എന്തൊക്കെയാ ഈ കൊച്ച് ബിഎസ്എൻഎല്ലിൽ നടക്കുന്നത്! സൂപ്പർഫാസ്റ്റ് കണക്റ്റിവിറ്റി ആസ്വദിക്കാൻ റെഡിയായിക്കോ
ഇന്ത്യയിലെ മൊബൈൽ ഉപയോക്താക്കൾക്ക് പ്രതീക്ഷ പകരുന്ന നടപടികളുമായി സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ രംഗത്ത്. ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ ഏറ്റവും കുറഞ്ഞ ചെലവിൽ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നത് ബിഎസ്എൻഎൽ ആണ്. അതിനാൽത്തന്നെ സാധാരണക്കാരടക്കം നിരവധി പേർ ബിഎസ്എൻഎൽ വരിക്കാരായി തുടരുന്നു. എങ്കിലും ഇന്ത്യയിലെ ബഹുഭൂരിപക്ഷം മൊബൈൽ ടെലിക്കോം ഉപയോക്താക്കളും ഇപ്പോഴും ആശ്രയിക്കുന്നത് സ്വകാര്യ ടെലിക്കോം കമ്പനികളായ ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ (വിഐ) എന്നിവയെ ആണ്. അതിന് കാരണം 4ജി സേവനങ്ങൾ കാര്യമായി അവതരിപ്പിക്കാൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞിട്ടില്ല എന്നതായിരുന്നു.
എന്നാൽ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന ഒരു വീഡിയോയിലൂടെ സൂപ്പർഫാസ്റ്റ് കണക്റ്റിവിറ്റി ആസ്വദിക്കാൻ തയാറെടുക്കാൻ ബിഎസ്എൻഎൽ ഇന്ത്യയിലെ ഉപയോക്താക്കളോട് ആവശ്യപ്പെടുന്നു. ബിഎസ്എൻഎൽ നെറ്റ്വർക്ക് ഉപയോഗിച്ച് വീഡിയോ കോൾ നടത്തുന്ന ഒരാളെയും വീഡിയോയിൽ കാണാം. ബിഎസ്എൻഎല്ലിന്റെ ദേശീയ ട്വിറ്റർ അക്കൗണ്ടിലും കേരളം അടക്കമുള്ള വിവിധ ടെലിക്കോം സർക്കിളുകളുടെ ട്വിറ്റർ അക്കൗണ്ടുകളിലും ഈ വീഡിയോ കാണാം.

ഇഴഞ്ഞിഴഞ്ഞും വട്ടം കറങ്ങിയുമൊക്കെ നിന്നിരുന്ന കാലത്തിൽ നിന്ന് സൂപ്പർഫാസ്റ്റ് കണക്ടിവിറ്റിയോടെ കുതിക്കാൻ ബിഎസ്എൻഎൽ നെറ്റ്വർക്ക് സേവനങ്ങൾ തയാറെടുക്കുന്നു. അധികം വൈകാതെ തങ്ങൾ 4ജി വ്യാപനം പൂർത്തിയാകുമെന്നും വരിക്കാർ മറ്റ് കമ്പനികളെ തേടി പോകേണ്ടതില്ല എന്നും ഈ വീഡിയോയിലൂടെ ബിഎസ്എൻഎൽ പറയാതെ പറയുന്നു.
രാജ്യത്തെ എല്ലാ ടെലിക്കോം സർക്കിളുകളിലുമായി ഒരു ലക്ഷം സൈറ്റുകളിൽ 4ജി അവതരിപ്പിക്കാൻ ബിഎസ്എൻഎൽ തയാറെടുത്തുകൊണ്ടിരിക്കുകയാണ്. ഇതിനകം 25000ൽ അധികം ടവറുകളിൽ തദ്ദേശീയമായി വികസിപ്പിച്ച 4ജി ടെക്നോളജി അവതരിപ്പിക്കാൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞു. അതിന്റെ ഉണർവ് ബിഎസ്എൻഎല്ലിൽ കാണാനുമുണ്ട്. കാരണം പുതിയതായി ആളുകൾ ബിഎസ്എൻഎല്ലിലേക്ക് എത്താൻ ഇപ്പോൾ നടക്കുന്ന 4ജി വ്യാപനവും വലിയ പങ്ക് വഹിക്കുന്നുണ്ട്.

സ്വകാര്യ ടെലിക്കോം കമ്പനികൾ അടുത്തിടെ നിരക്ക് വർധന നടപ്പാക്കിയതു മുതൽ ബിഎസ്എൻഎല്ലിലേക്ക് ആളുകൾ എത്തുന്നുണ്ട്. സ്വകാര്യ കമ്പനികളുടെ നിരക്കുകൾ താങ്ങാൻ കഴിയാത്തവരാണ് നിരക്ക് വർധനയിൽ പ്രതിഷേധിച്ച് ബിഎസ്എൻഎല്ലിലേക്ക് എത്തിയത്. എന്നാൽ ബിഎസ്എൻഎല്ലിലേക്ക് മാറണമെന്ന് ആഗ്രഹമുണ്ടെങ്കിലും നെറ്റ്വർക്ക് വേഗത കുറവാണ് എന്ന ആശങ്കയാൽ എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുന്ന ചില ആളുകളുണ്ട്.
അത്തരം ആളുകളുടെ ആശങ്കകൾ പരിഹരിക്കാനും അവരെ ബിഎസ്എൻഎല്ലിലേക്ക് ആകർഷിക്കാനും വീഡിയോയിലൂടെ ബിഎസ്എൻഎൽ ലക്ഷ്യമിടുന്നു. പോകണോ വേണ്ടയോ എന്ന് ആടി നിൽക്കുന്നവരെ ബിഎസ്എൻഎല്ലിലേക്ക് എത്തിക്കാൻ 4ജി വളരെ വലിയ പങ്ക് വഹിക്കും. ഇപ്പോൾ മൊത്തത്തിൽ ഇന്ത്യയിലാകെ ബിഎസ്എൻഎല്ലിന് അനുകൂലമായ അന്തരീക്ഷമാണ് ഉള്ളത്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ആന്ധ്രയിൽ ലക്ഷക്കണക്കിന് പേർ ബിഎസ്എൻഎൽ വരിക്കാരായി.
ഇപ്പോൾ രാജസ്ഥാനിലെ കണക്കുകളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏതാണ്ട് ആറുലക്ഷത്തിലധികം വരിക്കാർ പോർട്ട് ചെയ്തോ, പുതിയ കണക്ഷനിലൂടെയോ ബിഎസ്എൻഎൽ വരിക്കാരായി എന്ന് രാജസ്ഥാൻ ബിഎസ്എൻഎൽ സർക്കിൾ ട്വീറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. കേരളത്തിലടക്കം ഇത്തരത്തിൽ ആളുകൾ ബിഎസ്എൻഎല്ലിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. അധികം വൈകാതെ മുംബൈയിലും ഡൽഹിയിലും ബിഎസ്എൻഎൽ 4ജി സമ്പൂർണ്ണ ആധിപത്യം സ്ഥാപിക്കും.

ഭൂമിശാസ്ത്രപരമായി നോക്കിയാൽ മുംബൈയും ഡൽഹിയും ബിഎസ്എൻഎല്ലിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്ല വരുന്നത്. അവിടെ മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ് (MTNL) ആണ് സർക്കാർ തലത്തിൽ ടെലിക്കോം സേവനങ്ങൾ നൽകുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി കടുത്ത പ്രതിസന്ധി നേരിടുന്ന എംടിഎൻഎല്ലിനായി 4ജി വ്യാപനം അടക്കം സകല പ്രവർത്തനങ്ങളും ഇപ്പോൾ കൈകാര്യം ചെയ്യുന്നത് ബിഎസ്എൻഎൽ ആണ്.
ഭാവിയിൽ പ്രവർത്തനങ്ങൾ മാത്രമല്ല, എംടിഎൻഎല്ലിന്റെ എല്ലാ ബിസിനസുകളും ബിഎസ്എൻഎൽ ഏറ്റെടുക്കും. ഇരു സ്ഥാപനങ്ങളും തമ്മിൽ ലയിപ്പിക്കാൻ ചില നീക്കങ്ങൾ നടന്നിരുന്നു എങ്കിലും ഇപ്പോൾ പ്രത്യക്ഷത്തിൽ അത്തരം നീക്കങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. എങ്കിലും കാര്യങ്ങൾ നടത്തുന്നത് ബിഎസ്എൻഎൽ തന്നെ, എംടിഎൻഎൽ ഒരു ബ്രാൻഡ് എന്ന നിലയിൽ ഫ്രണ്ടിലുണ്ട് എന്നുമാത്രം.
4ജി വ്യാപനത്തിനായുള്ള സർക്കാർ സഹായം എത്തുന്നതും ബിഎസ്എൻഎല്ലിലേക്ക് ആണ്. അടുത്തിടെയും 4ജി ഉപകരണങ്ങൾ വാങ്ങുന്നതിനായി സർക്കാർ 6000 കോടി ബിഎസ്എൻഎല്ലിന് അനുവദിച്ചിരുന്നു. അതിനാൽ അധികം വൈകാതെ രാജ്യ തലസ്ഥാനത്തും വാണിജ്യ തലസ്ഥാനത്തും മറ്റ് ടെലിക്കോം സർക്കികളുകളിലും ബിഎസ്എൻഎൽ 4ജി എത്തും. അതിന് പിന്നലെ 2025ൽ 5ജി അവതരിപ്പിക്കുമെന്നും ബിഎസ്എൻഎൽ അറിയിച്ചിട്ടുണ്ട്. തദ്ദേശീയ 5ജി ഇതിനകം സജ്ജമാണ്. അതിന്റെ പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. 5ജി സിമ്മുകളുടെ വിതരണവും ബിഎസ്എൻഎൽ ആരംഭിച്ചുകഴിഞ്ഞു.


Click it and Unblock the Notifications








