ക്ലിയറായി കേൾക്കുന്നില്ലേ? കോളുകൾക്ക് HD നിലവാരം ലഭിക്കാൻ ബിഎസ്എൻഎൽ വരിക്കാർ ഇത് ഓൺ ആക്കൂ!
ബിഎസ്എൻഎല്ലിനെപ്പറ്റി ആളുകൾ മുൻപ് പ്രധാനമായും പരാതിപ്പെട്ടുകൊണ്ടിരുന്നത് ഡാറ്റ വേഗത പോര എന്നായിരുന്നു. ഇതോടൊപ്പം തന്നെ കോൾ വിളിച്ചാൽ പോലും മര്യാദയ്ക്ക് ഒന്നും കേൾക്കാൻ കഴിയുന്നില്ല എന്ന പരാതിയും ചിലർ ഉയർത്തിയിരുന്നു. എന്നാലിപ്പോൾ ആ അവസ്ഥയൊക്കെ ഏതാണ്ട് മാറിയിട്ടുണ്ട്. കാരണം, ബിഎസ്എൻഎൽ 4ജി വ്യാപനത്തിൽ കാര്യമായി പുരോഗതി കൈവരിച്ചിരിക്കുന്നു. ലക്ഷ്യമിട്ട ഒരുലക്ഷം 4ജി സൈറ്റുകളിൽ 50000 എണ്ണത്തിൽ ഇതിനകം 4ജി ഇൻസ്റ്റാൾ ചെയ്യാൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞതായും ഇതിൽ 42000 ടവറുകൾ 4ജി സേവനങ്ങൾ നൽകിത്തുടങ്ങിയെന്നും കഴിഞ്ഞ മാസം അവസാനം പുറത്തുവന്ന റിപ്പോർട്ടുകൾ വെളിപ്പെടുത്തിയിരുന്നു.
4ജി വ്യാപനം പുരോഗമിച്ചതോടെ ബിഎസ്എൻഎൽ (BSNL) സേവനങ്ങളുടെ നിലവാരവും ഉയർന്നിട്ടുണ്ട്, പ്രത്യേകിച്ച് കോളുകളുടെയും ഡാറ്റയുടേയും. ബിഎസ്എൻഎല്ലിന്റെ 2G/3G നെറ്റ്‌വർക്കിനെ അപേക്ഷിച്ച് മികച്ച വേഗതയും കുറഞ്ഞ ലേറ്റെൻസിയും ഉള്ള വയർലെസ് ഇൻ്റർനെറ്റ് ആക്‌സസും വോയ്‌സ്-ഓവർ എൽടിഇ (VoLTE) കോളിംഗ് പിന്തുണയും 4ജി വാഗ്ദാനം ചെയ്യുന്നു.

അതിനാൽ 4ജി ലഭ്യമായ പ്രദേശങ്ങളിലെ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ഇപ്പോൾ മികച്ച നിലവാരത്തിൽ കോളിങ്ങും ഡാറ്റ സേവനങ്ങളും ആസ്വദിക്കാൻ സാധിക്കും. 2G അല്ലെങ്കിൽ 3G നെറ്റ്‌വർക്കാണ് എങ്കിൽ, ഒരു കോൾ വരുന്ന സമയത്ത്, ഡാറ്റ ലഭ്യമാകുന്നത് നിലയ്ക്കും. അതേസമയം 4ജി നെറ്റ്വർക്ക് ആണ് എങ്കിൽ കോളിനിടയിലും ഡാറ്റ ലഭ്യമാകും.
പതിവായി വോയ്‌സ് കോളുകൾ ചെയ്യുന്ന ബിഎസ്എൻഎൽ ഉപയോക്താക്കൾ തങ്ങളുടെ പ്രദേശത്ത് നല്ല 4G കവറേജ് ഉണ്ടെങ്കിൽ VoLTE എനേബിൾ ചെയ്യുന്നത് കോൾ നിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും. ചില ഉപയോക്താക്കൾക്ക് VoLTE എനേബിൾ ആയിരിക്കും. എന്നാൽ, ചില കേസുകളിൽ ഇത് നമ്മൾ തന്നെ എനേബിൾ ചെയ്യേണ്ടതുണ്ട്.

നമ്മുടെ പ്രദേശത്ത് ബിഎസ്എൻഎൽ 4ജി ലഭ്യമാണെങ്കിലും VoLTE ഡിസേബിൾ ആണ് എങ്കിൽ ഓട്ടോമാറ്റിക്കായി ലഭ്യമാകുക 3G അല്ലെങ്കിൽ 2G ആയിരിക്കും. നമ്മുടെ ബിഎസ്എൻഎൽ സിമ്മിൽ VoLTE എനേബിൾ ചെയ്യണമെങ്കൽ 53733 എന്ന നമ്പറിലേക്ക് "ACTVOLTE" എന്ന് അയയ്‌ക്കേണ്ടതുണ്ട്. വിജയകരമായി ഈ മെസേജ് അയച്ചുകഴിഞ്ഞാൽ, ഫോണിൽ VoLTE പ്രവർത്തനക്ഷമമാകും.
നമ്മുടെ ഫോണിൽ VoLTE പ്രവർത്തനക്ഷമമാണോയെന്ന് എങ്ങനെ പരിശോധിക്കാം: ഉപയോക്താക്കളുടെ ബിഎസ്എൻഎൽ ഫോൺ നമ്പറിൽ VoLTE ആക്ടിവേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ, ആൻഡ്രോയിഡ് ഫോൺ ആണെങ്കിൽ അതിന്റെ മുകളിൽ വലത് കോണിലുള്ള VoLTE ഐക്കൺ കാണാം. ഐഫോണാണെങ്കിൽ, സെറ്റിങ്സിൽ ക്വിക്ക് സെറ്റിംഗ്സ് പാനലിൻ്റെ മുകളിൽ ഇടത് കോണിൽ ഇത് സ്ഥിരീകരിക്കാനാകും.
VoLTE ആക്ടിവേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ വോയ്‌സ് കോളുകളുടെ സമയത്ത് ക്രോസ്- നെറ്റ്‌വർക്ക് ഓഡിയോ നിലവാരം പോലും വളരെ മെച്ചപ്പെടും, കൂടാതെ ചില സ്മാർട്ട്‌ഫോണുകളിലെ ഉപയോക്താക്കളെ നേറ്റീവ് വീഡിയോ കോളുകൾ ചെയ്യാനും VoLTE അനുവദിക്കുന്നു. അതിനാൽ നിങ്ങളുടെ പ്രദേശത്ത് 4ജി ലഭ്യമായിട്ടും അതിന്റെ പ്രയോജനം ലഭിക്കുന്നില്ല എങ്കിൽ ഈ പറഞ്ഞ നമ്പറിൽ മെസേജ് അയച്ച് VoLTE ആക്ടിവേറ്റ് ചെയ്യുന്നത് നന്നായിരിക്കും.

2025ന്റെ തുടക്കത്തിൽ തന്നെ 4ജി വ്യാപനം പൂർത്തിയാക്കിയ ശേഷം ജൂൺ- ജൂലൈ ആകുമ്പോഴേക്ക് 5ജി സേവനങ്ങൾ ആരംഭിക്കാൻ കഴിയുമെന്നാണ് ബിഎസ്എൻഎൽ പ്രതീക്ഷിക്കുന്നത്. തദ്ദേശീയമായി വികസിപ്പിച്ച 4ജി, 5ജി ടെക്നോളജികൾ ആണ് ബിഎസ്എൻഎൽ ഉപയോഗിക്കുന്നത്. 4ജി വ്യാപനം പൂർത്തിയായാലുടൻ അതിവേഗം 5ജിയിലേക്ക് മാറാൻ കഴിയുന്ന വിധത്തിലാണ് നിലവിൽ ബിഎസ്എൻഎൽ 4ജി വ്യാപനം പുരോഗമിക്കുന്നത്.


Click it and Unblock the Notifications








