ഇപ്പ ശര്യാക്കിത്തരാം! ബിഎസ്എൻഎൽ 22,000 പുതിയ 4G ടവറുകൾ കൂടി സ്ഥാപിക്കാൻ പോകുന്നു
പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ (BSNL) ഇന്ത്യയിലുടനീളം 22,000 പുതിയ 4G ടവറുകൾ കൂടി സ്ഥാപിക്കാൻ പോകുന്നു. ET -യ്ക്ക് നൽകിയ അഭിമുഖത്തിൽ ടെലിക്കോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇക്കാര്യം സ്ഥിരീകരിച്ചു. ഇതിനകം ആദ്യഘട്ട 4ജി വ്യാപനത്തിന്റെ ഭാഗമായി ബിഎസ്എൻഎൽ ഒരുലക്ഷത്തോളം 4ജി ടവറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ ഏകദേശം 98,000 4G സൈറ്റുകൾ ബിഎസ്എൻഎൽ കമ്മീഷൻ ചെയ്തിട്ടുണ്ട്, അവ സജീവമായി സേവനങ്ങൾ നൽകിവരുന്നുണ്ട്. നിലവിൽ ഇന്ത്യയിലെമ്പാടുമുള്ള ബിഎസ്എൻഎൽ വരിക്കാരുടെ ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റാൻ ഒരുലക്ഷം ടവറുകൾ മതിയാകില്ല. ഈ സാഹചര്യത്തിലാണ് കൂടുതൽ ടവറുകൾ സ്ഥാപിക്കാനുള്ള നീക്കവുമായി ബിഎസ്എൻഎൽ മുന്നോട്ട് പോകുന്നത്.
പുതിയ 4ജി സൈറ്റുകൾ സ്ഥാപിക്കാനുള്ള നടപടിക്രമങ്ങൾ കഴിഞ്ഞ കുറച്ചുനാളുകളായി ബിഎസ്എൻഎൽ നടത്തിവരികയാണ്. ടവറുകൾ എവിടെയൊക്കെയാണ് സ്ഥാപിക്കേണ്ടത് എന്നകാര്യത്തിൽ സർക്കാർ സ്പെസിഫിക്കേഷനുകൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. അധികം വൈകാതെ പുതിയ 22,000 4ജി ടവറുകൾക്കുള്ള ഓർഡർ ടിസിഎസ് (ടാറ്റ കൺസൾട്ടൻസി സർവീസസ്) നയിക്കുന്ന കൺസോർഷ്യത്തിന് നൽകും.

ടിസിഎസ് നേതൃത്വത്തിലുള്ള കൺസോർഷ്യമാണ് ബിഎസ്എൻഎല്ലിനായി ഒരുലക്ഷം 4ജി ടവറുകൾ സ്ഥാപിച്ചത്. പുതിയ ടവറുകളുടെ നിർമാണവും ടിസിഎസിനെ തന്നെ ഏൽപ്പിക്കും എന്നാണ് റിപ്പോർട്ട്. ടിസിഎസിന് പുറമേ തേജസ് നെറ്റ്‌വർക്ക്സും സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സും (സി-ഡിഒടി) ഉൾപ്പെടുന്നതാണ് ഈ കൺസോർഷ്യം. തദ്ദേശീയമായി വികസിപ്പിച്ച 4ജി ടെക്നോളജി ഉപയോഗിച്ചാണ് ബിഎസ്എൻഎൽ 4ജി അവതരിപ്പിച്ചിട്ടുള്ളത്.
"ഞങ്ങൾക്ക് 1 ലക്ഷം 4G സൈറ്റുകൾ ഇപ്പോൾ സജീവമാണ്. പുതിയ 22,000-സൈറ്റ് ഓർഡറിനായുള്ള അന്തിമ സ്പെസിഫിക്കേഷനുകൾ ഞങ്ങൾ ഇപ്പോൾ പ്രോസസ്സ് ചെയ്യുകയാണ്. എന്നാൽ അതിനപ്പുറം പോകേണ്ടതുണ്ടെന്നും ഞങ്ങൾ കരുതുന്നു, അതിനായി ഞങ്ങൾക്ക് ഫണ്ട് ഫ്ലോ ആവശ്യമാണ്, അതിനായി ഞാൻ ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി." എന്ന് ജ്യോതിരാദിത്യ സിന്ധ്യ ETക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ഒരുലക്ഷത്തോളം 4ജി ടവറുകൾ പുതിയതായി വന്നതിന്റെ ഉണർവ് പല ടെലിക്കോം സർക്കിളുകളിലും ബിഎസ്എൻഎല്ലിന് ഉണ്ടായിട്ടുണ്ട്. കൂടുതൽ പുതിയ വരിക്കാർ ഇപ്പോൾ ബിഎസ്എൻഎല്ലിലേക്ക് എത്തുന്നുണ്ട്. നേരത്തെ എല്ലാ മാസവും വരിക്കാർ കൊഴിഞ്ഞുപോകുന്ന നിലയാണ് ഉണ്ടായിരുന്നത്, എന്നാൽ കഴിഞ്ഞ നാലഞ്ച് മാസമായി പുതിയ വരിക്കാരെ നേടുന്നതിൽ ബിഎസ്എൻഎൽ ജിയോയ്ക്കും എയർടെലിനും ഒപ്പം മികവ് പ്രകടിപ്പിക്കുന്നുണ്ട്.
ബിഎസ്എൻഎല്ലിന്റെ ഇപ്പോഴത്തെ ചെറിയ ഉണർവിൽ 4ജി വ്യാപനത്തിന് വലിയ പങ്കുണ്ട്. പലയിടങ്ങളിലും 4ജി എത്തിയതോടുകൂടി ഡാറ്റ സേവനങ്ങൾ മുൻപത്തെക്കാൾ മികച്ചതായി. കൂടുതൽ ടവറുകൾ എത്തുന്നതോടെ കൂടുതൽ വരിക്കാർക്ക് മെച്ചപ്പെട്ട കവറേജും ഡാറ്റ വേഗതയും ലഭിക്കും. അതേസമയം ബിഎസ്എൻഎൽ 5ജി വ്യാപനം പ്രതീക്ഷിച്ചതിലും വൈകുകയാണ്.
മുംബൈയിലും ഡൽഹിയിലും 2025 ഡിസംബറോടെ 5ജി സേവനങ്ങൾ ആരംഭിക്കും എന്നാണ് ബിഎസ്എൻഎല്ലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ പിന്നീടത് 2026 ജനുവരിയിൽ ആരംഭിക്കുമെന്നായി. എന്നാൽ ജനുവരി അവസാനിക്കാറായിട്ടും 5ജി അവതരിപ്പിക്കുന്നത് സംബന്ധിച്ച ഔദ്യോഗിക അപ്ഡേറ്റുകളൊന്നും വന്നിട്ടില്ല. ബിഎസ്എൻഎൽ 5ജി വ്യാപനം ഇനിയും നീളും എന്നാണ് കരുതപ്പെടുന്നത്.

നിലവിൽ ഇന്ത്യയിൽ ബിഎസ്എൻഎല്ലിന് മാത്രമാണ് മൊബൈൽ ഉപയോക്താക്കൾക്കായുള്ള 5ജി സേവനങ്ങൾ ഇല്ലാത്തത്. ജിയോയും എയർടെലും ഇതിനകം രാജ്യവ്യാപകമായി 5ജി സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. വിഐ വളരെ വൈകിയാണ് 5ജി വ്യാപനം ആരംഭിച്ചത്. എങ്കിലും പ്രധാന നഗരങ്ങളിൽ വിഐ 5ജി ലഭ്യമാക്കി വരുന്നുണ്ട്. കേരളത്തിൽ ഇതുവരെ 18 നഗരങ്ങളിൽ വിഐ 5ജി എത്തിയിട്ടുണ്ട്.


Click it and Unblock the Notifications








