെലും വിഐയും ചേർന്ന് വിതച്ചു, ബിഎസ്എൻഎൽ കൊയ്യുന്നു!
നന്മ വിതച്ചാൽ നന്മ കൊയ്യാം, തിന്മ വിതച്ചാൽ കൊയ്യുക തിന്മയായിരിക്കും എന്നാണ് പറയാറുള്ളത്. ഇന്ത്യൻ ടെലിക്കോം മേഖലയിൽ ഇപ്പോൾ കൊയ്ത്തുകാലമാണ്...! പക്ഷേ പതിവിന് വിപരീതമായി വരിക്കാരെ കൊയ്യുന്നത് ബിഎസ്എൻഎൽ ആണ് എന്നുമാത്രം. ജിയോയും എയർടെലും വൊഡാഫോൺ ഐഡിയയും ചേർന്ന് ജൂലൈയിൽ പുതിയ ടെലിക്കോം നിരക്ക് വർധന നടപ്പാക്കി. എന്നാൽ ബിഎസ്എൻഎൽ ഇതുവരെ നിരക്ക് വർധന പ്രഖ്യാപിച്ചിട്ടില്ല. വരിക്കാർക്ക് ഇപ്പോൾ ഏറ്റവും കുറഞ്ഞ നിരക്കിൽ ടെലിക്കോം സേവനങ്ങൾ ലഭ്യമാകുക പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിൽ നിന്നാണ്. അതിനാൽ തന്നെ നിരവധി ആളുകൾ ഇപ്പോൾ കൂട്ടത്തോടെ ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്ത് എത്തുന്നു.
നിരക്ക് വർധിപ്പിച്ച ജിയോ, എയർടെൽ, വിഐ എന്നീ സ്വകാര്യ കമ്പനികൾക്ക് എതിരേ ഇന്ത്യയിലെമ്പാടും കടുത്ത വിമർശനം ഉയരുന്നുണ്ട്. സാധാരണക്കാരുടെ റീച്ചാർജ് ബജറ്റ് വൻ തോതിൽ ഉയരാൻ നിരക്ക് വർധന കാരണമായി. എന്നാൽ നിരക്ക് ഉയർത്താത്തതിനാൽ ആളുകളുടെ ശ്രദ്ധ ബിഎസ്എൻഎല്ലിൽ പതിയുകയും ബിഎസ്എൻഎല്ലിന്റെ നിരക്കു കുറഞ്ഞ പ്ലാനുകൾ വളരെപ്പെട്ടെന്ന് പ്രശസ്തമാകുകയും ചെയ്തു.

ഇന്ത്യയിലെ വിവിധ ടെലിക്കോം സർക്കിളുകളിൽ ബിഎസ്എൻഎല്ലിന് അനുകൂലമായ ഒരു തരംഗം ഇപ്പോൾ ഉണ്ടായിട്ടുണ്ട്. ഈ തരംഗം കേരളത്തിലും അലയടിക്കുന്നുണ്ട് എന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. നേരത്തെ തന്നെ ബിഎസ്എൻഎല്ലിന് ശക്തമായ വേരുകളുള്ള ഒരു ടെലിക്കോം സർക്കിൾ ആണ് കേരളം. എന്നാലിപ്പോൾ കേരളത്തിലും ബിഎസ്എൻഎല്ലിന് കൂടുതൽ ഉപയോക്താക്കളെ ലഭ്യമായിത്തുടങ്ങിയിരിക്കുന്നു.
2024 ജൂലൈയിൽ കേരള സർക്കിളിൽ ബിഎസ്എൻഎൽ ഒരു ലക്ഷത്തോളം സിമ്മുകൾ വിറ്റു. ഓഗസ്റ്റിൽ ഇതുവരെ മുപ്പതിനായിരത്തിലേറെ സിമ്മുകളും വിറ്റിട്ടുണ്ട്. കഴിഞ്ഞ മാസം 34000ലേറെ പേർ മൊബൈൽ നമ്പർ പോർട്ടബിലിറ്റി (MNP) സൗകര്യം പ്രയോജനപ്പെടുത്തി തങ്ങളുടെ നിലവിലെ സിം ബിഎസ്എൻഎല്ലിലേക്ക് മാറ്റി. ഈ മാസം ഇതുവരെ എംഎൻപിയിലൂടെ പതിനാലായിരത്തോളം പേർ ബിഎസ്എൻഎല്ലിലേക്ക് എത്തി.

സ്വകാര്യ കമ്പനികൾ ചേർന്ന് നടത്തിയ നിരക്ക് വർധനയുടെ ഫലമായി ഒന്നും ചെയ്യാതെ തന്നെ ബിഎസ്എൻഎല്ലിന് വരിക്കാരെ കിട്ടുന്നു. നിരക്ക് വർധനയ്ക്ക് മുൻപ് വരെ ഇതായിരുന്നില്ല അവസ്ഥ. ഓരോമാസവും ബിഎസ്എൻഎല്ലിൽ നിന്ന് കൊഴിഞ്ഞുപോകുന്ന ആളുകളുടെ കണക്കാണ് മുൻപ് ലഭ്യമായിരുന്നത്. എന്നാലിപ്പോൾ ആ അവസ്ഥയൊക്കെ ഏറെ ഭേദപ്പെട്ടു.
മുമ്പൊക്കെ കേരള സർക്കിളിൽ ബിഎസ്എൻഎല്ലിലേക്ക് ദിവസം പരമാവധി എഴുനൂറു പേർ വരെ മാത്രമായിരുന്നു എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ആ നിലയൊക്കെ മാറി, ദിവസവും മൂവായിരത്തിലധികം പേർ പുതിയതായി ബിഎസ്എൻഎല്ലിലേക്ക് എത്തുന്നുണ്ട് എന്നാണ് പുതിയ കണക്കുകൾ പറയുന്നത്. ബിഎസ്എൻഎല്ലിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു വൻ മുന്നേറ്റമാണ്.
സ്വകാര്യ കമ്പനികൾ നടപ്പാക്കിയ നിരക്ക് വർധന മാത്രമല്ല, ബിഎസ്എൻഎൽ 4ജി, 5ജി സേവനങ്ങൾ സംബന്ധിച്ച് വരുന്ന നല്ല വാർത്തകളും ബിഎസ്എൻഎല്ലിന് ഗുണം ചെയ്യുന്നുണ്ട്. ബിഎസ്എൻഎൽ 4ജി ദിവസവും കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് കൂടാതെ ബിഎസ്എൻഎൽ 5ജി പരീക്ഷണം നല്ലരീതിയിൽ പുരോഗമിക്കുന്നുവെന്ന വാർത്തകളും വരുന്നുണ്ട്. ഇതെല്ലാം ആളുകൾക്ക് ബിഎസ്എൻഎല്ലിൽ പ്രതീക്ഷ വളർത്തുന്നു.

2024 മാർച്ചിൽ രാജ്യത്തെ എല്ലാ ടെലിക്കോം സർക്കിളുകളിലും ബിഎസ്എൻഎൽ 4ജി എത്തുമെന്നാണ് അധികൃതർ ഉറപ്പ് നൽകുന്നത്. അതിന് പിന്നാലെ അതിവേഗം 5ജിയിലേക്ക് മാറാൻ ബിഎസ്എൻഎല്ലിന് കഴിയുമെന്നും അധികൃതർ വിശദീകരിക്കുന്നു. തദ്ദേശീയ ഉപകരണങ്ങളും സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് ബിഎസ്എൻഎൽ 4ജി- 5ജി സേവനങ്ങൾ അവതരിപ്പിക്കുന്നത്. ബിഎസ്എൻഎൽ 5ജി ഉപയോഗിച്ച് കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞയാഴ്ച വീഡിയോകോൾ ചെയ്തത് ഏറെ ചർച്ചയായിരുന്നു.


Click it and Unblock the Notifications








