ഒന്നും പറയാതെ ഒരൊറ്റ പോക്കായിരുന്നു; 2023 ൽ കിട്ടാതായ ജനപ്രിയ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ
ബിഎസ്എൻഎൽ(BSNL) എന്നു കേട്ടാലേ ചിലർക്ക് അലർജിയാണ്. പക്ഷേ ബിഎസ്എൻഎല്ലിനെ ഇഷ്ടപ്പെടുന്ന ആളുകളും ധാരാളമുണ്ട്. കിട്ടുന്ന ബിഎസ്എൻഎൽ സേവനങ്ങളിൽ തൃപ്തിയടഞ്ഞ് അവർ സന്തോഷത്തോടെ മുന്നോട്ട് പോകുകയാണ്. ബിഎസ്എൻഎല്ലിന് എതിരായ വിമർശനങ്ങൾ നാലുകോണിൽനിന്നും വരുന്നുണ്ടെങ്കിങ്കിലും ഈ വിമർശനങ്ങളിൽ ഭൂരിഭാഗവും മൊബൈൽ സേവനങ്ങളുടെ പോരായ്മ മൂലം ഉയരുന്നവയാണ്.

മറ്റ് കമ്പനികൾ 5ജി വരെ എത്തിയിട്ടും 2ജിയുമായി കറങ്ങിക്കൊണ്ടിരിക്കുന്ന ബിഎസ്എൻഎൽ വരിക്കാർ വിമർശിക്കുന്നതിൽ ന്യായമുണ്ട്. എന്നാൽ ഈ വിമർശനങ്ങൾ ബിഎസ്എൻഎൽ എന്ന സ്ഥാപനത്തെ ഒന്നാകെയാണ് ബാധിക്കുന്നത്. ജനങ്ങൾക്ക് ഏറ്റവും മികച്ച ബ്രോഡ്ബാൻഡ് സേവനങ്ങൾ നൽകുന്നതിൽ മുൻപന്തിയിലുള്ള ഒരു സ്ഥാപനമാണ് ബിഎസ്എൻഎൽ. മൊത്തത്തിൽ ഉയരുന്ന വിമർശനങ്ങൾ പക്ഷേ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകളെയും ആളുകളിൽനിന്ന് അകറ്റുന്നതിന് ഒരു കാരണമായി മാറുന്നു.

ബിഎസ്എൻഎല്ലിന്റെ എല്ലാ പോരായ്മകളെയും അംഗീകരിച്ചുകൊണ്ടുതന്നെ ബ്രോഡ്ബാൻഡ് പ്ലാനുകൾ തെരഞ്ഞെടുത്ത നിരവധി പേർ ഉണ്ട്. എന്നാൽ അവരിൽ പലരെയും നിരാശരാക്കിക്കൊണ്ട് ഏതാനും ജനപ്രിയ പ്ലാനുകൾ ഇപ്പോൾ ബിഎസ്എൻഎൽ നിർത്തിയിരിക്കുകയാണ്. നിരക്കുകുറഞ്ഞതും ഏറെ ലാഭകരവുമായ മൂന്ന് ബിഎസ്എൻഎൽ പ്ലാനുകളാണ് 2023 ജനുവരി 1 മുതൽ ലഭ്യമല്ലാതായിരിക്കുന്നത്. 275 രൂപയുടെ രണ്ട് പ്ലാനുകളും 775 രൂപയുടെ പ്ലാനുമാണ് നിർത്തലാക്കിയിരിക്കുന്നത്.

സ്വാതന്ത്ര്യദിന ഓഫറുകളുടെ ഭാഗമായി ബിഎസ്എൻഎൽ അവതരിപ്പിച്ചവയാണ് 275 രൂപയുടെയും 775 രൂപയുടെയും പ്ലാനുകൾ. 2023 ജനുവരി 1 മുതൽ ഉപയോക്താക്കൾക്ക് ഈ പ്ലാനുകൾ ലഭിക്കില്ലെന്ന് ബിഎസ്എൻഎൽ ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്. ഘട്ടംഘട്ടമായി ഈ പ്ലാനുകൾ പിൻവലിക്കുമെന്നു നേരത്തേ തന്നെ സൂചനകൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ മാസം ഈ രണ്ട് പ്ലാനുകൾ നിർത്തുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും തുടർന്നു.

അതോടെ ജനപ്രീതി കണക്കിലെടുത്ത് ഈ പ്ലാനുകൾ ബിഎസ്എൻഎൽ സ്ഥിരപ്പെടുത്തിയേക്കുമെന്ന പ്രതീക്ഷ ഉയർന്നു. ഈ ഘട്ടത്തിൽത്തന്നെയാണ് പ്ലാനുകൾ പിൻവലിച്ച് ബിഎസ്എൻഎൽ രംഗത്തെത്തിയിരിക്കുന്നത്. പിൻവലിച്ച പ്ലാനുകളെക്കാൾ മികച്ച പ്ലാനുകൾ അധികം വൈകാതെ തന്നെ കമ്പനി അവതരിപ്പിച്ചേക്കാം. ദീർഘമായ വാലിഡിറ്റി ആയിരുന്നു ഇപ്പോൾ നിർത്തലാക്കിയ പ്ലാനുകളുടെ പ്രധാന പ്രത്യേകത. ഈ രണ്ട് പ്ലാനുകളും നൽകിയിരുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയായിരുന്നു എന്ന് നോക്കാം.

275 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ
275 രൂപയുടെ 2 ബ്രോഡ്ബാൻഡ് പ്ലാനുകൾ ബിഎസ്എൻഎൽ അവതരിപ്പിച്ചിരുന്നു. രണ്ടു പ്ലാനുകളും 75 ദിവസത്തെ വാലിഡിറ്റിയും, 3.3 ടിബി ഡാറ്റയും കൂടാതെ അൺലിമിറ്റഡ് കോളുകളും നൽകിയിരുന്നു. ഡാറ്റ വേഗതയുടെ കാര്യത്തിലായിരുന്നു ഈ പ്ലാനുകൾ വ്യത്യാസപ്പെട്ടിരുന്നത്. ഒരു പ്ലാൻ 30 എംബിപിഎസ് വേഗം വാഗ്ദാനം ചെയ്തപ്പോൾ മറ്റേ പ്ലാൻ 60 എംബിപിഎസ് ആണ് നൽകിയിരുന്നത്. 2 പ്ലാനുകൾക്കൊപ്പവും ഒടിടി സബ്‌സ്‌ക്രിപ്ഷനുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. വിപണിയിൽ ലഭ്യമായ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്ലാനുകളിൽ ഒന്നായിരുന്നു ഇത്.

775 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ
75 ദിവസത്തെ വാലിഡിറ്റിയാണ് 775 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ വാഗ്ദാനം ചെയ്തിരുന്നത്. 100 എംബിപിഎസ് വേഗത്തിൽ 3300 ടിബി ഡാറ്റയാണ് ഈ പ്ലാനിൽ ഉള്ളടങ്ങിയിരുന്നത്. നിശ്ചിത ഡാറ്റ ഉപയോഗപരിധിക്കു ശേഷം വേഗപരിധി 4 എംബിപിഎസ് ആയി കുറയും. അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകൾക്കൊപ്പം സോണിലിവ്, സീ5, വൂട്ട്, യുപ് ടിവി, ഡിസ്നി+ ഹോട്ട്സ്റ്റാർ, ലയൺസ്ഗേറ്റ്, ഹംഗാമ തുടങ്ങി ഒട്ടനവധി പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനവും ഈ പ്ലാൻ അനുവദിച്ചിരുന്നു.


Click it and Unblock the Notifications








