ആറിയ കഞ്ഞി പഴങ്കഞ്ഞി! 4ജിയിലേക്ക് ഒരു ചുവട് കൂടി മുന്നോട്ട് വച്ച് ബിഎസ്എൻഎൽ; പക്ഷേ ഇനിയും കടമ്പകളേറെ

ബിഎസ്എൻഎൽ( BSNL) 4ജി എത്രയും വേഗം എത്തണമെന്ന് ആഗ്രഹിക്കുന്നവർ ഏറെയുണ്ട്. നിലവിൽ ബിഎസ്എൻഎൽ ഉപയോഗിക്കുന്ന ആളുകൾ മാത്രമല്ല, മറ്റുള്ള ആളുകൾക്കും ഈ ആഗ്രഹം ഉണ്ട്. ഈ രാജ്യത്തെ പൗരന്മാർ എന്ന നിലയിൽ രാജ്യത്തിന്റെ പൊതു സ്വത്തായ ബിഎസ്എൻഎൽ നന്നായിക്കാണണമെന്ന് ആരും ആഗ്രഹിച്ചുപോകും. എന്നാൽ ആ ആഗ്രഹം നിറവേറാൻ ഇനിയും എത്രനാൾ കാത്തിരിക്കണമെന്നതാണ് വർഷങ്ങളായി ഉയർന്നുകേൾക്കുന്ന ചോദ്യം. 4ജി സേവനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു സുപ്രധാന കടമ്പകൂടി കഴിഞ്ഞ ദിവസം ബിഎസ്എൻഎൽ പിന്നിട്ടിരിക്കുകയാണ്.
ഒരുലക്ഷം സൈറ്റുകളിൽ 4ജി
ഒരുലക്ഷം 4ജി സൈറ്റുകളിൽ ടാറ്റ കൺസൾട്ടൻസി സർവീസിന്റെ(TCS) ഉപകരണങ്ങളുമായി മുന്നോട്ട് പോകാൻ ബിഎസ്എൻഎല്ലിന് ബോർഡിന്റെ അനുമതി ലഭിച്ചു. പ്രാദേശികമായി നിർമിക്കുന്ന വിഭവങ്ങൾ ഉപയോഗിച്ച് 4ജി സേവനങ്ങൾ ആരംഭിക്കാനാണ് സർക്കാർ ബിഎസ്എൻഎല്ലിന് നിർദേശം നൽകിയിരുന്നത്. അതിനനുസരിച്ചുള്ള നീക്കങ്ങൾക്കായി ടിസിഎസുമായി സഹകരിച്ചുകൊണ്ടാണ് ബിഎസ്എൻഎൽ 4ജി വ്യാപന നീക്കങ്ങളുമായി മുന്നോട്ട് പോകുന്നത്. ബോർഡിൽനിന്നുള്ള അനുമതി ലഭിച്ചു എങ്കിലും 4ജി സേവനങ്ങളുടെ ആരംഭത്തിന് ഇനിയും ഏറെ കടമ്പകൾ കടക്കണം എന്നതാണ് നിരാശപ്പെടുത്തുന്നത്.

സർക്കാർ കാര്യം മുറപോലെ
സർക്കാർ കാര്യം മുറപോലെ എന്ന ചൊല്ലുപോലെ തന്നെ ബിഎസ്എൻഎൽ 4ജിയുടെ വൈകലിന് ഒരു കാരണം സർക്കാർ നടപടിക്രമങ്ങളിലെ നൂലാമാലകളാണ്. മറ്റ് ടെലിക്കോം കമ്പനികൾ 5ജി വ്യാപനം ആരംഭിച്ചിട്ട് ഏതാണ്ട് അഞ്ചുമാസം ആയിരിക്കുന്നു. ഇതിനോടകം എയർടെലും ജിയോയും മുന്നൂറിലേറെ നഗരങ്ങളിൽ 5ജി സേവനങ്ങൾ ആരംഭിച്ചു. എന്നാൽ വർഷങ്ങളായി 4ജി ആരംഭിക്കാൻ നടക്കുന്ന ബിഎസ്എൻഎൽ ഇപ്പോഴും തുടങ്ങിയിടത്ത് തന്നെ നിൽക്കുകയാണ്. ഒച്ചിഴയുന്ന വേഗത്തിൽ ആണെങ്കിലും നടപടികൾ മുന്നോട്ട് പോകുന്നുണ്ട് എന്നത് ആശ്വാസകരമാണ്.
ഇനിയും നിരവധി കടമ്പകൾ
4ജിയ്ക്കായി ഇന്ത്യയിലുടനീളമുള്ള ഒരു ലക്ഷം സൈറ്റുകളിൽ ടിസിഎസ് ഉപകരണങ്ങൾ ഉപയോഗിക്കാൻ ബിഎസ്എൻഎൽ ബോർഡ് ഒടുവിൽ അനുമതി നൽകിയെങ്കിലും പർച്ചേസ് ഓർഡർ നൽകുന്നതിന് മുമ്പ് ഇനിയും നിരവധി കടമ്പകൾ പിന്നിടേണ്ടതുണ്ട്. ബിഎസ്എൻഎൽ ഇപ്പോൾ എടുത്തിരിക്കുന്ന തീരുമാനം ടെലികമ്മ്യൂണിക്കേഷൻ വകുപ്പിനെ (DoT) അറിയിക്കുന്നതാണ് അടുത്തഘട്ടം. തുടർന്ന് ഉപകരണങ്ങൾക്കായി ടിസിഎസിന് പർച്ചേസ് ഓർഡർ നൽകാനുള്ള ക്ലിയറൻസ് ലഭിക്കുന്നതിനായി ടെലിക്കോം വകുപ്പ് മന്ത്രിമാരുടെ ഗ്രൂപ്പിനെ (ജിഒഎം) സമീപിക്കും. മാർച്ച് ആദ്യത്തോടെയാകും ഇത്. ഇങ്ങനെ ഓരോ നടപടിക്രമങ്ങൾ പിന്നിട്ടുകൊണ്ട് മാത്രമാണ് ബിഎസ്എൻഎല്ലിന് മുന്നോട്ട് പോകാൻ കഴിയുക.

24,556.37 കോടി രൂപയുടെ കരാർ
ബിഎസ്എൻഎല്ലുമായുള്ള കരാർ പ്രകാരം ഒരു ലക്ഷം സൈറ്റുകൾക്കുള്ള 4ജി ഉപകരണങ്ങൾ ടിസിഎസ് ബിഎസ്എൻഎല്ലിന് നൽകും. ഏതാണ്ട് 24,556.37 കോടി രൂപയുടെ കരാർ ആണ് ഇതിനായി നൽകിയിരിക്കുന്നത്. കരാർ പ്രകാരം അടുത്ത 10 വർഷത്തേക്ക് ബിഎസ്എൻഎല്ലിന്റെ നെറ്റ്‌വർക്കുകൾ മുന്നോട്ട് കൊണ്ടുപോകാൻ ടിസിഎസ് സഹായിക്കും. ബിഎസ്എൻഎല്ലിന് ടിസിഎസ് നൽകുന്ന നെറ്റ്‌വർക്ക് ഉപകരണങ്ങളുടെ ആകെ ചെലവ് 13000 കോടി രൂപയാണ്. ബിഎസ്എൻഎൽ 4ജി വ്യാപനത്തിനായി തേജസ് ഉൾപ്പെടെ മറ്റു കമ്പനികളും ഇവരോടൊത്ത് പ്രവർത്തിക്കുന്നുണ്ട്.
ഒന്നും പ്രവചിക്കാൻ പറ്റാത്ത സാഹചര്യം
കഴിഞ്ഞവർഷം ആരംഭിച്ച നടപടിക്രമങ്ങളാണ് ഇപ്പോഴും പാതിദൂരം മാത്രം പിന്നിട്ടിരിക്കുന്നത്. ഇനിയും കടമ്പകൾ ഏറെയുണ്ട് എന്നത് ബിഎസ്എൻഎല്ലിന്റെ 4ജി സംബന്ധിച്ച് ഒന്നും പ്രവചിക്കാൻ പറ്റാത്ത സാഹചര്യം സൃഷ്ടിക്കുന്നു. ആറിയ കഞ്ഞി പഴങ്കഞ്ഞി എന്നാണ് പറയാറ്, പഴങ്കഞ്ഞി ആരോഗ്യത്തിന് നല്ലതാണ് എന്ന് വാദിക്കുന്നവർ ഉണ്ട്, ശരിയായിരിക്കാം. പക്ഷേ ഇത്രയും വൈകിയ സ്ഥിതിക്ക് പഴങ്കഞ്ഞി പരുവത്തിൽ എങ്കിലും ബിഎസ്എൻഎൽ കിട്ടുമോ എന്നാണ് ആളുകൾ ഉറ്റുനോക്കുന്നത്. ടെലിക്കോം നിരക്കുകൾ കുത്തനെ ഉയർന്നുകൊണ്ടിരിക്കുകയാണ്. കഞ്ഞികുടിക്കണമെങ്കിൽ പാവങ്ങൾക്ക് മൊബൈൽ വേണമെന്ന സ്ഥിതിയാണ്.
സാധാരണക്കാരുടെ പ്രതീക്ഷ
ഇപ്പോഴത്തെ നിരക്കുകൾ നോക്കിയാൽ സാധാരണക്കാർക്ക് ടെലിക്കോം സേവനങ്ങൾ അന്യമായിക്കൊണ്ടിരിക്കുകയാണ്. ഈ നിലയിൽ ഒരു ആശ്രയം ആകേണ്ടതും പൊതുമേഖലാ സ്ഥാപനം എന്ന നിലയിൽ കൊള്ളയ്ക്ക് തടയിട്ട് ജനങ്ങൾക്ക് പ്രതീക്ഷ പകരേണ്ടതും ബിഎസ്എൻഎൽ ആണ്. എന്നാൽ 5ജി വ്യാപിച്ചുകൊണ്ടിരിക്കുന്ന രാജ്യത്ത് 4ജി സേവനങ്ങൾ പോലും നൽകാതെ ബിഎസ്എൻഎല്ലിന് എത്രനാൾ മുന്നോട്ടുപോകാൻ ആകും എന്നതാണ് ഉയരുന്ന മറ്റൊരു ചോദ്യം.


Click it and Unblock the Notifications








