എഴുതിത്തള്ളിയവർക്കുള്ള ചുട്ട മറുപടി നല്ല 'നാടൻ' 5G! 4 ഇന്ത്യൻ കമ്പനികളുമായി കൈകോർത്ത് ബിഎസ്എൻഎൽ 5G ട്രയൽ
ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തുന്ന ടെലിക്കോം കമ്പനിയാകാനുള്ള തയാറെടുപ്പുകൾ കൂടുതൽ ശക്തമാക്കി ബിഎസ്എൻഎൽ (BSNL). തങ്ങളുടെ 5ജി പരീക്ഷണം കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ
നാല് ഇന്ത്യൻ കമ്പനികളുമായി ചേർന്നുകൊണ്ട് പ്രവർത്തിക്കാൻ ബിഎസ്എൻഎൽ തീരുമാനിച്ചു എന്ന് ഇടി, ടെലിക്കോം ടോക്ക് എന്നിവ റിപ്പോർട്ട് ചെയ്യുന്നു. ബിഎസ്എൻഎല്ലുമായുള്ള 5ജി ട്രയൽ സഹകരണം പ്രാദേശിക ടെക് നിർമ്മാതാക്കൾക്കും വിതരണക്കാർക്കും വിപണിയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ അവസരം നൽകും. അതായത് സ്വയം വളരുന്നതോടൊപ്പം രാജ്യത്തെ മറ്റ് കമ്പനികളുടെ വളർച്ചയിൽ താങ്ങാകാനും ഈ സഹകരണത്തിലൂടെ ബിഎസ്എൻഎല്ലിന് സാധിക്കും.
തദ്ദേശീയമായി വികസിപ്പിച്ച 5ജി സാങ്കേതികവിദ്യ ഉപയോഗിച്ച് 5ജി വ്യാപിപ്പിക്കാനാണ് ബിഎസ്എൻഎൽ നീക്കം. ഇതിനായി 5ജി പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഗലോർ നെറ്റ്വർക്ക്സ് (Galore Networks), വിവിഡിഎൻ ടെക്നോളജീസ് (VVDN Technologies), ലേഖ വയർലെസ് (Lekha Wireless), വൈസിഗ് (WiSig) തുടങ്ങിയ കമ്പനികളാണ് BSNL-ൻ്റെ 5G പരീക്ഷനത്തിനായി സഹകരിക്കാൻ രംഗത്തെത്തിയിരിക്കുന്നത്.

ഒരു എക്ണോണമിക് ടൈംസ് റിപ്പോർട്ട് പറയുന്നത്, ലേഖ വയർലെസ് 5G ടെസ്റ്റിംഗിനായി ന്യൂഡൽഹിയിലെ മിൻ്റോ റോഡിൽ ബിഎസ്എൻഎല്ലുമായി ചേർന്ന് പ്രവർത്തിക്കുന്നു എന്നാണ്. എംടിഎൻഎല്ലിന്റെ ചാണക്യപുരി ലൊക്കേഷനിൽ VVDN 5G വിന്യസിച്ചു. ഡൽഹിയിലെ ഷാദിപൂർ, കരോൾ ബാഗ്, രാജേന്ദ്ര നഗർ എന്നിവിടങ്ങളിൽ MTNL-ന് വേണ്ടി ഗലോർ നെറ്റ്‌വർക്കുകൾ 5G വിന്യസിക്കുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.
ഒന്നോ മൂന്നോ മാസത്തിനുള്ളിൽ ആരംഭിക്കാവുന്ന ബിഎസ്എൻഎൽ 5ജി ട്രയലുകൾ ക്യാപ്‌റ്റീവ് നോൺ പബ്ലിക് നെറ്റ്‌വർക്കുകളിലും (സിഎൻപിഎൻ) ശ്രദ്ധ കേന്ദ്രീകരിക്കും. ഡൽഹിയിലെ കൊണാട്ട് പ്ലേസ്, ബെംഗളൂരുവിലെ ഇൻഡോർ സർക്കാർ ഓഫീസുകൾ- കാമ്പസുകൾ, ഡൽഹിയിലെ സഞ്ചാർ ഭവനും ജെഎൻയു കാമ്പസും ചുറ്റുമുള്ള പ്രദേശങ്ങളും, ഐഐടി ഡൽഹി, ചെന്നൈയുടെ ചില ഭാഗങ്ങൾ, ഇന്ത്യ ഹാബിറ്റാറ്റ് സെൻ്ററിന് ചുറ്റും അല്ലെങ്കിൽ ഗുരുഗ്രാമിൻ്റെ ചില ഭാഗങ്ങൾ, ഐഐടി ഹൈദരാബാദ് കാമ്പസ് ഉൾപ്പെടെയുള്ള ഇടങ്ങളിൽ ട്രയൽ നടത്തും.

പ്രാഥമികമായി 700MHz ബാൻഡിലുള്ള സ്പെക്ട്രം ഉപയോഗിച്ചാകും ബിഎസ്എൻഎൽ 5ജി ട്രയൽ നടക്കുകയെന്നാണ് വിവരം. പൊതുജനങ്ങൾക്കും ഉപയോഗിക്കാവുന്ന തത്സമയ 5G ട്രയലുകൾ നടത്താനാണ് ബിഎസ്എൻഎൽ ശ്രമിക്കുന്നത്. സ്പെക്‌ട്രം, ടവറുകൾ, ബാറ്ററി/പവർ സപ്ലൈ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നൽകാൻ ബിഎസ്എൻഎൽ തയ്യാറാണ് എന്ന് വോയ്‌സ് ഓഫ് ഇന്ത്യൻ കമ്മ്യൂണിക്കേഷൻ ടെക്‌നോളജി എൻ്റർപ്രൈസസ് (വോയ്‌സ്) ഡയറക്ടർ ജനറൽ ആർകെ ഭട്‌നാഗർ പ്രസ്താവനയിൽ പറഞ്ഞു.
ടാറ്റ കൺസൾട്ടൻസി സർവീസ് (TCS), തേജസ് നെറ്റ്വർക്ക്, വിഎൻഎൽ, യുണൈറ്റഡ് ടെലിക്കോംസ്, കോറൽ ടെലിക്കോം, എച്ച്എഫ്സിഎൽ എന്നിവയുൾപ്പെടെയുള്ള തദ്ദേശീയ ടെലികോം കമ്പനികളുടെ ഒരു ഗ്രൂപ്പിംഗാണ് VoICE എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്. ടെസ്റ്റുകൾ നടക്കുന്ന നെറ്റ്‌വർക്ക് ആർക്കിടെക്ചർ ഓപ്പൺ RAN (റേഡിയോ ആക്‌സസ് നെറ്റ്‌വർക്ക്) ആണ്, അവിടെ ഇന്ത്യൻ വെണ്ടർമാർ കോർ വിതരണം ചെയ്യുന്നു.
നിലവിൽ 5ജി ട്രയലുകളുമായി ഒരു വശത്തുകൂടെ മുന്നോട്ട് പോകുന്നുണ്ടെങ്കിലും മറുവശത്ത് ബിഎസ്എൻഎൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് 4ജി വ്യാപനത്തിലാണ്. ഒരുലക്ഷം സൈറ്റുകളിൽ 4ജി എത്തിക്കാനാണ് ബിഎസ്എൻഎൽ ലക്ഷ്യമിട്ടിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ ഈ ലക്ഷ്യത്തിന്റെ മുക്കാൽ പങ്കും കൈവരിക്കുകയും അടുത്ത വർഷത്തോടെ 4ജി വ്യാപനം പൂർത്തിയാക്കുകയും ചെയ്യാമെന്നാണ് കണക്കുകൂട്ടൽ.

4ജി വ്യാപനം പൂർത്തിയാകുന്ന മുറയ്ക്ക് അതിവേഗം 5ജി സേവനങ്ങൾ ആരംഭിക്കാനാണ് പദ്ധതി. ബിഎസ്എൻഎല്ലിനെ എഴുതിത്തള്ളിയവർക്കുള്ള ശക്തമായ മറുപടിയായിരിക്കും 5ജി എന്നാണ് വിലയിരുത്തപ്പെടുന്നത്. കാലങ്ങളായി 4ജി പോലും ഇല്ലാതെ മുന്നോട്ട് പോയ ബിഎസ്എൻഎൽ നാശത്തിന്റെ വക്കിലെത്തിയിരുന്നു. അവിടെനിന്നാണ് സ്വകാര്യ കമ്പനികളെപ്പോലും ഞെട്ടിച്ചുകൊണ്ട് ഇപ്പോൾ ബിഎസ്എൻഎൽ തിരിച്ചുവരവിന്റെ പാതയിൽ മുന്നേറുന്നത്.


Click it and Unblock the Notifications








