ചിലപ്പോൾ തലവര മാറും! 3-4 ലക്ഷം പുതിയ 4G ടവറുകൾ സ്ഥാപിക്കാൻ BSNL; ടെൻഡർ വിളിക്കാൻ ആലോചന
പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ (BSNL) തങ്ങളുടെ 4ജി ടവറുകളുടെ എണ്ണം കൂട്ടാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. നിലവിൽ 4ജി ടവറുകളുടെയും സേവനങ്ങളുടെയും കാര്യത്തിൽ മറ്റ് ടെലിക്കോം കമ്പനികളെക്കാൾ ഏറെ പിന്നിലാണ് ബിഎസ്എൻഎൽ. രാജ്യവ്യാപകമായി 4ജി ടവറുകൾ സ്ഥാപിക്കാനുള്ള ശ്രമം ബിഎസ്എൻഎൽ ആരംഭിക്കുന്നതു തന്നെ 2023ൽ മാത്രമാണ്. തുടർന്ന് ഒരുലക്ഷം 4ജി ടവറുകൾ സ്ഥാപിക്കാൻ ടിസിഎസ് നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് കരാർ നൽകുകയും ചെയ്തു. എന്നാൽ ഈ കരാർ പ്രകാരമുള്ള ഒരുലക്ഷം 4ജി ടവറുകൾ ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് നിരാശപ്പെടുത്തുന്നതാണ്.
ആദ്യഘട്ട ടവറുകളുടെ പണി 'അവസാന ഘട്ടത്തിൽ'
ആദ്യഘട്ടമായി ഒരുലക്ഷം 4ജി ടവറുകൾ സ്ഥാപിക്കാൻ ആണ് പദ്ധതിയിട്ടത്. ഇത് പൂർത്തിയാക്കുന്നതിന്റെ അവസാന ഘട്ടങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അതായത് 2025 ജൂലൈ 31 വരെ ബിഎസ്എൻഎൽ ആകെ 96,300 4ജി സൈറ്റുകൾ സ്ഥാപിച്ചു എന്നാണ് ഒടുവിൽ പുറത്തുവന്ന വിവരങ്ങൾ പറയുന്നത്. അധികം വൈകാതെ തന്നെ ലക്ഷ്യമിട്ട ഒരുലക്ഷം 4ജി ടവറുകൾ പൂർത്തിയായി എന്ന പ്രഖ്യാപനം എത്തും.

ഒരുലക്ഷം ടവറുകൾ കഴിഞ്ഞാൽ അടുത്തത് എന്ത്?
ഒരുലക്ഷം 4ജി ടവറുകൾ പൂർത്തിയാക്കിയാലും ഇന്ത്യയിലെമ്പാടുമുള്ള വരിക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ അത് മതിയാകില്ല. ഈ സാഹചര്യത്തിൽ ആണ് 4ജി വ്യാപനത്തിന്റെ അടുത്ത ഘട്ടമായി കൂടുതൽ 4ജി ടവറുകൾ സ്ഥാപിക്കാൻ ബിഎസ്എൻഎൽ ആലോചനകളുമായി മുന്നോട്ട് പോകുന്നത്. അടുത്ത ഘട്ടമായി വീണ്ടും ഒരുലക്ഷം ടവറുകൾ കൂടി വിന്യസിക്കാൻ ആണ് ബിഎസ്എൻഎൽ ആലോചിച്ചിരുന്നത്.
വീണ്ടുമൊരു ഒരുലക്ഷം പോര!
രണ്ടാം ഘട്ടത്തിലും ഒരുലക്ഷം 4ജി ടവറുകൾ സ്ഥാപിക്കാനാണ് ബിഎസ്എൻഎല്ലും ടെലിക്കോം വകുപ്പും ആലോചിച്ചത് എന്നാണ് മുൻ റിപ്പോർട്ടുകൾ വന്നിരുന്നത്. എന്നാൽ ഇപ്പോൾ വന്നിരിക്കുന്ന വാർത്തകൾ മുൻപ് കേട്ടതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. അതായത് പുതിയതായി 3-4 ലക്ഷം 4ജി ടവറുകൾ കൂടി സ്ഥാപിക്കാനാണ് ഇപ്പോൾ ബിഎസ്എൻഎൽ ആലോചിക്കുന്നത്.

പുതിയ നീക്കം
3-4 ലക്ഷം 4ജി സൈറ്റുകൾക്കായി പുതിയ ടെൻഡർ വിളിക്കാൻ ബിഎസ്എൻഎൽ പദ്ധതിയിടുന്നതായി ടെലിക്കോം ടോക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നു. സ്വകാര്യ ടെലിക്കോം കമ്പനികളുമായി മത്സരിക്കണമെങ്കിൽ കൂടുതൽ 4ജി ടവറുകൾ ആവശ്യമാണ്. അതിനാൽ മൂന്ന് മുതൽ നാല് ലക്ഷം വരെ പുതിയ 4ജി സൈറ്റുകൾ സജ്ജമാക്കാൻ ബിഎസ്എൻഎൽ പ്ലാൻ ചെയ്യുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു.
നാടൻ 4ജി
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും ഈ പുതിയ ടവറുകളും പ്രവർത്തിക്കുക. കഴിഞ്ഞ ദിവസം പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ ബിഎസ്എൻഎല്ലിന്റെ ടവറുകളിൽ ഉപയോഗിച്ചിരിക്കുന്ന തദ്ദേശീയ 4ജി സാങ്കേതികവിദ്യ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു എന്ന് കേന്ദ്ര സഹമന്ത്രി പെമ്മസാനി ചന്ദ്രശേഖർ വ്യക്തമാക്കിയിരുന്നു.
റീച്ചാർജ് പ്ലാനുകളുടെ വില ഉയരില്ല
വരിക്കാർക്ക് പരമാവധി പിന്തുണ നൽകി അവരെ കൂടെ നിർത്താനാണ് ബിഎസ്എൻഎൽ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി എൻട്രി ലെവൽ താരിഫുകൾ താഴ്ന്ന നിലയിൽ നിലനിർത്താൻ ബിഎസ്എൻഎൽ ആഗ്രഹിക്കുന്നതായി ചന്ദ്രശേഖർ പെമ്മസാനി വെളിപ്പെടുത്തിയതായി മണി കൺട്രോളിൽ വന്ന റിപ്പോർട്ട് പറയുന്നു. ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയുടെ നിരക്കുകൾ താങ്ങാൻ കഴിയാത്ത ഉപയോക്താക്കളെ വലയിലാക്കാൻ ഈ തന്ത്രം ബിഎസ്എൻഎല്ലിനെ സഹായിക്കും.

നിലവിൽ സ്വകാര്യ കമ്പനികൾ വരുമാനം വർധിപ്പിക്കാൻ പ്ലാനുകളിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. ആളുകൾ കൂടുതലായി ഉപയോഗിക്കുന്ന പ്ലാനുകളിൽ ചിലത് പിൻവലിക്കുകയും അതിനെക്കാൾ ഉയർന്ന വിലയിലുള്ള പ്ലാനുകൾ തെരഞ്ഞെടുക്കാൻ വരിക്കാരെ നിർബന്ധിതരാക്കുകയും ചെയ്യുന്ന തരത്തിലുള്ള തന്ത്രമാണ് പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ കുറഞ്ഞ നിരക്കിലുള്ള റീച്ചാർജ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നതിലൂടെ സ്വകാര്യ കമ്പനികളുടെ അസംതൃപ്തരായ വരിക്കാരെ ആകർഷിക്കാൻ കഴിയുമെന്ന് ബിഎസ്എൻഎൽ വിശ്വസിക്കുന്നു.


Click it and Unblock the Notifications







