ബിഎസ്എന്‍എല്‍ 4G സേവനം ജനുവരി മുതല്‍; തുടക്കം കേരളത്തില്‍

Posted By: Lekshmi S

പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ 4G സേവനം ജനുവരിയില്‍ ആരംഭിക്കും. സേവനം ആദ്യമെത്തുന്നത് കേരളത്തിലാണ്. തൊട്ടുപിന്നാലെ ഒഡീഷയിലും 4G സേവനം ലഭ്യമാക്കും.

ബിഎസ്എന്‍എല്‍ 4G സേവനം ജനുവരി മുതല്‍; തുടക്കം കേരളത്തില്‍

നാലാം തലമുറ സേവനം ആരംഭിക്കുന്നതോടെ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട ഡാറ്റാ സ്പീഡ് ആസ്വദിക്കാനാകും. ഇത് ബിഎസ്എന്‍എല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.

'ഞങ്ങളുടെ 4G സേവനം കേരളത്തില്‍ നിന്ന് ആരംഭിക്കും' ബിഎസ്എന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവ പറഞ്ഞു. അടുത്ത ഘട്ടത്തില്‍ സേവനം ഒഡീഷയിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തേ തന്നെ 4G സേവനം ആരംഭിച്ച ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍, ജിയോ തുടങ്ങിയ സ്വകാര്യ കമ്പനികളില്‍ നിന്ന് ബിഎസ്എന്‍എല്‍ കടുത്ത മത്സരമാണ് നേരിടുന്നത്. തങ്ങളുടെ കൈവശമുള്ള 2100 MHz ബാന്‍ഡിലെ 5 MHz സ്‌പെക്ട്രം ഉപയോഗിച്ചാണ് ബിഎസ്എന്‍എല്‍ 4G സേവനം തുടങ്ങുന്നത്.

അധിക സ്‌പെക്ട്രം ലഭിച്ചാല്‍ മാത്രമേ സേവനം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ കഴിയൂ. ഇതിനായി 5 MHz അധിക സ്‌പെക്ട്രം ബിഎസ്എന്‍എല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കഴിഞ്ഞു.

എങ്ങനെ വിന്‍ഡോസ് 10ല്‍ പിസിയുടെ പ്രവര്‍ത്തനം ട്രാക്ക് ചെയ്യാം?

'അധിക സ്‌പെക്ട്രം ലഭിച്ചാലുടന്‍ 4G സേവനം ബംഗലൂരു, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലും ആരംഭിക്കും. ഇതോടെ ബിഎസ്എന്‍എല്ലിന്റെ നെറ്റ്‌വര്‍ക്ക് 2G, 3G, 4G ശേഷിയുള്ളതായി മാറും' ശ്രീവാസ്തവ വ്യക്തമാക്കി.

2018 മാര്‍ച്ച് മാസത്തോടെ ബിഎസ്എന്‍എല്‍ 10000 4G ടവറുകള്‍ ആരംഭിക്കും. മുംബൈ, ഡല്‍ഹി ഒഴികെയുള്ള വിവിധ സര്‍ക്കിളുകളിയലായി 10 കോടി ഉപഭോക്താക്കളാണ് ബിഎസ്എന്‍എല്ലിന് ഉള്ളത്. അധിക സ്‌പെക്ട്രം ലഭിക്കുന്നതോടെ ടവറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും ബിഎസ്എന്‍എല്‍ ആലോചിക്കുന്നുണ്ട്.

പുതിയ ബ്രാന്‍ഡായി 4G സേവനം അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഉദ്ഘാടന വേളയില്‍ ഇതേക്കുറിച്ച് കൂടുതല്‍ വ്യക്തമാക്കുമെന്ന് ശ്രീവാസ്തവ പറഞ്ഞു.

English summary
BSNL to start 4G services in Kerala from January 2018

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot